തിരയുക

ഉത്തരാഫ്രിക്കന്‍ നാടായ അള്‍ജീരിയായില്‍  19 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു ഉത്തരാഫ്രിക്കന്‍ നാടായ അള്‍ജീരിയായില്‍ 19 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു 

നവവാഴ്ത്തപ്പെട്ട നിണസാക്ഷികള്‍-സമാധാന ശില്പികള്‍.....

അള്‍ജീരിയയില്‍ നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് , സാഹോദര്യവും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു ലോകം ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാകട്ടെ- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉത്തരാഫ്രിക്കന്‍ നാടായ അള്‍ജീരിയായില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട നിണസാക്ഷികള്‍ സമാധാനത്തിന്‍റെ എളിയ ശില്പകളും ക്രിസ്തീയ ഉപവിയുടെ വീരോചിത സാക്ഷികളുമാണെന്ന് മാര്‍പ്പാപ്പാ.

അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (08/12/18) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ നല്കിയ ആശീര്‍വ്വാദനന്തരം ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ അള്‍ജീരിയായിലെ ഒറാനിലുള്ള നോതൃദാം ദെ സാന്ത ക്രൂസ് ദേവാലയത്തില്‍ അന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരെ അനുസ്മരിക്കുകയായിരുന്നു.

നവവാഴ്ത്തപ്പെട്ടവരായ മെത്രാന്‍ പീറ്റെര്‍ ക്ലവെരിയും സന്ന്യാസിസന്ന്യാസിനികളായ 18 സഹകാരികളും വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണെന്നും അവര്‍ വിശ്വസ്തരായ സുവിശേഷപ്രഘോഷകരായിരുന്നെന്നും പ്രസ്താവിച്ച പാപ്പാ അവരുടെ ധീരമായ സാക്ഷ്യം അള്‍ജീരിയായിലെ കത്തോലിക്കാ സമൂഹത്തിന് പ്രത്യാശയുടെ ഉറവിടവും ആകമാന സമൂഹത്തിന് സംഭാഷണത്തിന്‍റെ വിത്തും ആണെന്ന് പറഞ്ഞു.

അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്, സാഹോദര്യവും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു ലോകം ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാന്‍ എല്ലാവര്‍ക്കും   പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു ആണ് ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

ഈ 19 നവവാഴ്ത്തപ്പെട്ടവര്‍ അള്‍ജീരിയായില്‍ 1991 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാം തീവ്വവാദികളും അന്നാടിന്‍റെ സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ ഭിന്ന അവസരങ്ങളില്‍ വധിക്കപ്പെട്ടവരാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2018, 13:04