പ്രകൃതിയെ സ്നേഹിക്കൂ സംരക്ഷിക്കൂ! പ്രകൃതിയെ സ്നേഹിക്കൂ സംരക്ഷിക്കൂ! 

ആര്‍ത്തിയും ചൂഷ​ണമനോഭാവവും വെടിയുക, മണ്ണിനെ മലിനമാക്കരുത്!

സ്രഷ്ടാവിന്‍റെ കരവേലയായ ഭൂമിക്കു ഹാനി വരുത്തിയാല്‍ അത് മാനവകൂടുംബത്തിന്‍റെ ജീവന്‍റെ സ്രോതസ്സായിരിക്കുന്ന അവസ്ഥ ഇല്ലാതാക്കും- പാപ്പായുടെ മുന്നറിയിപ്പ്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മണ്ണിനെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് മാര്‍പ്പാപ്പാ.

റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്.എ.ഒ (FAO) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഭക്ഷ്യകൃഷി സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ വ്യാഴാഴ്ച (13/12/18) സംഘടിപ്പിക്കപ്പെട ഏകദിന പഠന സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“ജലം, കൃഷി, ഭക്ഷണം: നമുക്ക് നാളയെ പടുത്തുയര്‍ത്താം” എന്നതായിരുന്നു ഈ പഠനയോഗത്തിന്‍റെ ചര്‍ച്ചാ പ്രമേയം.

സ്രഷ്ടാവിന്‍റെ കരവേലയായ ഭൂമിക്കു ഹാനി വരുത്തിയാല്‍ അത് മാനവകൂടുംബത്തിന്‍റെ ജീവന്‍റെ സ്രോതസ്സായിരിക്കുന്ന അവസ്ഥ ഇല്ലാതാക്കുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുന്നു.

പലയിടങ്ങളിലും ജലം മലിനമാക്കപ്പെട്ടിരിക്കുന്നതും, മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും വന നശീകരണം വ്യാപിക്കുന്നതും, വായു മലീനീകൃതമാകുന്നതും മണ്ണ് അമ്ലീകരിക്കപ്പെടുന്നതുമെല്ലാം വിപത്തിനും ദുരിതങ്ങള്‍ക്കും കാരണമാണെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാനമായവപോലുമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നതായ താലിക്കാലിക കണക്കുകൂട്ടലുകളുടെ കെണിയില്‍ വീണുപോകാതെ ആര്‍ത്തിയും ചൂഷണമനോഭാവവും വെടിഞ്ഞ് ഉത്തരവാദിത്വബോധത്തോടെ വര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യ കൃഷി സംഘടന (FAO), കൃഷിവികസനത്തിനായുള്ള അന്താരാഷ്ട്ര നിധി (IFAD), ലോക ഭക്ഷ്യ പരിപാടി (WFP) എന്നീ അന്താരാഷ്ട്ര സംഘടനകളി‍ല്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ ഫെര്‍ണാണ്ടോ കീക്ക അരെയാനൊ ആണ് മാഡ്രിഡ് സമ്മേളനത്തിന് സമാപനം കുറിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2018, 12:33