തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവുമായി, വത്തിക്കാനില്‍ 2013 ഫ്രാന്‍സീസ് പാപ്പാ സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവുമായി, വത്തിക്കാനില്‍ 2013 

നല്ല രാഷ്ട്രമീമാംസ സമാധാന സംസ്ഥാപനത്തിന്!

അമ്പത്തിരണ്ടാം വിശ്വശാന്തി ദിനത്തിനുള്ള ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം പ്രകാശിതമായി. ലോകസമാധന ദിനാചരണം 2019 ജനുവരി ഒന്നിന്. പൗരസമൂഹത്തെ കെട്ടിപ്പടുക്കാനുള്ള മൗലിക ഉപാധിയായ രാഷ്ട്രീയം നരകുലത്തിനുള്ള ഒരു സേവനമായി ജീവിക്കപ്പെടാത്ത പക്ഷം അത് അടിച്ചമര്‍ത്തലിന്‍റെയും പ്രാന്തവല്‍ക്കരണത്തിന്‍റെയും, വിനാശത്തിന്‍റെപോലും ഉപകരണമായി ഭവിക്കുമെന്ന് പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രാഷ്ട്രീയത്തിന് ഉപവിയുടെ മഹനീയരൂപം ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് മാര്‍പ്പാപ്പാ.

ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന അമ്പത്തിരണ്ടാം വിശ്വശാന്തിദിനത്തിന് ”സദ്ഗുണ രാഷ്ട്രീയം സമാധാനസേവനത്തിന്” എന്ന ശീര്‍ഷകത്തില്‍ ചൊവ്വാഴ്ച (18/12/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

രാഷ്ട്രമീമാംസയ്ക്കുള്ള വെല്ലുവിളി

പൗരസമൂഹത്തെ കെട്ടിപ്പടുക്കാനുള്ള മൗലിക ഉപാധിയായ രാഷ്ട്രീയം നരകുലത്തിനുള്ള ഒരു സേവനമായി ജീവിക്കപ്പെടാത്ത പക്ഷം അത് അടിച്ചമര്‍ത്തലിന്‍റെയും പ്രാന്തവല്‍ക്കരണത്തിന്‍റെയും, വിനാശത്തിന്‍റെപോലും ഉപകരണമായി ഭവിക്കും എന്ന മുന്നറിയിപ്പും പാപ്പാ നലകുന്നു.

ജീവനോടും സ്വാതന്ത്ര്യത്തോടും വ്യക്തിമാഹാത്മ്യത്തോടുമുള്ള മൗലികമായ ആദരവില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിനു മാത്രമെ ഉപവിയുടെ ശ്രേഷ്ഠരൂപമായിത്തീരാന്‍ സാധിക്കുകയുള്ളുവെന്നും പാപ്പാ ചൊവ്വാഴ്ച പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ട തന്‍റെ വിശ്വശാന്തിദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സമാധാനം വിതയ്ക്കുക-ക്രിസ്തുശിഷ്യരുടെ ദൗത്യം

യേശു 72 പേരെ തിരഞ്ഞെടുത്ത് പ്രേഷിതദൗത്യത്തിനയക്കവെ “നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും ഈ വിടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം എന്ന ഉപദേശത്തില്‍ നിന്നടര്‍ത്തിയെടുത്ത “ ഈ വീടിന് സമാധാനം” എന്ന ആശംസയോടുകൂടിയാണ് പാപ്പാ തന്‍റെ സന്ദേശം ആരംഭിച്ചിരിക്കുന്നത്.

സമാധാനം നല്കുകയാണ് ക്രിസ്തുശിഷ്യരുടെ ദൗത്യത്തിന്‍റെ കാതല്‍ എന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

സമാധാനസംസ്ഥാപനത്തില്‍ രാഷ്ട്രീയത്തിനുള്ള പങ്കിനെയും രാഷ്ട്രീയത്തിലുള്ള വെല്ലുവിളികളെയുംകുറിച്ചു പരാമര്‍ശിക്കുന്ന പാപ്പാ എന്തുവിലകൊടുത്തും അധികാരം കയ്യാളാനുള്ള പരക്കംപാച്ചില്‍ അധികാരദുര്‍വിനിയോഗത്തിലും അനീതികളിലുമാണ് എത്തിച്ചേരുകയെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നു.

അക്രമത്തിന്‍റെ ശിലകളി‍ക്കിടയില്‍ വിടരാന്‍ ശ്രമിക്കുന്ന ബലഹീന പുഷ്പത്തിനു സമാനമാണ് സമാധാനം എന്ന ഫ്രഞ്ച് കവി “ഷാലെ പെഗ്വീ”യുടെ (Charles Péguy) വാക്കുകള്‍ പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്.

കൂട്ടുത്തരവാദിത്വവും സമാധാനവും

സമാധാനം, വാസ്തവത്തില്‍, മനുഷ്യവ്യക്തികളുടെ കൂട്ടുത്തരവാദിത്വത്തിലും പരസ്പരാശ്രയത്വത്തിലും അധിഷ്ഠിതമായ വന്‍ രാഷ്ട്രീയപദ്ധതിയുടെ ഫലമാണ് സമാധാനം എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

2002ല്‍ മരണമടഞ്ഞ വിയറ്റ്നാം സ്വദേശിയായ കര്‍ദ്ദിനാള്‍ ഫ്രാന്‍സ്വ സവിയേ ന്‍ഗുയേന്‍ വാന്‍ ത്വാന്‍ രാഷ്ട്രീയക്കാര്‍ക്കായി കുറിച്ചിട്ട “അഷ്ഠസൗഭാഗ്യങ്ങള്‍” തന്‍റെ  സന്ദേശത്തില്‍ പാപ്പാ ചേര്‍ത്തിരിക്കുന്നു.

സ്വന്തം ദൗത്യത്തെക്കുറിച്ചു ഉന്നതമായ അവബോധം പുലര്‍ത്തുന്ന നയജ്ഞന്‍ ഭാഗ്യവാന്‍, വിശ്വാസ്യതയുട ദര്‍പ്പണമാകുന്ന രാഷ്ട്രീയക്കാരന്‍ ഭാഗ്യവാന്‍, പൊതുനന്മയ്ക്കായി നിസ്വാര്‍ത്ഥം പരിശ്രമിക്കുന്ന നയജ്ഞന്‍ ഭാഗ്യവാന്‍ എന്നിങ്ങനെ പോകുന്നു ഈ “അഷ്ഠസൗഭാഗ്യങ്ങള്‍”  

അനുവര്‍ഷം ജനുവരി ഒന്നിന്, ദൈവമാതാവിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് സഭ വിശ്വശാന്തി ദിനം ആചരിക്കുന്നത്. 2019 ജനുവരി 1ന് ആചരിക്കപ്പെടുന്നത് അമ്പത്തിരണ്ടാം ലോകസമാധാനദിനമാണ്.

18 December 2018, 13:01