തിരയുക

ഫ്രാന്‍സീസ് പാപ്പാ  പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 19/12/18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 19/12/18 

യേശുവിനാല്‍ വിസ്മയത്തിലാഴ്ത്തപ്പെടാന്‍ സ്വയം അനുവദിക്കുക!

ഉപഭോഗത്തിന്‍റെതായ കോലാഹലത്തിനടയില്‍ ദൈവത്തിന്‍റെ നിശബ്ദ സ്വനം ഇഷ്ടപ്പെടുകയാണ് തിരുപ്പിറവിയാഘേഷം. പുല്‍ക്കൂടിനു മുന്നില്‍ മൗനത്തില്‍ ചിലവഴിക്കാന്‍ നമുക്കറിയാമെങ്കില്‍ തിരുജനനം നമുക്കും ഒരു വിസ്മയമാകും, പുല്‍ക്കൂടിനു മുന്നില്‍ നശബ്ദമായി നില്ക്കുക- ഇതാണ് തിരുപ്പിറവിക്കായുള്ള ക്ഷണം. പുല്‍ക്കൂടിനു മുന്നിലേക്കു പോകുക, നിശബ്ദനായി നില്ക്കുക, അപ്പോള്‍ വിസ്മയം ദര്‍ശിക്കാനാകും, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

താഴ്ന്ന താപനില താപമാപനിയില്‍ പൂജ്യത്തില്‍ വരെ എത്തിയ ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ച (19/12/18). ശൈത്യം ശക്തമായിരുന്നെങ്കിലും  ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ വത്തിക്കാനില്‍ എത്തിയിരുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടു കരഘോത്തോടും കൂടെ വരവേറ്റു. പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ സാവധാനം നീങ്ങി. പാപ്പാ കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലരുമായി കുശലം പറഞ്ഞ പാപ്പാ പുഞ്ചിരിയോടെ നീങ്ങവെ, ചിലര്‍ പാപ്പായുടെ കരം ഗ്രഹിക്കാനും പാപ്പായെ സ്പര്‍ശിക്കാനും ശ്രമിക്കുന്നുമുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.40 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.10 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.10 അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.11 അവന്‍ സ്വജനത്തിന്‍റെ  അ‌ടുത്തേക്കു വന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല.12 തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്കി.” (യോഹന്നാന്‍റെ സുവിശേഷം 1:9-12)

ഈ സുവിശേഷ ഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയക്ക് താല്ക്കാലിക വിരാമമിട്ടുകൊണ്ട് “തിരുപ്പിറവി” തിരുന്നാള്‍ ചിന്തകള്‍ പങ്കുവച്ചു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

നമ്മുടെ ക്രിസ്തുമസ് ആഘോഷം ദൈവത്തിന് ഹിതകരമാണോ?

ഇനി ആറാം ദിനം ക്രിസ്തുമസ് ആണ്. എല്ലായിടത്തും കാണപ്പെടുന്ന ക്രിസ്തുമസ് മരങ്ങളും അലങ്കാരങ്ങളും ദീപങ്ങളും ദ്യോതിപ്പിക്കുന്നത് ഇക്കൊല്ലവും ആഘോഷം തന്നെയാണെന്നാണ്. വിസ്മയം ജനിപ്പിക്കുന്നതിനായി എന്നും നൂതനങ്ങളായ സമ്മാനങ്ങള്‍ കൈമാറാന്‍ പരസ്യങ്ങള്‍ ക്ഷണിക്കുന്നു. എന്നാല്‍, ഞാന്‍ സ്വയം ചോദിക്കുകയാണ്, ഈ ആഘോഷം ദൈവത്തിനു പ്രീതികരമാണോ? അവിടന്നാഗ്രഹിക്കുന്നത് എപ്രകാരമുള്ള ക്രിസ്തുമസ്സും എങ്ങനെയുള്ള സമ്മാനങ്ങളും എന്തുതരം വിസ്മയങ്ങളും ആണ്?

ദൈവേഷ്ടങ്ങള്‍ ......മനുഷ്യാവതാരചരിത്രത്തിലെ വിസ്മയങ്ങള്‍......

ദൈവത്തിന്‍റെ ഇഷ്ടങ്ങള്‍ അറിയുന്നതിന് നമുക്ക് ചരിത്രത്തിലെ പ്രഥമ തിരുപ്പിറവിയിലേക്ക് ഒന്നു നോക്കാം. ചരിത്രത്തിലെ  ആ ആദ്യ ക്രിസ്തുമസ് വിസ്മയങ്ങളാല്‍ പൂരിതമായിരുന്നു. യൗസേപ്പിന്‍റെ പ്രതിശ്രുത വധുവായിരുന്ന മറിയത്തില്‍ നിന്ന് അത് ആരംഭിക്കുന്നു: ദൈവദൂതന്‍ എത്തുകയും ജീവിതം മാറിമറിയുകയും ചെയ്യുന്നു. കന്യക അമ്മയാകും. പുത്രനെ ജനിപ്പിക്കാതെ തന്നെ ഒരു പിതാവാകാന്‍ വിളിക്കപ്പെട്ട യൗസേപ്പിലൂടെ വിസ്മയം തുടരുകയാണ്. അപ്രതീക്ഷിത സംഭവം, അനവസരത്തില്‍, അതായത്, മറിയവും യൗസേപ്പും തമ്മില്‍ വിവാഹം നിശ്ചയം കഴിയുകയും, സഹവസിക്കാന്‍ നിയമം അവരെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമയത്താണ് ഈ പുത്രന്‍റെ ആഗമനം. മാനഹാനിയുടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ സല്‍പ്പേര് നഷ്ടപ്പെടാതിരിക്കുന്നതിന് സ്ത്രീയെ ഉപേക്ഷിക്കാം. ആ അവകാശമുണ്ടായിരിക്കെ യൗസേപ്പ് ആശ്ചര്യമുളവാക്കുകയാണ് ചെയ്യുന്നത്. സ്വന്തം പേരിനു കളങ്കം ചാര്‍ത്തപ്പെട്ടാലും മറിയത്തെ അപമാനിതയാക്കാതിരിക്കുന്നതിന് യൗസേപ്പ് അവളെ രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. വീണ്ടും മറ്റൊരു വിസ്മയം: ദൈവം സ്വപ്നത്തില്‍ യൗസേപ്പിന്‍റെ പദ്ധതിക്ക് മാറ്റം വരുത്തുന്നു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ യൗസേപ്പിനോട് ദൈവം ആവശ്യപ്പെടുന്നു. ഒരു കുടുംബത്തെക്കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്ന വേളയില്‍ യേശു ജനിച്ചപ്പോള്‍ വീണ്ടും യേൗസേപ്പിനോട് എഴുന്നേറ്റ് ഈജിപ്തിലേക്കു പോകാന്‍ ദൈവം സ്വപ്നത്തില്‍ ആവശ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തിരുപ്പിറവി അപ്രതീക്ഷിതങ്ങളായ ജീവിതമാറ്റങ്ങളാണ് ഉളവാക്കുന്നത്. ക്രിസ്തുമസ് ജീവിക്കാന്‍ നാം ആഗ്രിഹിക്കുന്നുണ്ടെങ്കില്‍ നാം ഹൃദയം തുറന്നിടുകയും വിസ്മയങ്ങള്‍ക്ക്, അതായത്, അപ്രതീക്ഷിതമായ ജീവിത മാറ്റത്തിന് സന്നദ്ധരായിരിക്കുകയും വേണം.

അറിയപ്പെടാത്ത ദൈവം

എന്നാല്‍ തിരുപ്പിറവിയുടെ നിശയിലാണ് ആ മഹാത്ഭുതം സംഭവിക്കുന്നത്: അത്യുന്നതന്‍ ഒരു ശിശുവാകുന്നു. ദൈവവചനം ഒരു ശിശുവാകുന്നു. ഇതിന്‍റെ  അക്ഷരാര്‍ത്ഥം, “സംസാര ശേഷിയില്ലാത്ത” എന്നാണ്. ദൈവവചനം സംസാരശേഷിയില്ലാത്താതായി മാറുന്നു. രക്ഷകനെ സ്വീകരിക്കുന്നത് അക്കാലഘട്ടത്തിലെയൊ ആ പ്രദേശത്തേയൊ ഭരണാധികരികളോ സ്ഥാനപതികളൊ അല്ല. മറിച്ച്, എളിയവരായ ഇടയന്മാരാണ്. രാത്രിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന അവര്‍ ദൈവദൂതരുടെ വാക്കുകള്‍ കേട്ട് ആശ്ചര്യഭരിതരായി നിസ്സംശയം ഓടിയെത്തുന്നു. തിരുപ്പിറവി ദൈവത്തിന്‍റെ അജ്ഞാതനെ ആഘോഷിക്കലാണ്, അതിലുപരി, നമ്മുടെ യുക്തികളെയും പ്രതീക്ഷകളെയും തകിടംമറിക്കുന്ന അറിയപ്പെടാത്ത ഒരു ദൈവത്തെ ആഘോഷിക്കലാണ്.

വിസ്മയങ്ങളെ സ്വാഗതം ചെയ്യല്‍

ആകയാല്‍ തിരുപ്പിറവിയാഘോഷിക്കുകയെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വിസ്മയങ്ങളെ ഭൂമിയില്‍ വരവേല്‍ക്കുകയാണ്. സ്വര്‍ഗ്ഗം മണ്ണിലേക്ക് അതിന്‍റെ നവീനതകള്‍ കൊണ്ടുവരുമ്പോള്‍ ഭൗമികമായി മാത്രം ജീവിക്കാന്‍ ഒരുവനാകില്ല. ക്രിസ്തുമസ് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുന്നു. അവിടെ ജീവിതം ആസൂത്രിതമായിരിക്കില്ല, മറിച്ച് ജീവിതം ആത്മദാനമാകുന്നു. അവിടെ ഒരുവന്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസൃതം അവനവനുവേണ്ടിയല്ല പ്രത്യുത ദൈവത്തിനുവേണ്ടിയാണ് ജീവിക്കുക; ദൈവത്തോടു കൂടിയാണ് ജീവിക്കുക. എന്തെന്നാല്‍ തിരുപ്പിറവിയോടുകൂടെ ദൈവം നമ്മോടുകൂടെ ആയിത്തീര്‍ന്നു. അവിടന്ന് നമ്മോടുകൂടെ ജീവിക്കുന്നു, നമ്മോടൊപ്പം ചരിക്കുന്നു. തിരുപ്പിറവി ജീവിക്കുകയെന്നാല്‍ അതിന്‍റെ വിസ്മയദായക നവീനതയാല്‍ പ്രകമ്പിതരാകാന്‍ നമ്മെത്തന്നെ അനുവദിക്കലാണ്. യേശുവിന്‍റെ തിരുജനനം നെരിപ്പോടിലെ സാന്ത്വനദായക താപമല്ല നല്കുക, മറിച്ച് ചരിത്രത്തെ പ്രകമ്പനം കൊള്ളിക്കുന്ന ദൈവികമായ വിറയലാണ്. തിരുപ്പിറവി ഔദ്ധത്യത്തിന്‍റെ മേല്‍ എളിമയുടെയും ധാരാളിത്തത്തിന്‍റെ മേല്‍ ലാളിത്യത്തിന്‍റെയും ഇരമ്പലിന്‍റ മേല്‍ മൗനത്തിന്‍റെയും എന്‍റെ ഇഷ്ടത്തിന്മേല്‍ പ്രാര്‍ത്ഥനയുടെയും എന്‍റെ അഹത്തിന്‍റെ മേല്‍ ദൈവത്തിന്‍റെയും വിജയമാണ്.

ആവശ്യത്തിലിരിക്കുന്നവരുടെ ചാരത്തെത്തുക

തിരുപ്പിറവിയാഘോഷമെന്നാല്‍, ആവശ്യത്തിലിരിക്കുന്ന നമുക്കുവേണ്ടി ആഗതനായ യേശുവിനെപ്പോലെ പ്രവര്‍ത്തിക്കുകയും നമ്മെ ആവശ്യമുള്ളതാര്‍ക്കണോ അവന്‍റെ  പക്കലേക്കിറങ്ങിച്ചെല്ലുകയുമാണ്. മറിയത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണ്, അതായത്, ദൈവത്തോട് വിധേയത്വം പുലര്‍ത്തുകയും അവിടന്ന് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയില്ലെങ്കില്‍ കൂടി അവിടന്നില്‍ വിശ്വാസമര്‍പ്പിക്കുകയുമാണ്. തിരുപ്പിറവിയാഘോഷിക്കുകയെന്നാല്‍ യൗസേപ്പിനെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ പദ്ധതികള്‍ക്കനുസൃതമല്ലാത്തതാണെങ്കിലും ദൈവഹിതം എന്താണോ അതു നിറവേറ്റുന്നതിന് എഴുന്നേല്‍ക്കുക. വിശുദ്ധ യൗസേപ്പ് വിസ്മയം ജനിപ്പിക്കുന്നു. അദ്ദേഹം സംസാരിക്കുന്നതായി സുവിശേഷത്തില്‍ കാണുന്നില്ല. യൗസേപ്പിന്‍റെതായി ഒരു വാക്കുപോലും സുവിശേഷത്തിലില്ല. കര്‍ത്താവ് നിശബ്ദതയില്‍ യൗസേപ്പിനോടു മൊഴിയുന്നു. യൗസേപ്പ് നിദ്രാവസ്ഥയിലായിരിക്കുമ്പോഴാണ് കര്‍ത്താവ് അദ്ദേഹത്തോട് സംസാരിക്കുന്നത്. ഉപഭോഗത്തിന്‍റെതായ കോലാഹലത്തിനടയില്‍ ദൈവത്തിന്‍റെ നിശബ്ദ സ്വനം ഇഷ്ടപ്പെടുകയാണ് തിരുപ്പിറവിയാഘേഷം. പുല്‍ക്കൂടിനു മുന്നില്‍ മൗനത്തില്‍ ചിലവഴിക്കാന്‍ നമുക്കറിയാമെങ്കില്‍ തിരുജനനം നമുക്കും ഒരു വിസ്മയമാകും, നാം മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നാകും. പുല്‍ക്കൂടിനു മുന്നില്‍ നശബ്ദമായി നില്ക്കുക- ഇതാണ് തിരുപ്പിറവിക്കായുള്ള ക്ഷണം. നീ അല്പസമയം മാറ്റിവയ്ക്കുക, പുല്‍ക്കൂടിനു മുന്നിലേക്കു പോകുക, നിശബ്ദനായി നില്ക്കുക, അപ്പോള്‍ വിസ്മയം കാണാം.

തിരുപ്പിറവിയെ ലൗകികാഘോഷമാക്കല്ലെ....

ദൗര്‍ഭാഗ്യവശാല്‍ തിരുപ്പിറവിയാഘോഷത്തില്‍ തെറ്റു സംഭവിക്കാം. സ്വര്‍ഗ്ഗീയമായ നവീനതയെക്കാള്‍ മണ്ണിലെ സാധാരണങ്ങളായവയെ നാം ഇഷ്ടപ്പെടാം. അങ്ങനെ തിരുപ്പിറവി മനോഹരമായ ഒരു പാരമ്പര്യാഘോഷമായി പരിണമിക്കും. അവിടെ കേന്ദ്രസ്ഥാനത്തു വരുന്നത് ദൈവപുത്രനല്ല നമ്മളായിരിക്കും. അങ്ങനെ അത് നഷ്ടാവസരമായി ഭവിക്കും. തിരുപ്പിറവിയെ ദയവുചെയ്ത് ഭൗതികവത്ക്കരിക്കല്ലേ. ആഘോഷത്തിനു പാത്രമായവനെ നാം മാറ്റി നിറുത്തരുത്, യോഹന്നാന്‍റെ  സുവിശേഷത്തില്‍ നാം വായിക്കുന്നു:  “അവന്‍ സ്വജനത്തിന്‍റെ പക്കലേക്കു വന്നു, അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹന്നാന്‍ 1,11)  

യൗസേപ്പിനെയും മറിയത്തെയും യേശുവിനെയുെം കര്‍മ്മങ്ങളില്‍ പ്രതിഫലിപ്പിക്കുക

യൗസേപ്പിനെപ്പോലെ മൗനത്തിന് ഇടം നല്കിയാല്‍, മറിയത്തെപ്പോലെ ദൈവത്തോട് "ഇതാ ഞാന്‍" എന്നു പറഞ്ഞാല്‍, യേശുവിനെപ്പോലെ നാം ഏകാന്തതയനുഭവിക്കുന്നവരുടെ ചാരത്തായിരുന്നാല്‍, ഇടയന്മാരെപ്പോലെ യേശവിനോടുകൂടെ ആയിരിക്കാന്‍ നാം നമ്മുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തുകടന്നാല്‍,  ഇതാ തിരുപ്പിറിവിയാകും. ബത്ലഹേമിലെ ദരിദ്രമായ ആ ഗുഹയില്‍ വെളിച്ചം കാണാന്‍ നമുക്കു സാധിച്ചാല്‍ തിരുപ്പിറവിയാകും. എന്നാല്‍ നാം ലോകത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അന്വേഷിക്കുകയും, ദൈവത്തിന്‍റെ ഛായയുള്ള ഒരു പാവപ്പെട്ടവനെയെങ്കിലും സഹായിക്കാതെ നാം സമ്മാനങ്ങളാലും ഉച്ചവിരുന്നുകളാലും അത്താഴങ്ങളാലും നമ്മെത്തന്നെ നിറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ അത് കിസ്തുമസ് ആകില്ല.

യേശുവിനാല്‍ വിസ്മയംകൊള്ളാന്‍ നമ്മെത്തന്നെ തുറന്നിടാം

പ്രിയ സഹോദരീസഹോദരന്മാരേ, എല്ലാവര്‍ക്കും നല്ലൊരു തിരുപ്പിറവി, യേശുവിന്‍റെ  വിസ്മയങ്ങളാല്‍ സമ്പന്നമായ ഒരു തിരുപ്പിറവി ഞാന്‍ ആശംസിക്കുന്നു. അവ സുഖകരമല്ലാത്ത വിസ്മയങ്ങളായി തോന്നാം എന്നാല്‍ ദൈവത്തിന്‍റെ ഇഷ്ടങ്ങളാണ്. നാം അവയുമായി |ഒന്നാകുന്ന പക്ഷം നാം നമുക്കുതന്നെ വിളങ്ങുന്ന വിസ്മയം തീര്‍ക്കും. വിസ്മയിക്കാനുള്ള കഴിവ് നാമോരോരുത്തരുടെയും ഹൃദയത്തില്‍ നാം മറച്ചു വച്ചിരിക്കുന്നു.  യേശുവിനാല്‍ അത്ഭുതപ്പെടുത്തപ്പെടാന്‍ നമുക്കു നമ്മെത്തന്നെ അനുവദിക്കാം ഈ തിരുപ്പിറവിയില്‍. നന്ദി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2018, 13:36