തിരയുക

Vatican News
Pope Francis during audience with children and family from the dispensary of Santa Marta 17-12-18 Pope Francis during audience with children and family from the dispensary of Santa Marta 17-12-18  (ANSA)

കുട്ടികള്‍ നല്കുന്ന ജീവിത യാഥാര്‍ത്ഥ്യത്തിന്‍റെ പാഠങ്ങള്‍!

“സാന്താ മാര്‍ത്ത” ഡിസ്പെന്‍സറിയിലെ പാവം കുട്ടികള്‍ക്കു നല്കിയ ക്രിസ്തുമസ് സന്ദേശത്തില്‍നിന്ന്:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പിറന്നാളില്‍ പാപ്പായ്ക്കൊപ്പം  പാവംകുട്ടികള്‍
തന്‍റെ ജന്മനാളിനോട് അനുബന്ധിച്ച് ഡിസംബര്‍ 15-‍Ɔο തിയതി ഞായറാഴ്ച വൈകുന്നേരം ആശംസകളുമായി വന്ന വത്തിക്കാനിലെ പാവങ്ങള്‍ക്കുള്ള ഡിസ്പെന്‍സറിയിലെ രോഗികളായ കുട്ടികളോടും അവരുടെ അമ്മമാരോടും പരിചാരകരോടും പാപ്പാ ഫ്രാന്‍സിസ് കുശലം പറയുകയും അവര്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്കുകയുംചെയ്തു.

നസ്രത്തില്‍ ആശുപത്രി ഉണ്ടായിരുന്നോ?!
ഉണ്ണിയേശു പിറന്നത് വളരെ താഴ്മയില്‍ ഒരു കാലത്തൊഴുത്തിലായിരുന്നു. പിന്നെ ദീര്‍ഘനാള്‍ നസ്രത്തിലെ കൊച്ചുവീട്ടിലും പാര്‍ത്തു. ഉണ്ണിക്ക് തണുപ്പില്‍ ജലദോഷവും പനിയും പിടിച്ചപ്പോള്‍ മരുന്നു വാങ്ങാന്‍ നസ്രത്തില്‍ ഒരിടം ഉണ്ടായിരുന്നോ ആവോ...?! പാപ്പാ ഫ്രാന്‍സിസ് കുണ്ഠിതപ്പെട്ടു. എന്നാല്‍ തിരുക്കുടുംബം റോമിലായിരുന്നെങ്കില്‍ പാവപ്പെട്ടവരെ പരിപാലിക്കുന്ന വത്തിക്കാനിലെ സാന്താ മാര്‍ത്തയിലെ ഡിസ്പെന്‍സറിയില്‍ അവര്‍ വന്നേനേ...! നര്‍മ്മരസത്തോടെ പാപ്പാ കുട്ടികളോടു പറഞ്ഞു. കാരണം, ദൈവം മനുഷ്യനായി ഈ ലോകത്തേയ്ക്കു വന്നത് പാവങ്ങളില്‍ ഒരു പാവപ്പെട്ടവനായിട്ടായിരുന്നു.

ഓജസേകുന്ന കുഞ്ഞോമനകള്‍
വത്തിക്കാനിലെ സാന്താ മാര്‍ത്ത ഡിസ്പെന്‍സറി സജീവമാകുന്നതും അര്‍ത്ഥവത്താകുന്നതും അവിടത്തെ കുട്ടികളുടെയും അവര്‍ക്കൊപ്പമുള്ള അമ്മമാരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും, അവരെ സഹായിക്കുന്ന യുവജനങ്ങളുടെയും സാമീപ്യംകൊണ്ടാണ്. ഒപ്പം  കുട്ടികളുടെ ഓമനത്ത്വവും ലാളിത്യവുംകൊണ്ട് സാന്താ മാര്‍ത്ത ക്ലിനിക് കൂടുതല്‍ സജീവമാകുന്നു.

കുട്ടികള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പഠിപ്പിക്കും
കുട്ടികളു‌ടെ കൂടെയായിരിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അവര്‍ നമ്മെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അവര്‍ വലിയ ജീവിതപാഠങ്ങളാണ് പകര്‍ന്നു തരുന്നതെന്ന് പാപ്പാ പങ്കുവച്ചു. അവര്‍ പഠിപ്പിക്കുന്നത് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. ഒരു കുട്ടിയെ ചുംബിക്കുകയോ കൈയ്യില്‍ എടുക്കുകയോ ചെയ്യണമെങ്കില്‍ നാം അവരിലേയ്ക്ക് വളരെ ഭവ്യതയോടെ താഴ്ന്നിറങ്ങണം. നാം എളിയവരാകണം. ഇത് കുട്ടികള്‍ പഠിപ്പിക്കുന്ന പാഠമാണ്. തന്‍റെ അനുഭവമാണിതെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി. അഹങ്കാരികള്‍ക്കും വലിയവര്‍ക്കും ഇത് മനസ്സിലാകണമെന്നില്ല. കാരണം അവര്‍ക്കു സ്വയം താഴാനും എളിയവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും ഇഷ്ടമുണ്ടാകില്ല. താഴ്മയില്‍ ഇറങ്ങാനും എളിമയില്‍ ഇറങ്ങിച്ചെല്ലാനും സാധിച്ചാല്‍ നാം ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പഠിക്കും. മറ്റുള്ളവരെ, വിശിഷ്യാ എളിയവരെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും മനസ്സിലാക്കാനും, അവരെ സഹായിക്കാനും അപ്പോള്‍ നമുക്കു സാധിക്കും.

തിരുപ്പിറവിയുടെ ആശംസകള്‍!
വത്തിക്കാനിലെ സാന്താ മാര്‍ത്ത ക്ലിനിക്കിലെ (Santa Marta Dispensary) സഹകാരികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സ്വയം താഴാനും, രോഗികളും പാവങ്ങളുമായ കുട്ടികളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ലാളിത്യമാര്‍ന്നു ജീവിക്കാനും സാധിക്കുന്നുണ്ടെന്നാണ് തന്‍റെ വിശ്വാസമെന്ന് പാപ്പാ പറഞ്ഞു. ആശംസകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി! അഭിനന്ദനങ്ങള്‍!! താഴ്മയില്‍ നമ്മോടൊത്തു വസിക്കാന്‍ മനുഷ്യനായി  ആഗതനായ  ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

17 December 2018, 18:00