പലസ്തീന്‍ സ്റ്റേറ്റിന്‍റെയും പലസ്തീന്‍ ദേശീയ നേതൃത്വത്തിന്‍റെയും പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഫ്രാന്‍സീസ് പാപ്പായുമൊത്ത് വത്തിക്കാനില്‍ 03-12-18 പലസ്തീന്‍ സ്റ്റേറ്റിന്‍റെയും പലസ്തീന്‍ ദേശീയ നേതൃത്വത്തിന്‍റെയും പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഫ്രാന്‍സീസ് പാപ്പായുമൊത്ത് വത്തിക്കാനില്‍ 03-12-18 

പലസ്തീന്‍ സ്റ്റേറ്റ് പ്രസിഡന്‍റ് വത്തിക്കാനില്‍

തീവ്രവാദത്തിന്‍റെയും മതമൗലികവാദത്തിന്‍റെയും സകലരൂപങ്ങളെയും ജയിക്കുന്നതിന് മതസമൂഹങ്ങളുടെ സഹായത്തോടെ സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും പാതകള്‍ പരിപോഷിപ്പിക്കപ്പെടേണ്ടതിന്‍റെ അടിയന്തിരാവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പായും പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പലസ്തീന്‍ സ്റ്റേറ്റിന്‍റെ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനെയും അനുചരരെയും പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

തിങ്കളാഴ്ച (03/12/18) രാവിലെയായിരുന്നു ഈ കൂടിക്കാഴ്ച.

പരിശുദ്ധസിംഹാസനവും പലസ്തീനും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, പലസ്തീന്‍ സമൂഹത്തില്‍ ക്രൈസ്തവരുടെ രചനാത്മക സംഭാവനകള്‍, 2015ലെ ഉടമ്പടിക്കനുസൃതം സഭ പലസ്തീനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് മഹമൂദ് അബ്ബാസും തമ്മില്‍ നടന്ന സൗഹൃദസംഭാഷണത്തില്‍ അനുസ്മരിക്കപ്പെട്ടു.

പലസ്തീന്‍ ജനതയുടെ അനുരഞ്ജന പ്രയാണം, ഇസ്രായേലും പലസ്തീനും തമ്മിലുള്ള സമാധാന പ്രക്രിയ പുനരാരംഭിക്കാനും ഇരു രാഷ്ട്രങ്ങള്‍ക്കും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയങ്ങളായി.

ഇസ്രായേല്‍ പലസ്തീന്‍ ജനതകളുടെ ന്യായമായ അഭിലാഷങ്ങള്‍ സഫലീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഭാഗത്തുനിന്ന് നവീകൃതമായ ഒരു ശ്രമം ഉണ്ടാകേണ്ടതിന്‍റെ  ആവശ്യകതയും പാപ്പായും പ്രസിഡന്‍റും ചൂണ്ടിക്കാട്ടി.

ജറുസലേം നഗരത്തിന്‍റെ തനതായ സ്ഥാനവും പരാമര്‍ശവിഷയമായി. ക്രൈസ്തവര്‍ക്കും   യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു പോലെ  പുണ്യസ്ഥലമായ ജറുസലേമിന്‍റെ  അനന്യതയും സാര്‍വ്വത്രിക മൂല്യവും അംഗീകരിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും അടിവരയിട്ടു പറഞ്ഞു.

മദ്ധ്യപൂര്‍വ്വദേശത്തെ അലട്ടുന്ന ഇതര സംഘര്‍ഷങ്ങളെക്കുറിച്ചും പരാമര്‍ശിച്ച ഫ്രാന്‍സീസ് പാപ്പായും പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസും തീവ്രവാദത്തിന്‍റെയും മതമൗലികവാദത്തിന്‍റെയും സകലരൂപങ്ങളെയും ജയിക്കുന്നതിന് മതസമൂഹങ്ങളുടെ സഹായത്തോടെ സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും പാതകള്‍ പരിപോഷിപ്പിക്കപ്പെടേണ്ടതിന്‍റെ  അടിയന്തിരാവശ്യം എടുത്തുകാട്ടുകയും ചെയ്തു.

പാപ്പായുമായുള്ള സംഭാഷണാനന്തരം പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് വത്തിക്കാന്‍റെ  വിദേശകാര്യാലായത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് പോള്‍ ഗാല്ലഗെറുമായി കൂടിക്കാഴ്ച നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2018, 15:49