തിരയുക

Piazza Spagna Rome - 8th December 2018. Piazza Spagna Rome - 8th December 2018. 

അമലോത്ഭവ സന്നിധിയിലെ പ്രാര്‍ത്ഥനായാമം

റോമാനിവാസികളുടെ പരമ്പരാഗത അമലോത്ഭവോത്സവത്തിന് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവോത്സവം
ഡിസംബര്‍ 8, ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നരം 4 മണിക്കാണ് റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തെ സ്പാപനിഷ് ചത്വരത്തില്‍ (Piazza Spagna) വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Evangelization of Peoples) കാര്യാലയത്തിന്‍റെ ഉമ്മറത്തു സ്ഥാപിതമായിട്ടുള്ള അമലോത്ഭവനാഥയുടെ സ്തൂഭത്തിനു മുന്നിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാശുശ്രൂഷ നയിച്ചത്. ശൈത്യകാലമായിരുന്നെങ്കിലും അസ്തമയ സൂര്യന്‍ ചുറ്റുമുള്ള അലങ്കാര ദീപങ്ങളെ വെല്ലുന്ന പ്രഭയോടെ തെളിഞ്ഞുനിന്നു.  

റോമിന്‍റെ മേയറും വികാരി ജനറലും ദൈവമാതാവിന്‍റെ സ്തൂഭത്തിനു മുന്നില്‍
റോമാരൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസിന്‍റെ നേതൃത്വത്തിലും, റോമിന്‍റെ നഗരാധിപ, വേര്‍ജീനിയ രാജിയുടെ സാന്നിദ്ധ്യത്തിലും  ജപമാലചൊല്ലിനിന്ന  നഗരവാസികള്‍, സമയത്തിനും മുന്നേ വേദിയിലെത്തിയ പാപ്പായെ വരവേറ്റു. ജപമാലപ്രാര്‍ത്ഥനയെ  തുടര്‍ന്ന് ദൈവമാതാവിന്‍റെ ലുത്തീനിയ്ക്ക് പാപ്പാ നേതൃത്വംനല്കുകയും അതിന്‍റെ സമാപന പ്രാര്‍ത്ഥനചൊല്ലുകയും ചെയ്തു.

അമലോത്ഭവനാഥയുടെ മദ്ധ്യസ്ഥ്യം തേടി
റോമാ നഗരത്തെയും സകല കുടുംബങ്ങളെയും രോഗികളെയും പ്രായമായവരെയും യുവജനങ്ങളെയും കുഞ്ഞുങ്ങളെയും പാപ്പാ അമലോത്ഭവനാഥയ്ക്കു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനചൊല്ലി. റോമാനഗരത്തെ ഇനിയും നന്മയുള്ളതും മനോഹരവും വാസയോഗ്യവുമാക്കണമേ!

സഭാശുശ്രൂഷകര്‍ക്കുവേണ്ടി

റോമാരൂപതയിലെ വൈദികരെയും സമര്‍പ്പിതരെയും, അവിടെ വിവിധങ്ങളായ ശുശ്രൂഷചെയ്യാന്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള വൈദികരെയും സന്ന്യസ്തരെയും പാപ്പാ പ്രാര്‍ത്ഥനയില്‍ പ്രത്യേകമായി അനുസ്മരിച്ചു.

റോമില്‍ അഭയംതേടുന്നവര്‍
റോമാനഗരം സംസ്കാരങ്ങളുടെയും വിവിധങ്ങളായ ക്രൈസ്തവസമൂഹങ്ങളുടെയും വര്‍ണ്ണപ്പൊലിമയുള്ള ഒരു ബൃഹത്തായ “മൊസൈക്” ചിത്രീകരണം പോലെയാണ്.  അതിനെ ദൈവസ്നേഹത്തിലും കാരുണ്യത്തിലും കാത്തുപാലിക്കണമേ!  നസ്രത്തിലെ മേരിയെയും ജോസഫിനെയുംപോലെ, തിരുക്കുടുംബത്തെപ്പോലെ കുടിയേറാന്‍ നിര്‍ബന്ധിതരാവുകയും, പാര്‍ക്കാന്‍ ഇടംതേടുകയുംചെയ്യുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കാത്തുപാലിക്കണേ! അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമേ, ന്യായമായ അവരുടെ ആവശ്യങ്ങള്‍ നിവിര്‍ത്തിതമാക്കണമേ!

നഗരത്തിലെ സ്ഥാപനങ്ങള്‍ക്കുവേണ്ടി
റോമാനഗരത്തെ പൊതുവെയും, പ്രത്യേകമായി  ഇതിലെ ഓരോ കുടുംബത്തെയും, വിദ്യാലയങ്ങളെയും, ഓഫീസുകളെയും, കച്ചവടസ്ഥാപനങ്ങളെയും, തൊഴില്‍സ്ഥാപനങ്ങളെയും, ആശുപത്രികളെയും, ജയിലുകളെയും പരിപാലിക്കണമേ!  ക്രിസ്തുവിന്‍റെ കല്പന പ്രകാരം, അങ്ങ് ഞങ്ങളെ സ്നേഹിച്ചതുപോലെ അന്യോന്യം സ്നേഹിച്ചും സഹായിച്ചും ജീവിക്കാന്‍ പ്രാപ്തരാക്കണമേ!  പാപ്പാ ഫ്രാന്‍സിസ് തുടര്‍ന്ന് ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.
 
രോഗികളും വയോജനങ്ങളും
കുടുംബങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ആശുപത്രികളില്‍നിന്നും കൊണ്ടുവന്ന രോഗികളെയും വയോജനങ്ങളെയും വ്യക്തിപരമായി  അഭിവാദ്യംചെയ്തശേഷമാണ് പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2018, 19:11