Cerca

Vatican News
reflections from santa marta - feast of st. Francis Xavier സാന്താ മാര്‍ത്തയിലെ വചനവേദി 03-12-18  (Vatican Media)

ക്രിസ്തുമസ് ഒരു ആത്മീയ ഉത്സവമാക്കാം!

ഡിസംബര്‍ 3-Ɔο തിയതി രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ ‍

ധ്യാനാത്മകമാക്കേണ്ട ആത്മീയോത്സവം
ക്രിസ്തുമസ്  ആഘോഷം മാത്രമല്ല, ജീവിതങ്ങള്‍ ധ്യാനാത്മകമാക്കേണ്ട ആത്മീയ ഉത്സവംകൂടിയാണ്.  ദൈവമായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു ലോകത്തെ രക്ഷിക്കാനാണ്. അതാണല്ലോ ക്രിസ്തുമസ്! എന്നാല്‍ ക്രിസ്തുവിന്‍റെ പിറന്നാള്‍ ഒരു ആഘോഷമായി മാത്രം മാറ്റപ്പെടുന്ന അപകടം ഇന്ന് സര്‍വ്വസാധാരണമാണ്. ക്രിസ്തുമസിനെ ആഘോഷമായി മാറ്റിമറിക്കുന്നത് ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള ഒരു പ്രലോഭനമാണ്. എന്നാല്‍ ധ്യാനാത്മകമാക്കേണ്ട ഒരു ആത്മീയ ഉത്സവമാണ് ക്രിസ്തുമസ്! അതിനുപകരം, ക്രിസ്തുവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങുമെങ്കിലും, കുറെക്കഴിയുമ്പോള്‍ കേന്ദ്രത്തായിരുന്ന അവിടുത്തെ മറന്നുപോവുകയും, ആഘോഷങ്ങളുടെ തിമര്‍പ്പില്‍ മനുഷ്യര്‍ മുഴുകിപ്പോവുകയും ചെയ്യുന്നു.

ചരിത്രസ്മൃതികള്‍ അയവിറക്കാന്‍
സാധനങ്ങളും സമ്മാനങ്ങളും, പുതിയ ഉടുപ്പുകളും നക്ഷത്രവിളക്കുകളും അലങ്കാരങ്ങളും മധുരപലഹാരങ്ങളും വാങ്ങിക്കൂട്ടി, ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന ആനന്ദത്തിമര്‍പ്പില്‍ ക്രിസ്തുമസിന്‍റെ ആത്മീയ അരൂപിയില്‍നിന്നും നാം പാടെ വിദൂരത്തായിപ്പോകുന്നു. ജീവിതത്തിലല്ല ക്രിസ്തു പിറന്നത്, ബെതലഹേമിലാണല്ലോ, എന്നൊരു ബൗദ്ധിക വിവേചനംപോലും നമ്മുടെ മനസ്സുകളില്‍ വന്നുഭവിക്കുന്നു. എന്നാല്‍ ആഗമനകാലം മനുഷ്യാവതാരത്തിന്‍റെ ചരിത്രസ്മരണകള്‍ നവീകരിക്കാനും, പിഴവുകളെ തിരുത്താനുമുള്ള സമയമാണ്. അങ്ങനെ ക്രിസ്തുമസ് തരുന്ന ആത്മീയതയുടെ ആദ്യ തലത്തിലൂടെ അനുദിനജീവിതങ്ങളെ ആത്മീയമായി നവീകരിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അസ്തിത്വപരമായ ക്രിസ്തുമസ്!
 മനുഷ്യനായി അവതരിച്ച ക്രിസ്തു വീണ്ടും നമ്മുടെമദ്ധ്യേ, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലേയ്ക്ക് ഇനിയും കടന്നുവരും. എന്നിട്ട് അവിടുന്നു ചോദിക്കും, “എങ്ങനെയാണ് നിങ്ങളുടെ ജീവിതങ്ങള്‍?!” അങ്ങനെയെങ്കില്‍ ക്രിസ്തുവുമായുള്ള വ്യക്തിഗതമായൊരു കൂടിക്കാഴ്ചയാക്കി മാറ്റാം ക്രിസ്തുമസ്! അത് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതുപോലുള്ള ഒരു കൂടിക്കാഴ്ചയല്ലെന്നും മനസ്സിലാക്കണം. ചരിത്രത്തിലെ ആദ്യ ക്രിസ്തുമസ് നമുക്കിന്ന് ഓര്‍മ്മ മാത്രമാണ്. എന്നാല്‍ ദിവ്യകാരുണ്യത്തിലും വചനത്തിലും കൂദാശകളിലും എളിയസഹോദരങ്ങളിലുമുള്ള ക്രിസ്തുവുമായുള്ള വ്യക്തിഗതമായ കൂടിക്കാഴ്ച  അനുദിനജീവിതത്തില്‍ ഇന്നിന്‍റെ ക്രിസ്തുമസ് ആഘോഷമാക്കി പകര്‍ത്താം. അവിടെയാണ് നാം ദൈവമായ ക്രിസ്തുവിനെ കണ്ടെത്തേണ്ടത്. അങ്ങനെ വിവിധങ്ങളായ തരത്തിലും തലത്തിലും അവിടുന്ന് നമ്മിലേയ്ക്കു വരുമ്പോള്‍, അത് ബെതലഹേമിലെ ക്രിസ്തുവിന്‍റെ തിരിച്ചുവരവും,  ആ വരവ് നാം ഓരോരുത്തരുമായുമുള്ള   കൂടിക്കാഴ്ചയുമായിരിക്കും. നമ്മുടെ പ്രത്യാശയെ നവീകരിക്കുന്ന ക്രിസ്തുവിന്‍റെ തിരിച്ചു വരവാണ് ക്രിസ്തുമസിന്‍റെ രണ്ടാമത്തെ തലം.

അനുദിനം നവീകരിക്കേണ്ട ജാഗ്രത
ഒരാള്‍ ക്രിസ്തുവിനായി അനുദിനം കാത്തിരിക്കണം. ഇത് ക്രിസ്തുമസിന്‍റെ മൂന്നാമത്തെ തലമാണ്. ക്രിസ്തുവിനെ സ്വീകരിക്കാനുള്ള ജാഗ്രത, അല്ലെങ്കില്‍ ജാഗരൂകത, ഓരോരുത്തരും അനുദിനം നവീകരിക്കേണ്ടതാണ്. ആഗമനകാലത്ത് തിരുവചനം നമുക്കു നല്കുന്ന രണ്ടു മണിമുത്തുക്കളാണ് പ്രാര്‍ത്ഥനയും ജാഗരൂകതയും! കാരണം ചരിത്രത്തില്‍ രക്ഷകനായ ക്രിസ്തു ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായി. കാലത്തികവില്‍ അവിടുന്നു രണ്ടാമതും ആഗതനാകും.

മരണമെത്തുന്ന നേരത്തും...!
എന്നാല്‍ നിങ്ങളെയും എന്നെയും സംബന്ധിച്ച് ആ കാലത്തികവ്, നമ്മുടെ ജീവിതാന്ത്യമാണ്, നമ്മുടെ മരണമാണ്. അത് സംഭവിക്കുന്നത് അനുദിനം എന്നോണമാണ്. കാരണം നാം നിനച്ചിരിക്കാത്ത ദിവസത്തിലും സമയത്തും സ്ഥലത്തും അത് സംഭവിക്കുന്നു. എന്നാല്‍ ദൈവാരൂപിയുടെ സഹായത്താല്‍ ക്രിസ്തു നമ്മുടെ ജീവിതത്തില്‍ അനുദിനം, അനുനിമിഷം പിറക്കാനും, വളരാനുമാണ് നാം ഇടയാക്കേണ്ടത്. അത് ക്രിസ്തുമസിന്‍റെ ചൈതന്യം നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ വ്യക്തിഗതവും പ്രായോഗികവുമായ വിധത്തില്‍ അനുഭവവേദ്യമാക്കാന്‍ ഇടവരുത്തും!

03 December 2018, 18:51