2019.01.13 Angelus 2019.01.13 Angelus 

ജ്ഞാനസ്നാനത്തിയതി മറക്കാതിരിക്കാം

കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശം

സി. റൂബിനി  സി.റ്റി.സി

ജനുവരി 13ᴐo തിയതി, ഞായറാഴ്ച്ചാ റോമിലും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലും നല്ല തണുപ്പായിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍  പങ്കെടുക്കാന്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ അവര്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി.  കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. പുഞ്ചിരിതൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ,

ആരാധനാക്രമമനുസരിച്ച് ക്രിസ്തുമസ് കാലത്തിന്‍റെ സമാപ്തിയിൽ എത്തിയിരിക്കുന്ന നാം ഇന്നു യേശുനാഥന്‍റെ ജ്ഞാനസ്നാനത്തിരുന്നാൾ ആഘോഷിക്കുന്നു.നാം ജന്മദിനം ആഘോഷിച്ച യേശുവിനെ കൂടുതൽ അടുത്തറിയുവാൻ ഇന്നത്തെ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നു. വിശുദ്ധ ലൂക്കാ സുവിശേഷം മൂന്നാം അദ്ധ്യായം 15-16, 21-22 വരെയുള്ള വചനങ്ങളിൽ ദൈവജനത്തോടുള്ള യേശുവിന്‍റെ ബന്ധത്തെയും, യേശുവും പിതാവും തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കപ്പെടുന്ന രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളെ കാണുവാൻ കഴിയും.

 യേശു ജനങ്ങള്‍ക്കൊപ്പം

ഒന്നാമത്തെ ഘടകം സ്നാപക യോഹന്നാൻ ജോർദ്ദാൻ നദിയിൽ വച്ച് യേശുവിന് ജ്ഞാനസ്നാനം നൽകുന്നതാണ്. ഇവിടെ ജനങ്ങളുടെ കര്‍ത്തവ്യമെന്താണെന്ന് ആദ്യം നമുക്കു നോക്കാം. യേശു നിൽക്കുന്നത് ജനമദ്ധ്യത്തിലാണ്. ഇത് ജ്ഞാനസ്നാനം സ്വികരിക്കുന്ന ദൃശ്യത്തിന്‍റെ പിന്നണി രംഗമല്ല. മറിച്ച് ഈ സംഭവത്തിന്‍റെ പ്രധാനപ്പെട്ട ഘടകമാണ് ജലത്തിന്‍റയുളളില്‍ തന്നെത്തന്നെ നിമഗ്നമാക്കുന്നതിനു മുമ്പ് അവിടുന്നു ജനങ്ങളിൽ തന്നെ നിമഗ്നമാക്കിയിരുന്നു. പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ജനത്തോടൊപ്പം ചേർന്നു നിന്നു കൊണ്ടു മനുഷ്യന്‍റെ അവസ്ഥയിലേക്ക് താണിറങ്ങി തന്നെ പങ്കുവച്ചു നല്‍കുകയും മനുഷ്യനുമായി പൂർണ്ണമായി താതാത്മ്യപ്പെടുകയും  ചെയ്തു.

ദൈവീക പരിശുദ്ധിയിൽ കൃപയുടെയും, കാരുണ്യത്തിന്‍റെയും നിറവില്‍ നിന്ന ദൈവപുത്രൻ  ലോകത്തിന്‍റെ പാവങ്ങളെ നീക്കുന്നതിന്നും നമ്മുടെ ദുരന്തങ്ങളെ നിർമ്മൂലമാക്കുന്നതിനും മനുഷ്യനായി അവതരിച്ചു.ഈ ദിനത്തെയും നമുക്ക് യേശു നാഥന്‍റെ പ്രത്യക്ഷികരണതിരുന്നാളായി കാണാന്‍ കഴിയും. കാരണം സ്നാപക യോഹന്നാന്നില്‍ നിന്നു സ്‌നാനമേൽക്കാൻ ചെല്ലുകയും പശ്ചാത്തപിക്കുന്ന  ജനത്തിന്‍റെ ഇടയിൽ നിൽക്കുകയും ചെയ്യുന്ന യേശു തന്‍റെ ദൗത്യത്തിന്‍റെ അര്‍ത്ഥവും യുക്തിയും ആവിഷ്കാരം ചെയ്യുന്നുണ്ട്.

മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിക്കാൻ യോഹന്നാനോടു ജനം ചോദിക്കുമ്പോൾ യേശുവും തന്‍റെ ആന്തരീക നവികരണത്തിനായുള്ള  ആഗ്രഹത്തെ പങ്കുവയ്ക്കുന്നു. അപ്പോള്‍ പ്രാവിന്‍റെ രൂപത്തിൽ പരിശുദ്ധാത്മാവ് ഇറങ്ങി വരുന്നു. ഇതു ഒരു അടയാളമാണ്. ഈശോ ആരംഭിക്കുന്ന പുതിയ ലോകത്തിന്‍റെയും പുതുസൃഷ്ടിയുടെയും അടയാളം. ഈ അടയാളത്തിൽ ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുന്ന എല്ലാവരും ഉൾചേർക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനത്തിൽ ക്രിസ്തുവിൽ ആരൊക്കെ വീണ്ടും ജനിപിക്കപ്പെട്ടിരിക്കുന്നുവോ അവർ ഓരോർത്തരോടും "ഇവൻ എന്‍റെ പ്രീയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. എന്ന പിതാവായ ദൈവത്തിന്‍റെ വാക്കുകൾ ആഹ്വാനം ചെയ്യപ്പെടുന്നു.

പ്രാര്‍ത്ഥനയില്‍ നിമഗ്നനായ യേശു

നമ്മുടെ ജ്ഞാനസ്നാന ദിവസത്തില്‍ നാം സ്വീകരിച്ച പിതാവായ ദൈവത്തിന്‍റെ സ്നേഹം എന്നത് നമ്മുടെ ഹൃദയത്തിൽ തെളിച്ച ദീപ്‌തിയാണ്. പ്രാർത്ഥനയിലൂടെയും, ഉപവിയിലൂടെയും അതിനെ പോഷകരമാക്കണമെന്ന് ദൈവം  നമ്മില്‍ നിന്നാവശ്യപ്പെടുന്നു. യേശു ജ്ഞാനസ്നാനം സ്വീകരിക്കുന്ന സംഭവത്തിലെ രണ്ടാമത്തെ ഘടകത്തെ ലൂക്കാ സുവിശേഷകൻ ഊന്നിപ്പറയുന്നത് ജനത്തിന്‍റെയും ജോർദ്ദാൻ നദിയിലെ ജലത്തിന്‍റെയും ഉള്ളിൽ നിമഗ്നനാക്കിയ യേശു തുടർന്നു തന്നെത്തന്നെ നിമജ്ജനം ചെയ്യുന്നത് പ്രാർത്ഥനയിലാണെന്ന കാര്യത്തെകുറിച്ചാണ്. അതായത് പിതാവായ ദൈവവുമായുള്ള ഐക്യത്തില്‍ അലിഞ്ഞിരിക്കാന്‍ അവിടുന്നു തന്നെ വിട്ടുകൊടുത്തു.

പിതാവിനെ പ്രതിഫലിപ്പിക്കുന്നവന്‍ എന്ന നിലയിൽ യേശുവിന്‍റെ പരസ്യ ജീവിതത്തിലേക്കുള്ള ആരംഭമായിരുന്ന ജ്ഞാസ്നാനം യേശവിന്‍റെ നന്മയുടെയും മനുഷ്യരോടുള്ള സ്നേഹത്തിന്‍റെയും ലോകത്തിലെ അവിടുത്തെ ദൗത്യത്തിന്‍റെയും  ആവിര്‍ഭാവമാണ്. ഈ ദൗത്യം പൂർത്തികരിക്കപ്പെട്ടത് പിതാവിനോടും, പരിശുദ്ധാത്മാവിനോടുമുള്ള പൂർണ്ണവും നിരന്തരവുമായ ഐക്യത്തിലായിരുന്നു. സഭയുടെയും, നമ്മുടെ ഓരോർത്തരുടെയും ദൗത്യവും ഇത് തന്നെയാണ്. വിശ്വസ്ഥരായിരിക്കുക,  ഫലങ്ങള്‍ പുറപ്പെടുപ്പിക്കുന്നവരായിരിക്കുക. ഇതായിരുന്നു  യേശുവിന്‍റെ മേല്‍ പതിപ്പിക്കപ്പെട്ട അടയാളം. ഇത് ക്രൈസ്തവ സാക്ഷ്യത്തിനായി പ്രാർത്ഥനയില്‍ നിരന്തരമായി പുനർജനിപ്പിക്കുന്ന സുവിശേഷവത്കരണത്തെയും, പ്രേക്ഷിതത്വത്തെയും സംബന്ധിച്ച കാര്യമാണ്. എന്നാല്‍ ഇത് നിര്‍വ്വഹിക്കപ്പെടുന്നത് മനുഷ്യ പദ്ധതിക്കനുസരിച്ചല്ല മറിച്ച് ദൈവത്തിന്‍റെ പദ്ധതിയും ശൈലിയും അനുസരിച്ചാണ്.

പ്രിയ സഹോദരി സഹോദരന്മാരെ,   ഇന്നു കർത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിക്കുമ്പോള്‍ നന്ദിയോടും ബോധ്യത്തോടും കൂടെ നമ്മുടെ ജ്ഞാനസ്നാന ദിനത്തില്‍ നാം ചെയ്ത വാഗ്ദാനങ്ങളെ നവീകരിക്കുവാനും അനുദിനം ആ വാഗ്ദാനങ്ങളോടു വിശ്വസ്ത്ഥത പുലർത്തി ജീവിക്കാനുള്ള  അനുകൂലമായ അവസരമായി നാം കാണണം.

ജ്ഞാനസ്നാനത്തിയതി മറക്കാതിരിക്കാം

പല പ്രാവശ്യം നിങ്ങളോടു ഞാൻ പറഞ്ഞിട്ടുള്ളതുപോലെ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജ്ഞാനസ്നാന തിയതി നാം അറിഞ്ഞിരിക്കണമെന്നത്. ജ്ഞാനസ്നാന തിയതി ആർക്കെല്ലാം അറിയാമെന്ന് ഇപ്പോള്‍ നിങ്ങളോടു ചോദിച്ചാല്‍ പലർക്കും അറിയില്ല എന്ന കാര്യം. അറിയാത്തവര്‍ വീട്ടിൽ ചെന്ന് മാതാപിതാക്കളോടും, മുത്തച്ഛന്‍, മുത്തശ്ശിമാരോടും, അമ്മാവന്‍മാരോടും,  ജ്ഞാനസ്നാന മാതാപിതാക്കളോടും, കുടുംബ സുഹൃത്തുക്കളോടും  ഞാന്‍ ഏതു ദിവസമാണ് മാമ്മോദീസാ സ്വീകരിച്ചതെന്നും ഞാൻ മാമ്മോദീസാ സ്വീകരിച്ചിട്ടുണ്ടോയെന്നും ചോദിക്കണം. പിന്നീട് അതു മറക്കരുത്. ആ ദിവസം മനസ്സിൽ സൂക്ഷിച്ച് എല്ലാ വർഷവും ആഘോഷിക്കണം. യേശു നമ്മെ രക്ഷിച്ചത് നമ്മുടെ കഴിവു കണ്ടിട്ടല്ല ദൈവത്തിന്‍റെ അപാരമായ നന്മ കൊണ്ടു മാത്രമാണ്. അത് നമ്മളെയും കരുണയുള്ളവരാക്കുന്നു. കരുണയുടെ അമ്മയായ കന്യകാ മേരി നമ്മുടെ മാതൃകയും നായികയുമാകട്ടെ. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.   

റോമിൽ നിന്നും വന്ന തീർത്ഥാടകർക്ക് ആശംസ നൽകിയ പാപ്പാ സ്പെയിനിലെ ലോസ് സാന്തോസ് ദെ മയിമോനാ മറ്റും തലാവേരായിൽ നിന്നുമെത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആശംസ അര്‍പ്പിച്ചു.പോളണ്ടിലെ  വിവിധ ഇടവകയിൽ നിന്നു വന്നവരെയും, നിയോ ക്യാറ്റക്യൂമെനൽസിന്‍റെ സ്ഥാപകനായ കിക്കോയുടെ ജന്മദിനം ആഘോഷിക്കാൻ വന്നവരെയും, ലൊറേത്തോ, വല്ലേമാരേ, റിയേത്തി പ്രവിശ്യയിൽ നിന്നും വന്ന തീർത്ഥാടകരെയും പാപ്പാ അഭിവാദ്യങ്ങളര്‍പ്പിച്ചു.

ജ്ഞാനസ്നാനം സ്വീകരിച്ച നവജാതരായ സമൂഹത്തോടു  തന്‍റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നു ഓർമ്മിപ്പിച്ചു.ജ്ഞാനസ്നാനത്തിയതി എല്ലാവരും ഓർത്തിരിക്കണമെന്ന് ആവർത്തിച്ച പാപ്പാ കിസ്തു തന്‍റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ  നമ്മുടെ നിത്യജീവിതത്തിന്‍റെ വേരു നൽകിയെന്നും ജ്ഞാനസ്നാനത്തിലൂടെയും ഈ വേരു നല്‍കപ്പെടുന്നുവെന്നും അതിനാൽ ജ്ഞാനസ്നാനത്തിയതി മറക്കരുതെന്നും ഉദ്ബോധിപ്പിച്ചു.  

 ക്രിസ്തുമസ് കാലത്തിന് ശേഷം നാം ആരാധനാക്രമത്തിന്‍റെ സാധാരണ കാലത്തിലേക്ക് പ്രവേശിക്കുന്നു. ജ്ഞാനസ്നാനത്തിനു ശേഷം യേശുവിനെ പരിശുദ്ധാത്മാവ് നയിച്ചത് പോലെ നമ്മെയും നാം ചെയ്യുന്ന പ്രവർത്തികളിൽ നയിക്കട്ടെ എന്നാശംസിച്ചു. സാധാരണ പ്രവര്‍ത്തികള്‍ സ്നേഹത്തോടെ ചെയ്തു അസാധാരണമായവയാക്കാന്‍ പരിശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ 

ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിച്ചു കൊണ്ടും പുഞ്ചിരി തൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം ജാലകത്തില്‍ നിന്നും പാപ്പാ പിന്‍വാങ്ങി .

 വത്തിക്കാനില്‍ ജനുവരി 13ᴐo തിയതി,  ഞായറാഴ്ച്ചാ  പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ  സംഗ്രഹമാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2019, 15:11