തിരയുക

Vatican News
അബുദാബിയില്‍ നിന്ന് ഒരു ദൃശ്യം അബുദാബിയില്‍ നിന്ന് ഒരു ദൃശ്യം  (AFP or licensors)

2019 ഫെബ്രുവരിയില്‍ പാപ്പാ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍

ഫ്രാന്‍സീസ് പാപ്പായുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശനം- ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും വിശ്വാശാന്തിക്കായുള്ള സംഘാതയത്നത്തിനും മതാന്തര സംവാദം മെച്ചപ്പെടുത്താനും മാര്‍പ്പാപ്പായുടെ സന്ദര്‍ശനം സഹായമാകുമെന്ന് യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ യുണൈറ്റഡ് അറബ് എമിറേറ്റ്സ്-യു.എ.ഇ സന്ദര്‍ശിക്കും.

2019 ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ (3-5/02/2019) ആയിരിക്കും ഈ അപ്പസ്തോലിക പര്യടനമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക് വ്യാഴാഴ്ച വെളിപ്പെടുത്തി.

“മാനവ സാഹോദര്യത്തെ” അധികരിച്ചുള്ള അന്താരഷ്ട്ര സംഗമത്തില്‍ സംബന്ധിക്കുന്നതിനാണ് പാപ്പാ അബുദാബിയുടെ കീരീടാവകാശിയായ ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ  ക്ഷണം സ്വീകരിച്ച് അവിടെ എത്തുകയെന്ന് ഗ്രെഗ് ബര്‍ഗ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കത്തോലിക്കാസഭ നല്കിയ ക്ഷണത്തിനുള്ള പ്രത്യുത്തരമെന്ന നിലയിലുമാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹത്തിന്‍റെ  പ്രസ്താവനയില്‍ കാണുന്നു.

യുഎഇയുടെ സായുധസേനയുടെ ഉപാദ്ധ്യക്ഷന്‍ കൂടിയായ ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫ്രാന്‍സീസ് പാപ്പാ 2016 സെപ്റ്റമ്പര്‍ 15 ന് വത്തിക്കാനില്‍ സ്വീകരിച്ചിരുന്നു.

പ്രമേയവും ചിഹ്നവും

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ സമാധാന പ്രാര്‍ത്ഥനയില്‍ നിന്ന് അടര്‍ത്തിയെടുത്ത നിലയിലുമാണ് ഈ സന്ദര്‍ശനമെന്നും  (പ്രസ്സ് ഓഫീസ്) മേധാവി “എന്നെ നിന്‍റെ സമാധാനത്തിന്‍റെ ഉപകരണം ആക്കണമേ” എന്ന വാക്യമാണ് തന്‍റെ ഈ ഇടയസന്ദര്‍ശനത്തിന്‍റെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

ഒലിവുശാഖ കൊത്തിയെടുത്തു പറക്കുന്ന പ്രാവിന്‍റെ രൂപമാണ് ഈ സന്ദര്‍ശനത്തിന്‍റെ  ചിഹ്നം.

പേപ്പല്‍ പതാകയുടെ വര്‍ണ്ണങ്ങളായ വെള്ളയും മഞ്ഞയും അതുപോലെതന്നെ യുഎഇയുടെ പാതാകയുടെ നിറങ്ങളായ വെള്ള, പച്ച, ചുമപ്പ്, കറുപ്പ് എന്നിവയും  ഈ ചിഹ്നത്തില്‍ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നു.

സമാധാനദൂതനായിട്ടാണ് പാപ്പാ യുഎഇ സന്ദര്‍ശിക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഈ നിറക്കൂട്ടോടുകൂടിയ പ്രാവിന്‍റെ ചിഹ്നം.

പ്രതികരണം

യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാപ്പായുടെ ഈ ഭാവി സന്ദര്‍ശനത്തെ ട്വിറ്റര്‍ സന്ദേശത്തിലൂടെ സ്വാഗതം ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും വിശ്വാശാന്തിക്കായുള്ള സംഘാതയത്നത്തിനും മതാന്തര സംവാദം മെച്ചപ്പെടുത്താനും മാര്‍പ്പാപ്പായുടെ സന്ദര്‍ശനം സഹായമാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സീസ് പാപ്പാ സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സാഹോദര്യം ഊട്ടിവളര്‍ത്തലിന്‍റെയും പ്രതീകമാണെന്ന് ട്വിറ്ററില്‍ ശ്ലാഘിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാപ്പായുടെ ചരിത്രപരമായ സന്ദര്‍ശനം തങ്ങള്‍ പാര്‍ത്തിരിക്കയാണെന്നും കുറിക്കുന്നു.

07 December 2018, 12:51