തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ മയക്കുമരുന്നു ദുരുപയോഗത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ച നാനൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (01/12/18) പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റയിന്‍ ശാലയില്‍ സ്വീകരിച്ച വേളയില്‍ . ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ മയക്കുമരുന്നു ദുരുപയോഗത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ച നാനൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (01/12/18) പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റയിന്‍ ശാലയില്‍ സ്വീകരിച്ച വേളയില്‍ .  (Vatican Media)

മയക്കുമരുന്നിനെതിരായ പോരാട്ടം-നാമെല്ലാവരുടെയും കടമ-പാപ്പാ

മരണത്തിന്‍റെ വിതരണക്കാരായ മയക്കുമരുന്നുകടത്തുകാരെ സധൈര്യം നേരിടുകയെന്നത് സര്‍ക്കാരുകളുടെ കടമയും ദൗത്യവും ആണെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മയക്കുമരുന്നു നമ്മുടെ സമൂഹത്തില്‍ ഒരു മുറിവായിരിക്കുകയും അനേകരെ അതിന്‍റെ വലയില്‍ പെടുത്തുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.

സമഗ്രമാനവ പുരോഗതിക്കായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നവമ്പര്‍ 29 മുതല്‍ ഡിസംമ്പര്‍ 1 വരെ (29/11-01/12/2018) മയക്കുമരുന്നു ദുരുപയോഗത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ച നാനൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ സമ്മേളനത്തിന്‍റെ സമാപന ദിനത്തില്‍, അതായത്, ശനിയാഴ്ച (01/12/18) പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റയിന്‍ ശാലയില്‍ സ്വീകരിച്ചു  സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“മയക്കുമരുന്നും അതിനോടുള്ള ആസക്തിയും: സമഗ്രമാനവ പുരോഗതിക്ക് ഒരു പ്രതിബന്ധം” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

പാരതന്ത്ര്യം

മയക്കുമരുന്നിനടികമളായവര്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഇരകളാണെന്നും അവരുടെ മാനുഷികമായ ജീവിതത്തിനും സമൂഹത്തിനും മയക്കുമരുന്നു ഗുരുതരങ്ങളായ ഹാനിവരുത്തുന്നുവെന്നും പറഞ്ഞ പാപ്പാ ലോകത്തില്‍ അവയുടെ ഉല്പാദനവും വിപുലീകരണവും വിതരണവും തടയുന്നതിന് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

മരണം വിതയക്കുന്നവര്‍ക്കെതിരെ

മരണത്തിന്‍റെ വിതരണക്കാരായ മയക്കുമരുന്നുകടത്തുകാരെ സധൈര്യം നേരിടുകയെന്നത് സര്‍ക്കാരുകളുടെ കടമയും ദൗത്യവും ആണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

യുവജനങ്ങളെ മയക്കുമരുന്നിന്‍റെ അടിമത്തത്തിലാക്കാന്‍ ഇന്‍റര്‍നെറ്റും ഉപാധിയാക്കപ്പടുന്ന അപകടത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ഒരിക്കല്‍ മയക്കുമരുന്നിന് അടിമയാക്കപ്പെട്ടാല്‍ പിന്നെ മോചനം ദുഷ്ക്കരമാണെന്നും ആ വ്യക്തിക്ക് ജീവന്‍റെ അര്‍ത്ഥവും ചിലപ്പോള്‍ ജീവന്‍ തന്നെയും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുന്നുവെന്നും പറഞ്ഞു.

മയക്കുമരുന്നിനെതിരെ സഭ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ദേശീയ അന്തര്‍ദ്ദേശീയ സംഘടനകളോടും വിദ്യഭ്യാസ കേന്ദ്രങ്ങളോടുമൊക്കെ കൈകോര്‍ത്തു  പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.  

01 December 2018, 12:31