തിരയുക

ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 05-12-18 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 05-12-18 

"പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ" പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്ന നാം ഇനിയും പ്രാര്‍ത്ഥിക്കേണ്ടതെങ്ങിനെ എന്ന് പഠിക്കേണ്ടിയിരിക്കുന്നു... ദൈവത്തിനു പ്രീതികരമാം വിധമാണോ നാം പ്രാര്‍ത്ഥിക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടാ. താഴ്മയോടെയുള്ള പ്രാര്‍ത്ഥന ദൈവം ചെവിക്കൊള്ളും.... "കര്‍ത്തൃപ്രാര്‍ത്ഥനയെ" അധികരിച്ചുള്ള ഫ്രാന്‍സീസ് പാപ്പായുടെ ചിന്തകള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (05/12/18) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു. വിവിധരാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ അവിടെ സന്നിഹിതാരായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അവര്‍ക്കിടയിലൂടെ മന്ദം മന്ദം  നീങ്ങി. കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ക്ക് പാപ്പാ ഹസ്തദാനമേകുകയും ചിലരുമൊത്തു കുശലം പറയുകയും ചെയ്തു.  ചിലരേകിയ ചെറുസമ്മാനങ്ങള്‍ പാപ്പാ പുഞ്ചിരിയോടെ സ്വീകരിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

 അവന്‍ ഒരിടത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ  ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക (ലൂക്കായുടെ സുവിശേഷം 11:1)

ഈ സുവിശേഷ ഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പുതിയൊരു പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിച്ചു. ക്രിസ്തുനാഥന്‍ സ്വശിഷ്യരെ പഠിപ്പിച്ച “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനയാണ് പുതിയ പരമ്പരയ്ക്ക് അവലംബം. പാപ്പായുടെ  മുഖ്യ പ്രഭാഷണം  ഇറ്റാലിയന്‍ ഭാഷയിലായിരുന്നു.

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നു നാം സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പഠനപരമ്പര ആരംഭിക്കുകയാണ്.

യേശു പ്രാര്‍ത്ഥനയുടെ മനുഷ്യന്‍

പ്രാര്‍ത്ഥനയുടെ ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള യേശുവിന്‍റെ വളരെ ജീവസുറ്റ ചിത്രങ്ങളാണ് സുവിശേഷങ്ങള്‍ നമുക്കു കൈമാറിയിരിക്കുന്നത്. യേശു പ്രാര്‍ത്ഥിച്ചിരുന്നു. സ്വന്തം ദൗത്യനിര്‍വ്വഹണവും നിരവധിയായ ജനങ്ങള്‍  ആവശ്യപ്പെടുന്ന വിമോചനവും അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നവെങ്കിലും   ഏകാന്തതയിലായിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത യേശുവിന് അനുഭവപ്പെടുന്നു. യേശുവിന്‍റെ പരസ്യജീവിതാരംഭത്തെക്കുറിച്ചുള്ള വിവരണത്തിന്‍റെ തുടക്കംമുതല്‍ തന്നെ മര്‍ക്കോസിന്‍റെ സുവിശേഷം ഇത് വ്യക്തമാക്കുന്നുണ്ട്. കഫര്‍ണാമില്‍ യേശുവിന്‍റെ തുടക്കദിനം ഒരു വിജയാഘോഷം പോലെ സമാപിക്കുന്നു. സൂര്യാസ്തമയമായപ്പോള്‍ അനേകം രോഗികള്‍ യേശുവിന്‍റെ  വാസസ്ഥലത്തേക്കു കൊണ്ടുവരപ്പെട്ടു. മിശിഹാ പ്രസംഗിക്കുകയും സൗഖ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.  പഴയ പ്രവചനങ്ങളും യാതനകകളനുഭവിക്കുന്ന അനേകം ജനങ്ങളുടെ പ്രതീക്ഷകളും സാക്ഷാത്കൃതമാകുന്നു. യേശു സമീപസ്ഥനായ ദൈവമാണ്, സ്വതന്ത്രനാക്കുന്ന ദൈവമാണ്.  നസ്രത്തിലെ ആ പ്രവാചകനു ചുറ്റും കൂടാനിരിക്കുന്ന ഇതര ജനക്കൂട്ടങ്ങളെ വച്ചു നോക്കുമ്പോള്‍ ചെറുതായിരുന്നു ആ ജനക്കൂട്ടം. ചിലനിമിഷങ്ങളില്‍ യേശുവിന് ചുറ്റും ജനമഹാസമുദ്രം തന്നെയായിരുന്നു തീര്‍ക്കപ്പെട്ടത്. യേശു കേന്ദ്രസ്ഥാനത്തു വരുന്നു. ജനതകള്‍ കാത്തിരുന്നവനും ഇസ്രായേലിന്‍റെ  പ്രത്യാശയുടെ ഫലവുമാണ് അവിടന്ന്.

അകലം പാലിക്കാതെ ഒട്ടിച്ചേരുന്ന നേതാക്കള്‍

എന്നിരുന്നാലും യേശു സ്വതന്ത്രനാണ്; തന്നെ നേതാവായി തിരഞ്ഞെടുത്തവരുടെ പ്രതീക്ഷകളുടെ ബന്ധനത്തില്‍ ആകുന്നില്ല അവിടന്ന്. നേതാക്കള്‍ക്കു മുന്നില്‍ ഇത്തരമൊരു അപകടമുണ്ട്: അതായത്, അകലം പാലിക്കാതെ ജനങ്ങളോട് അത്യധികം ഒട്ടിച്ചേരും. യേശു ഇതു തിരിച്ചറിയുന്നു, അവരുടെ ബന്ദിയാകുന്നില്ല. കഫര്‍ണാമിലെ ആദ്യത്തെ രാത്രിയില്‍ തന്നെ യേശു താന്‍ യഥാര്‍ത്ഥ മിശിഹായാണെന്ന് വെളിപ്പെടുത്തുന്നു. രാത്രി അവസാനിച്ചപ്പോള്‍, അതായത്, അതിരാവിലെ ശിഷ്യന്മാര്‍ യേശുവിനെ അന്വേഷിക്കുന്നു. എന്നാല്‍ അവര്‍ക്ക് കണ്ടെത്താനായില്ല. യേശു എവിടെയാണ്? അവസാനം പത്രോസ്, വിജനമായ ഒരിടത്ത്  പ്രാര്‍ത്ഥനയില്‍ മുഴുകിയ അവിടത്തെ കണ്ടെത്തുന്നു. അപ്പോള്‍ പത്രോസ് അവിടത്തോടു പറയുന്നു: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” (മര്‍ക്കോസ് 1,37). ഈ ഉദ്ഘോഷ​ണം ജനഹിതത്തിന്‍റെ  വിജയത്തിന്‍റെ ഒരു നിബന്ധനയുടെ പരിവേഷമണിയുന്നു, ഒരു ദൗത്യപൂര്‍ത്തീകരണത്തിന്‍റെ വിജയത്തിന്‍റെ തെളിവായി മാറുന്നു.

എങ്ങും ഒട്ടിനില്ക്കാതെ ചലിക്കുന്ന യേശു

എന്നാല്‍ യേശു ശിഷ്യരോടു പറയുന്നത് തനിക്ക് മറ്റിടങ്ങളിലേക്കു പോകാനുണ്ടെന്നാണ്. ജനങ്ങളല്ല തന്നെ അന്വേഷിക്കേണ്ടത്, സര്‍വ്വോപരി, താനാണ് മറ്റുള്ളവരെ അന്വേഷിച്ചുപോകുന്നത് എന്ന് യേശു വ്യക്തമാക്കുകയാണ്. ആകയാല്‍ ഒരിടത്ത് വേരുറപ്പിക്കാനാകില്ല, മറിച്ച് ഗലീലിയിലെ വഴികളിലൂടെ നിരന്തര തീര്‍ത്ഥാടനം തുടരേണ്ടിയിരിക്കുന്നു. അവിടന്ന് പിതാവിന്‍റെ പക്കലേക്കുമുള്ള തീര്‍ത്ഥാടകനാണ്, അതായത് പ്രാര്‍ത്ഥനയിലൂടെ അവിടന്ന് തീര്‍ത്ഥാടനം ചെയ്യുന്നു. പ്രാര്‍ത്ഥാനായാത്രയിലാണ് അവിടന്ന്. യേശു പ്രാര്‍ത്ഥിക്കുന്നു.

സകലവും സംഭവിക്കുന്നത് പ്രാര്‍ത്ഥനയുടെതായ ഒരു നിശയിലാണ്.

യേശുവും പിതാവുമായുള്ള ഉറ്റബന്ധം

വേദപുസ്തകത്തിലെ ചില താളുകളില്‍ കാണുന്നതനുസരിച്ച് സകലത്തെയും നയിക്കുന്നത് സര്‍വ്വോപരി, യേശുവിന്‍റെ പ്രാര്‍ത്ഥന, പിതാവുമായുള്ള അവിടത്തെ ഉറ്റ ബന്ധം ആണെന്ന പ്രതീതിയുളവാകുന്നു. ഉദാഹരണത്തിന്, ഗത്സേമനിലെ രാത്രി. യേശുവിന്‍റെ  യാത്രയുടെ അന്തിമഘട്ടം അതിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത് യേശു പിതാവിനെ നിരന്തരം ശ്രവിക്കുന്നതിലാണ് എന്നാണ് തോന്നുക.

യേശുവിന്‍റെ പ്രാര്‍ത്ഥനയും അതിലൊളിഞ്ഞിരിക്കുന്നതും

ഇതാണ് കാതല്‍: അതായത്, യേശു അവിടെ പ്രാര്‍ത്ഥിക്കുകയായിരുന്നു.

കുരിശില്‍ ജീവന്‍ വെടിയുന്നതിന് തൊട്ടുമുമ്പുള്ള യേശുവിന്‍റെ അവസാനവാക്കുകള്‍ സങ്കീര്‍ത്തന വചനസ്സുകളായിരുന്നു, അതായത്, യഹൂദരുടെ പ്രാ‍ര്‍ത്ഥനയായിരുന്നു. അമ്മ അവിടെത്ത പഠിപ്പിച്ച പ്രാര്‍ത്ഥനയായിരുന്നു.

ലോകത്തിലെ ഏതൊരു വ്യക്തിയും പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് യേശുവും പ്രാര്‍ത്ഥിച്ചിരുന്നത്. എന്നിരുന്നാലും അവിടത്തെ പ്രാര്‍ത്ഥനയില്‍ ഒരു നിഗൂഢത അന്തര്‍ലീനമായിരുന്നു. അത് ശിഷ്യന്മാര്‍ മനസ്സിലാക്കി എന്നതിന് തെളിവാണ് സുവിശേഷങ്ങളില്‍ കാണുന്ന അവരുടെ ഉടനടിയുള്ളതും ലളിതവുമായ അഭ്യര്‍ത്ഥന: “കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കേണമേ” (ലൂക്ക 11,1).  അവിടന്ന് ശിഷ്യര്‍ക്ക് പ്രാര്‍ത്ഥനയുടെ ഗുരുവായിത്തീരുന്നു. നാമെല്ലാവരുടെയും ഗുരുവാകാന്‍ അവിടന്ന് തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. നമ്മളും പറയണം: “കര്‍ത്താവേ, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ. എന്നെ പഠിപ്പിക്കൂ” എന്ന്.

നമുക്കു പ്രാര്‍ത്ഥിക്കാന്‍ അറിയാമോ?

നിരവധി വര്‍ഷങ്ങളായി നാം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും നാം എന്നും പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ വാസ്തവത്തില്‍ ദൈവം ആഗ്രഹിക്കുന്ന രീതിയാലാണോ എന്ന് നമുക്കുതന്നെ അറിഞ്ഞുകൂടാ. അവസാനം ദൈവം തള്ളിക്കളയുന്ന അനുചിതപ്രാര്‍ത്ഥനയ്ക്കുള്ള ഉദാഹരണം ബൈബിള്‍ തന്നെ നല്കുന്നുണ്ട്. അതിന്, ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമ ഓര്‍ത്താല്‍ മതി.  ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി ദേവാലയത്തില്‍ നിന്ന് വീട്ടിലേക്കു പോകുന്നത് ചുങ്കക്കാരനാണ്. കാരണം ഫരിസേയന്‍ പൊങ്ങച്ചക്കാരനും താന്‍ പ്രാര്‍ത്ഥിക്കുന്നത് എല്ലാവരും കാണാന്‍ ഇഷ്ടപ്പെടുന്നവനും പ്രാര്‍ത്ഥിക്കുന്നതായി അഭിനയിക്കുന്നവനുമായിരുന്നു. ഹൃദയം തണുത്തുറഞ്ഞതായിരുന്നു.

എളിമയെന്ന മുന്‍ വ്യവസ്ഥ

പ്രാര്‍ത്ഥനയുടെ ആദ്യ പടി എളിമയാണ്. പിതാവിന്‍റെ പക്കലേക്കു പോകുക എന്നിട്ടു പറയുക: ഞാന്‍ പാപിയാണ്, ബലഹീനനാണ്, കൊള്ളരുതാത്തവനാണ് എന്ന്. എന്താണ് പറയേണ്ടതെന്ന് ഓരോ വ്യക്തിക്കും അറിയാം. എന്നാല്‍ എല്ലായ്പോഴും വിനയത്തില്‍ നിന്നു തുടങ്ങുക. അപ്പോള്‍ കര്‍ത്താവു കേള്‍ക്കും. എളിയ പ്രാര്‍ത്ഥന കര്‍ത്താവ് ചെവിക്കൊള്ളും.

“കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്ക​ണേ” എന്ന് ഈ ആഗമനകാലത്തില്‍ ആവര്‍ത്തിക്കുക മനോഹരമാണ്. നമുക്കെല്ലാവര്‍ക്കും അല്പംകൂടി കടന്ന് കൂടുതല്‍ നന്നായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. ഈ ആഗമനകാലത്തില്‍ നമുക്ക് അങ്ങനെ പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന ഫലശൂന്യമായിപ്പോകാന്‍, തീര്‍ച്ചയായും, അവിടന്ന് ഇടയാക്കില്ല.    

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഡിസംബര്‍ 8 ന്, ശനിയാഴ്ച അമലോത്ഭവനാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

തദ്ദനന്തരം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2018, 13:06