Pope Francis on his way to visit Panama - condoled the death of a journalist Pope Francis on his way to visit Panama - condoled the death of a journalist 

റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ച

പേപ്പല്‍ യാത്രകളില്‍ സദാ സന്നിഹിതനായിരുന്ന ടാസിന്‍റെ (Tass) റിപ്പോട്ടര്‍, അലക്സേ ബക്കലോവിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാധ്യമപ്രവര്‍ത്തകര്‍ക്കു നന്ദി!
പനാമയിലേയ്ക്കുള്ള യാത്രയുടെ ആരംഭത്തില്‍ വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താ ഏജെന്‍സികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പാപ്പാ ആദ്യം നന്ദിപറഞ്ഞു. അപ്പസ്തോലിക യാത്രകള്‍ക്കു നല്കുന്ന പിന്‍തുണ അമൂല്യമാണെന്നും, ഇത്തവണയും കാണുന്ന അവരുടെ നിരവധിയായ സാന്നിദ്ധ്യത്തിന് പാപ്പാ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.

മാധ്യമപ്രവര്‍ത്തകന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു
റഷ്യന്‍ വാര്‍ത്താ ഏജന്‍സി, ടാസിന്‍റെ (Tass) അന്തരിച്ച റിപ്പോട്ടര്‍, അലക്സേ ബക്കലോവിനെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു. പലവട്ടം തന്‍റെ വിദേശയാത്രകളില്‍ പങ്കെടുത്തിട്ടുള്ള അലക്സേ ബക്കലോവ് 2018 ഡിസംബര്‍ 28-ന്  78-Ɔമത്തെ വയസ്സില്‍ അന്തരിച്ച കാര്യം എടുത്തു പറഞ്ഞിട്ട്, അനുഷ്ഠിച്ച ഏതാനും നിമിഷത്തെ നിശബ്ദതയ്ക്കു പിറകെ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ,” എന്ന പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ബക്കലോവിന്‍റെ ആത്മശാന്തിക്കായി ഉരുവിട്ടു. ദൈവികതയില്‍ ഊന്നിയ മനുഷ്യത്വം ഉള്‍ക്കൊണ്ട അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ബക്കലോവെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

ജപ്പാനിലേയ്ക്കുള്ള പ്രേഷിതയാത്രയെക്കുറിച്ച്
ജപ്പാനിലേയ്ക്കുള്ള അപ്പസ്തോലികയാത്ര 2019 നവംബറില്‍ നടക്കുമെന്ന്, അന്നാട്ടുകാരനായ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി പാപ്പാ പ്രസ്താവിച്ചു.

അഭയാര്‍ത്ഥികളെക്കുറിച്ചു ആശങ്ക
പാപ്പാ ഫ്രാന്‍സിസിന്‍റെ “റിപ്പോര്‍ട്ടു കാര്‍ഡ്” ദേഹത്ത് അണിഞ്ഞുകൊണ്ട്, അഭയം തേടിയുള്ള കടല്‍ യാത്രയില്‍ മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ച യുവാവിന്‍റെ കാര്യം പ്രതിപാദിച്ച മാധ്യമപ്രവര്‍ത്തകനോട്, മറുപടി പറയാന്‍ ശ്രമിച്ച പാപ്പാ വികാരനിര്‍ഭരാനായി വാക്കുകള്‍ക്കായി വിതുമ്പിയെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍ അന്ത്രയാ തൊര്‍ണിയേല്ലി സാക്ഷ്യപ്പെടുത്തി.

ട്രംപിന്‍റെ വന്‍മതില്‍
അമേരിക്കല്‍ പ്രസിഡന്‍റ്, ട്രംപ് കുടിയേറ്റം തടയാന്‍ മെക്സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന വന്‍മതിലിനെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശമുണ്ടായി. അപരനെക്കുറിച്ചും അയല്‍ക്കാരനെക്കുറിച്ചും മനസ്സില്‍ ഉയരുന്ന ഭീതിയാണ് മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്നതെന്നു മാത്രം പ്രതികരിച്ച പാപ്പാ, “ഭീതിയുടെ ഭിത്തികള്‍...” എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍റെ ദിനപത്രം “ഒസര്‍വത്തോരെ റൊമാനോയില്‍” (L’Osservatore Romano) കണ്ട ലേഖനത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം ഉപസംഹരിക്കുകയും, പനാമയിലേയ്ക്കുള്ള നീണ്ടയാത്രയ്ക്ക് ഒരുക്കമായി വിശ്രമസങ്കേതത്തിലേയ്ക്ക് പിന്മാറുകയും ചെയ്തുവെന്ന് അറിയിച്ചുകൊണ്ടാണ് വിമാനത്തില്‍നിന്നുമുള്ള തന്‍റെ പ്രസ്താവന തൊര്‍ണിയേലി ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2019, 21:05