From the lectern of Pope Francis From the lectern of Pope Francis 

വിനീതരെയും വിശ്വസ്തരെയും ദൈവം ഉയര്‍ത്തും!

ഡിസംബര്‍ 6, വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ആഗമനകാലത്തിന്‍റെ വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

പറയുന്നതും പ്രവര്‍ത്തിക്കുന്നതും
വിശ്വാസപ്രചാരണത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് വായ്മൊഴി. എന്നാല്‍ പലപ്പോഴും അത് വളരെ ഉപരിപ്ലവമാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ചേരാതെ വരുന്നു! അങ്ങനെ നാം ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, ക്രിസ്തുവിനെ അനുകരിക്കുന്നു, അവിടുന്നില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രൈസ്തവന്‍ ചെയ്യേണ്ട കാര്യങ്ങള്‍, അല്ലെങ്കില്‍ ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരുന്നില്ലെങ്കിലോ? അത്, സാധാരണ ഭാഷയില്‍ അല്പം തുറന്നു പറഞ്ഞാല്‍, ക്രിസ്ത്യാനിയായി ഒരുവന്‍ വേഷംകെട്ടുകയാണെന്നു പറയാം! ക്രൈസ്തവന്‍ ജീവിതത്തില്‍ കാര്യങ്ങള്‍ പറയുക മാത്രമല്ല, അത് അയാള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നു. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തു പഠിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരാണ് ക്രൈസ്തവര്‍. അവിടുന്നു പഠിപ്പിച്ചിട്ടുള്ളത് അമൂല്യവും കാലാതീതവും ജീവല്‍ബന്ധിയുമായ സത്യങ്ങളാണ്. ആരെങ്കിലും നമ്മെ സമീപിച്ച് ഉപദേശം ചോദിച്ചെന്നിരിക്കട്ടെ, വാക്കുകളുടെ കസറത്തു കാണിക്കുകയും, നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞു കൂട്ടുകയും ചെയ്തിട്ട് എന്തു കാര്യം? പറയുന്നവ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തേണ്ടവയും യാഥാര്‍ത്ഥ്യവുമായ കാര്യങ്ങളായിരിക്കണം.

ഇളകാത്ത പറമേല്‍ നിര്‍മ്മിതം
ക്രിസുതുവാണ് നമ്മുടെ ശക്തി. അവിടുന്നാണ് നമ്മുടെ വഴിയും ജീവനും സത്യവും. അവിടുത്തെ അനുഗമിക്കുന്നവര്‍ നിശ്ശബ്ദരായിരിക്കാം. അവര്‍ വിജയശ്രീലാളിതരെന്നു നടിക്കണമെന്നില്ല. കാരണം, അവര്‍ പ്രകടനപരതയില്ലാത്തവരാണ്. എന്നാല്‍ വളരെ ഉറച്ച ബോധ്യങ്ങള്‍ ഉള്ളവരാണവര്‍. അവര്‍ ജഡീകമായ കാര്യങ്ങളിലോ, പുറംപുകഴ്ചയിലോ, ഭൗമികകാര്യങ്ങളിലോ നേട്ടം കാണുകയോ, അഹങ്കരിക്കുകയോ ചെയ്യുന്നില്ല. അവര്‍ക്കു ശക്തി കര്‍ത്താവാണ്. ഇന്നത്തെ വചനം അടിവരയിട്ടു പ്രസ്താവിക്കുന്നതുപോലെ, കര്‍ത്താവ് പാറയാണ്, ഇളകാത്ത പാറയാണ്! (ഏശയ 26, 1-6).

ഉപരിപ്ലവത വെടിയാം!
ജീവിതയാത്രയില്‍ മുന്നോട്ടു പോകുമ്പോള്‍ ക്രൈസ്തവ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യ ബോധം നമ്മെ വളര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇളകാത്ത പാറയായ കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ചും, മുറുകെപിടിച്ചും ജീവിക്കുന്നവര്‍ക്ക് അതു സാധിക്കും. ഉറച്ച പാറയായ ക്രിസ്തുവിന്‍റെ ദൈവികജീവനിലും, അവിടുത്തെ സുവിശേഷവചനത്തിലും മുറുകെപ്പിടിച്ചു ജീവിക്കാനും വളരാനുമാണ് ക്രിസ്തു-ശിഷ്യര്‍ പരിശ്രമിക്കേണ്ടത്. മറിച്ച്, ഇന്നിന്‍റെ ഉപരിപ്ലവതയിലോ, പുറംമോടിയിലോ, പൊലിമയുള്ള ലൗകികതയിലോ, അതിന്‍റെ പേരിലോ പ്രശംസയിലോ, അഹങ്കരിച്ചു ജീവിക്കാനല്ല! സത്യത്തില്‍ ഉറച്ചുനിലക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനുമാണ് ഇന്നത്തെ വചനം ഉദ്ബോധിപ്പിക്കുന്നത്. ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ നമുക്കു താക്കീതു നല്കുന്നുണ്ട്, നിങ്ങള്‍ പൂഴിയില്‍ പണിതീര്‍ത്ത ഭവനംപോലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തകര്‍ന്നുപോയേക്കാം! (മത്തായി 7, 21.24.27).

വിനീതരെ കര്‍ത്താവ് ഉയര്‍ത്തുന്നു!
ഏശയ പ്രവാചകന്‍ മൊഴിയുന്ന വചനങ്ങള്‍ക്ക് പുതിയ നിയമത്തില്‍ മറിയത്തിന്‍റെ സ്തോത്രഗീതത്തിന്‍റെ ഭാവമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു. കര്‍ത്താവ് വിനീതരെയും വിശ്വസ്തരെയും, നേരായ വഴിയില്‍ ചരിക്കുന്നവരെയും, സമാധാനപാലകരെയും ഉയര്‍ത്തുന്നു. അഹങ്കാരികളെ അവിടുന്നു ചിതറിക്കുന്നു. തങ്ങളുടെ ജീവിതങ്ങളെ വ്യര്‍ത്ഥമോഹത്തിലും അഹങ്കാരത്തിലും നയിച്ചവരെ കര്‍ത്താവ് താഴ്ത്തും. പൊള്ളയായ ജീവിതങ്ങള്‍ നിലനില്ക്കില്ല, അവ നീണ്ടുനില്ക്കില്ല. അതിനാല്‍ ഹൃദയകവാടങ്ങള്‍ ശാശ്വതസ്നേഹമായ ദൈവത്തിനായും, അവിടുത്തെ പുത്രനും രക്ഷകനുമായ ക്രിസ്തുവിനായി തുറന്നിടാം. ആഗമനകാലത്തിലൂടെ നമുക്കൊരുങ്ങാം! ലോകനാഥനായ ക്രിസ്തുവിനെ നമ്മുടെ എളിയ ഹൃദയങ്ങളിലും ഭവനങ്ങളിലും വരവേല്ക്കാം!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2018, 20:20