തിരയുക

Vatican News
Mother of Guadalupe, the first teacher of Gospel Mother of Guadalupe, the first teacher of Gospel 

മറിയം സുവിശേഷത്തിന്‍റെ പ്രഥമ അദ്ധ്യാപിക!

ഡിസംബര്‍ 12 ബുധനാഴ്ച - ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേ പങ്കുവച്ച അത്യപൂര്‍വ്വമായ മേരിയന്‍ ചിന്തകളുടെ പരിഭാഷ താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1 ദൈവത്തെ എന്നും പ്രകീര്‍ത്തിച്ച മറിയം
“എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്‍റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ
ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കും.” (ലൂക്ക 1, 46-48).

ഇങ്ങനെയാണ് മറിയത്തിന്‍റെ സ്തോത്രഗീതം ആരംഭിക്കുന്നത്. രക്ഷകനായ ദൈവത്തിന്‍റെ പ്രഘോഷണത്തിലൂടെ മറിയം സുവിശേഷത്തിന്‍റെ അദ്ധ്യാപികയായി മാറി. ദൈവത്തിന്‍റെ കരുണകള്‍ പ്രകീര്‍ത്തിക്കുകയെന്നത് ദൈവം പൂര്‍വ്വപിതാക്കള്‍ക്കു നല്കിയ വാഗ്ദാനവും ഇന്നു നമുക്കു നല്കുന്ന ക്ഷണവുമാണ്. മറിയം നമ്മെ പഠിപ്പിക്കുന്നത്, പ്രത്യാശയുടെയും സമര്‍പ്പണത്തിന്‍റെയും ജീവിതത്തില്‍ പ്രഭാഷണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രസക്തിയില്ലെന്നാണ്. മറിയത്തിന്‍റെ മാതൃക വളരെ ലളിതമാണ്. മറിയം ദൈവികവഴികളില്‍ ചരിച്ചു, ദൈവത്തിന്‍റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. രണ്ടും മറിയത്തിന്‍റെ ജീവിതത്തിലെ ശ്രേഷ്ഠതയാണ്.

2 മറിയത്തിന്‍റെ  ആത്മീയവഴികള്‍
മാലാഖ നല്കിയ സന്ദേശത്തെ തുടര്‍ന്ന് ഗര്‍ഭവതിയായ തന്‍റെ ചാര്‍ച്ചക്കാരി എലിസബത്തിനെ സഹായിക്കാന്‍ മറിയം നസ്രത്തില്‍നിന്നും തിടുക്കത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നു.  കാനായലെ കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നുപോയെന്ന് അറിഞ്ഞിട്ട് മറിയം ഉടനെ തന്‍റെ മകന്‍റെ പക്കലേയ്ക്ക് ഓടുന്നു. പിന്നീട് വാര്‍ദ്ധക്യത്തില്‍ എത്തിയ മറിയം ഗാഗുല്‍ത്തായിലെ കുരിശിന്‍ ചുവിട്ടിലേയ്ക്ക്, തന്‍റെ തിരുക്കുമാരന്‍റെ പരിത്യക്തതയുടെയും പീഡകളുടെയും കൂരിരുട്ടിലേയ്ക്ക് നടന്നുചെല്ലുന്നു.

മെക്സിക്കോയിലെ തെപയാക് കുന്നിന്‍ ചരുവിലെ ജുവാന്‍ ദിയേഗോ എന്ന പാവം കര്‍ഷകന്‍റെ പക്കലേയ്ക്കു നടന്നെത്തിയ മറിയം, പിന്നെ ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ജനതകള്‍ക്കൊപ്പം ഇന്നും ചരിക്കുന്നു. തന്‍റെ ചിത്രമുള്ളിടത്തും തന്‍റെ പേരില്‍ ഒരു തിരി തെളിയുന്നിടത്തും, ഒരു കുരിശുരൂപമോ ജപമാലയോ കൈയ്യില്‍ ഏന്തുന്നവരുടെ പക്കലേയ്ക്കും മറിയം നടന്നുചെല്ലുന്നു. “നന്മ നിറഞ്ഞമറിയമേ...”  എന്ന ജപം ചൊല്ലി തന്നെ വിളിച്ചപേക്ഷിക്കുന്ന ഭവനങ്ങളിലേയ്ക്കും, സമൂഹങ്ങളിലേയ്ക്കും, ജയില്‍ മുറികളിലേയ്ക്കും, ആശുപത്രി വാര്‍ഡുകളിലേയ്ക്കും, ആതുരാലയങ്ങളിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്കും  മറിയം ഇന്നുമെന്നും   ആത്മീയമായി നടന്നെത്തുന്നുണ്ട് (Nican Mopohua, 119). ഒരു അമ്മയുടെ ലാളിത്യത്തോടും സാന്ദ്രമായ സ്നേഹത്തോടുംകൂടെ മറിയം മനുഷ്യരുടെ അനുദിന ജീവിതത്തിന്‍റെ എല്ലാ സാഹചര്യങ്ങളിലും, ജീവിതത്തിന്‍റെ കോളിളക്കങ്ങളിലും അമ്മ സാന്ത്വനമായി നടന്നെത്തുന്നു.

3 മറിയം പഠിപ്പിക്കുന്ന ജീവനകല
മറിയത്തിന്‍റെ സ്കൂളില്‍നിന്നും ജീവിതയാത്രയിലെ നേരായ വഴികള്‍ നമുക്ക് പഠിക്കാം. പ്രത്യാശ നഷ്ടപ്പെട്ടതും കവര്‍ന്നെടുക്കപ്പെട്ടതുമായ ജീവിതങ്ങള്‍ക്കും മറിയം വഴികാട്ടിയാണ്. നഗരങ്ങളുടെ തിക്കിലും തിരക്കിലും അയല്‍ക്കൂട്ടങ്ങളുടെ ജീവിതപരിസരത്തും എങ്ങനെ ചരിക്കണമെന്ന് അമ്മ നമ്മെ പഠിപ്പിക്കും. അവിടെ വ്യാജമായ വാഗ്ദാനങ്ങളോ, സമുന്നത ആദര്‍‍ശങ്ങളുടെ കപടനാട്യമോ ഇല്ല. മറിച്ച് കുടുംബത്തിന്‍റെയും സംസ്കാരത്തിന്‍റെയും മൂല്യങ്ങള്‍ ഒപ്പിയെടുക്കാനും, ജനങ്ങളില്‍ ഐക്യാദാര്‍ഢ്യം വളര്‍ത്താനും സഹായകമാകുന്ന ജീവനകലയുടെ സ്രോതസ്സാണ് നാം കാണുന്നത്.

ഭൂഖണ്ഡങ്ങളിലെ ജനതകളുടെ സാംസ്ക്കാരിക വൈവിധ്യങ്ങളെ നഗരങ്ങളില്‍ എങ്ങനെ സാഹോദര്യത്തില്‍ ഉള്‍ക്കൊള്ളാമെന്ന് മറിയം പഠിപ്പിക്കും. ചാരത്തില്‍ പൂണ്ടിരിക്കുന്ന കനലുപോലെ ഗ്രാമീണ ജനതയുടെ ലാളിത്യത്തില്‍ ഗോപ്യമായിരിക്കുന്ന ദൈവികതയുടെ അവസ്ഥാവിശേഷവും സൃഷ്ടിയുടെ മഹത്വവും, ജീവന്‍റെ വിശുദ്ധിയും ആനന്ദവും കണ്ടെത്തുന്ന വിധവും മറിയം കലവറയില്ലാതെ പറഞ്ഞുതരും (celam, columbia 7 sept. 2017).

മറിയം മുന്നോട്ടു നീങ്ങിയത് തന്‍റെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച മഹിമാവുകള്‍ പ്രഘോഷിച്ചുകൊണ്ടും ദൈവത്തെ പാടിസ്തുതിച്ചുകൊണ്ടുമാണ്. തന്‍റെ എളിയ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളാണ് മറിയത്തിന്‍റെ സ്തുതിപ്പ്! തങ്ങള്‍ക്ക് ദൈവത്തെ സ്തുതിക്കാന്‍ യോഗ്യതയോ കരുത്തോ ഇല്ലെന്നു വിചാരിച്ചിരുന്ന ആയിരങ്ങള്‍ക്കാണ് മറിയത്തിന്‍റെ ഗീതം പ്രത്യാശയും പ്രചോദനവും നല്കുന്നത്. ഗ്വാദലൂപെയിലെ ജുവാന്‍ ദിയേഗോയ്ക്ക് ദൈവസ്നേഹത്തിന്‍റെ പൊരുള്‍ കാട്ടിക്കൊടുത്തതും, അയാള്‍ക്കു ദര്‍ശനം നല്കി പ്രചോദിപ്പിച്ചതും അമലോത്ഭവ നാഥയായിരുന്നു.

4 ഊര്‍ജ്ജംപകരുന്ന നായിക
തന്‍റെ ചാര്‍ച്ചക്കാരി എലിസബത്തിന്‍റെ ഉദരത്തിലെ ശിശുവിനെ ദൈവസ്നേഹത്താല്‍ പ്രചോദിപ്പിച്ച് സന്തോഷത്താല്‍ കുതിച്ചുചാടാന്‍ കരുത്തേകിയത് നസ്രത്തിലെ മറിയമാണ്. ദേവാലയത്തിലെ വയോധികനായ ശിമയോനെ പ്രവചനവരം നല്കി ഉത്തേജിപ്പിച്ചതും, “സകല ജനതകള‍്ക്കുമായി ഒരുക്കിയിരിക്കുന്ന ദൈവത്തിന്‍റെ രക്ഷ യേശുവില്‍ താന്‍ ‍കണ്ടു കഴിഞ്ഞു,” എന്ന് ആനന്ദത്തോടും നിര്‍വൃതിയോടുംകൂടെ പ്രഘോഷിക്കാന്‍ ഇടയാക്കിയതും മറിയം തന്നെയായിരുന്നു (ലൂക്കാ 2, 32).

മറിയം ഒന്നിലും ‘നേതൃത്വം നടിക്കാതെ’ രക്ഷയുടെ പദ്ധതിയില്‍ സകലര്‍ക്കും വേണ്ടുന്ന നേതൃത്വത്തിനുള്ള ഊര്‍ജ്ജം പകരുകയായിരുന്നു. അങ്ങനെ മറിയം മറ്റുള്ളര്‍ക്ക് ധൈര്യം പകരുകയും, സുവിശേഷ ചൈതന്യത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. സകലത്തിനും ഉപരിയായി വിശ്വാസവും പ്രത്യാശയും സര്‍ഗ്ഗാത്മകതയോടെ ജീവിക്കാനുള്ള പ്രോത്സാഹനവുമേകുന്നു. ഇപ്രകാരം പരിശുദ്ധ കന്യകാമറിയം ദൈവിക മഹത്വത്തിന്‍റെ ദര്‍പ്പണമാവുകയും, അവിടുത്തെ മുഖകാന്തി തന്നിലൂടെ ഇന്നും പ്രസരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ദൈവസ്നേഹത്തിന്‍റെ ജീവിക്കുന്ന അടയാളങ്ങളാകാന്‍ മറിയത്തെപ്പോലെ മറ്റുള്ളവരെ ക്ഷണിക്കുകയും അവര്‍ക്ക് അതിനുള്ള കരുത്തുനല്കുകയും ചെയ്യുന്നു. അങ്ങനെ മെക്സിക്കോയിലെ  ജുവാന്‍ ദിയോഗോയെ പ്രചോദിപ്പിച്ചപോലെ, മറിയം എത്രയോ എത്രയോ വിനീതരും അയോഗ്യരുമെന്നു കരുതിയിരുന്ന വ്യക്തികളെ രക്ഷയുടെ ചരിത്രത്തിലെ നായകരും കരുത്തുറ്റ ശബ്ദവും, ദൈവിക നന്മ പ്രതിഫലിപ്പിക്കുന്നവരുമാക്കി തീര്‍ക്കുന്നു.

5 മറിയം തെളിയിക്കുന്ന ദൈവികവഴികള്‍
ലോകത്തിന്‍റെ രീതിയിലുള്ള പ്രശംസയോ പ്രശസ്തിയോ കൈയ്യടിയോ ദൈവത്തിന് ആവശ്യമില്ല. അതിനാല്‍ മറിയത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത് തന്‍റെ മക്കളെ സൃഷ്ടിയുടെ പ്രയോക്താക്കളാക്കുന്നതിലാണ്! വിവിധ കാരണങ്ങളാല്‍ പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ അന്തസ്സോടെ കൈപിടിച്ചുയര്‍ത്താനും വളര്‍ത്താനും മറിയത്തിന്‍റെ മാതൃഹൃദയം വെമ്പല്‍കൊള്ളുകയാണ്. മറ്റുള്ളവരെ തരംതാഴ്ത്തുകയോ, തട്ടിമാറ്റുകയോ, അവരോട് മോശമായി പെരുമാറുകയോ, അവിശ്വസിക്കുകയോ, അവഹേളിക്കുകയോ ചെയ്യുന്ന രീതി മറിയത്തിന്‍റെ സ്കൂളില്‍ ഇല്ലാത്തതാണ്. മറിച്ച് മറിയം എളിയവരെ പിന്‍തുണയ്ക്കുകയും കൈപിടിച്ച് ഉയര്‍‍ത്തി ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു.

6 നല്ല അമ്മയും നായികയും ഗുരുനാഥയും
ലാളിത്യവും കരുത്തുമുള്ള ഒരു നല്ല അമ്മയും നായികയുമാണ് മറിയം. അത് സേവനത്തിന്‍റെ സവിശേഷ ലക്ഷണവുമാണ്. ഈ സ്കൂളില്‍ അങ്ങനെ നാം യഥാര്‍ത്ഥമായ നേതൃത്വത്തിന്‍റെ ശൈലി നമുക്കു ഹൃദിസ്ഥമാക്കാം. ദൈവത്തിന്‍റെ ആര്‍ദ്രമായ കാരുണ്യത്തിന്‍റെ കരുത്തിനാലും, സര്‍വ്വശക്തിയുള്ള അവിടുത്തെ സ്നേഹത്താലും അന്തസ്സില്ലാതെ അധഃപതിച്ചു വീണുകിടക്കുന്നവരെ കൈപിടിച്ചുയര്‍ത്തുന്ന മാതൃക മറിയത്തിന്‍റെ വിദ്യാലയത്തില്‍നിന്നു നമുക്കു സ്വീകരിക്കാം.

അധികാരത്തിന്‍റെ ഭീഷണിപ്പെടുത്തലിനെയും, കരബലമുള്ളവരുടെ ആക്രോശത്തെയും, നുണപറച്ചില്‍ കള്ളത്തരം കൗശലം എന്നിവയെല്ലാം മറിയം നിഷേധിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളെ കഠിനമാക്കാതെ, നിരന്തരമായി അവരെ നവീകരിച്ചും, ബലപ്പെടുത്തിയും, സകലരുടെയും ഹൃദയത്തില്‍ മുഴങ്ങുന്ന ദൈവസ്നേഹത്തിന്‍റെ സ്പന്ദനം ശ്രവിക്കാന്‍ കരുത്തുനല്കിയും മറിയം തന്‍റെ സ്കൂളില്‍ വരുന്നവരെ വളര്‍ത്തുന്നു. അതിനാല്‍  ഭയപ്പെടാതെ നമുക്ക് ദൈവമാതാവിന്‍റെ മാതൃകയില്‍  മുന്നോട്ടു ചരിക്കാം, ദൈവത്തെ സ്തുതിച്ചു ജീവിക്കാം!

14 December 2018, 09:58