തിരയുക

വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലെ ക്രിസ്തുമസ് മരവും  മണല്‍കൊണ്ടു തീര്‍ത്തിരിക്കുന്ന  പുല്‍ക്കൂടും   07/12/18 വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലെ ക്രിസ്തുമസ് മരവും മണല്‍കൊണ്ടു തീര്‍ത്തിരിക്കുന്ന പുല്‍ക്കൂടും 07/12/18 

ക്രിസ്തുമസ് മരവും പുല്‍ക്കൂടും!

യേശു ലോകത്തിന്‍റെ പ്രകാശമാണെന്നും ഈ വെളിച്ചം വൈര്യത്തിന്‍റെ ഇരുളിനെ അകറ്റി പൊറുക്കലിന് ഇടം നല്കുന്ന ആത്മാവിന്‍റെ പ്രകാശമാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ദീപാലംകൃതമായ ക്രിസ്തുമസ് മരം ... എളിയ ഒരു പദാര്‍ത്ഥമായ മണല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ബത്ലഹേമിലെ ദാരിദ്ര്യത്തില്‍ ജനിച്ചുകൊണ്ട് യേശു കാണിച്ചുതന്ന ദൈവത്തിന്‍റെ ലാളിത്യത്തെയും ചെറുമയെയും ആണ്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആകര്‍ഷിക്കുന്ന അടയാളങ്ങള്‍

ക്രിസ്തുമസ് മരവും പുല്‍ക്കൂടും അനന്തം നമ്മുടെ മനംകവരുന്ന രണ്ട് അടയാളങ്ങളാണെന്ന് മാര്‍പ്പാപ്പാ.

തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ വയ്ക്കുന്നതിനുള്ള ക്രിസ്തുമസ് മരവും പുല്‍ക്കൂടും സമ്മാനിച്ച വടക്കുകിഴക്കെ ഇറ്റലിയിലെ യേസൊളോ, പൊര്‍ദെനോണെ, എന്നിവിടങ്ങളിലേയും വേനെത്തൊ, ഫ്രിയൂളി-വെനേത്സിയ-ജൂലിയ പ്രദേശങ്ങളിലേയും നിവാസികളുടെയും സഭാ-പൗരാധികാരികളുടെയും പ്രതിനിധികളടങ്ങിയ മുന്നൂറ്റിയമ്പതോളം പേരുടെ ഒരു സംഘത്തെ വെള്ളിയാഴ്ച (07/12/18) വത്തിക്കാനില്‍ സ്വീകരിച്ചു നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ക്രിസ്തുമസ്മരത്തിന്‍റെ പൊരുള്‍

യേശു ലോകത്തിന്‍റെ പ്രകാശമാണെന്നും അത് വൈര്യത്തിന്‍റെ ഇരുളിനെ അകറ്റി പൊറുക്കലിന് ഇടം നല്കുന്ന ആത്മാവിന്‍റെ വെളിച്ചമാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ദീപാലംകൃതമായ ക്രിസ്തുമസ് മരം എന്ന് പാപ്പാ പറഞ്ഞു.

തന്നിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നതിനും സ്വാര്‍ത്ഥതയുടെയും പാപത്തിന്‍റെയും മൂടല്‍ മഞ്ഞില്‍ നിന്ന് മനുഷ്യനെ പുറത്തുകൊണ്ടുവരുന്നതിനും തന്‍റെ പുത്രനായ യേശുവിന്‍റെ  പിറവിയിലൂടെ ദൈവം സ്വയം താഴ്ത്തിയതിന്‍റെ പ്രതീകമാണ് ഇരുപതിലേറെ മീറ്റര്‍ (70 അടിയിയോളം) ഉയരമുള്ള ആ ക്രിസ്തുമസ് മരം എന്ന് പാപ്പാ വിശദീകരിച്ചു.

മണലില്‍ തീര്‍ത്ത തിരുപ്പിറവി ദൃശ്യം

കിഴക്കെ ഇറ്റലിയുടെ ഭാഗത്തേക്കു വ്യാപിച്ചുകിടക്കുന്ന ആല്‍പ്സ് മലനിരകളില്‍ നിന്നുള്ളതായ യേസൊളൊമണല്‍ കൊണ്ടു വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ  മദ്ധ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പുല്‍ക്കൂടിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ, എളിയ ഒരു പദാര്‍ത്ഥമായ മണല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ബത്ലഹേമിലെ ദാരിദ്ര്യത്തില്‍ ജനിച്ചുകൊണ്ട് യേശു കാണിച്ചുതന്ന ദൈവത്തിന്‍റെ ലാളിത്യത്തെയും ചെറുമയെയും ആണെന്ന് ഉദ്ബോധിപ്പിച്ചു.

ഈ ക്ഷുദ്രത ദൈവികതയ്ക്കുമുന്നില്‍ ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും വാസ്തവത്തില്‍ ഈ ചെറുമ സ്വാതന്ത്ര്യമാണെന്നും ഒരു കുഞ്ഞ് സ്വന്തം പിതാവിന്‍റെ  മുന്നില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതുപോലെ ദൈവതിരുമുമ്പില്‍ സ്വതന്ത്രരായിരിക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലെ പുല്‍ക്കൂടും ക്രിസ്തുമസ് മരവും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന അനേകം തീര്‍ത്ഥാടകരുടെ മതിപ്പിന് പാത്രമാകുമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2018, 14:17