2018.12.05 george h.w. bush 2018.12.05 george h.w. bush 

പ്രസിഡന്‍റ് ബുഷിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

അമേരിക്കയുടെ മുന്‍പ്രസിഡന്‍റ്, ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ . ബുഷിന്‍റെ (George Herbert Walker Bush) നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ധീരനായ ജനനേതാവ്
അമേരിക്കന്‍ ഐക്യനാടുകളുടെ 41-Ɔമത്തെ പ്രസിഡന്‍റിന്‍റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന  ബുഷ്-കുടുംബത്തെ പാപ്പാ ഫ്രാന്‍സിസ് അനുശോചനവും സാന്ത്വനവും പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിച്ചു. അമേരിക്കന്‍ ജനതയെ ധീരമായി നയിച്ച രാഷ്ട്രനേതാവിന്‍റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച പാപ്പാ, വിലപിക്കുന്ന ജനതയ്ക്കു സമാധാനവും ദൈവാനുഗ്രഹവും നേര്‍ന്നു.

അന്ത്യം ജന്മനാട്ടില്‍
നവംബര്‍ 30-Ɔο തിയതി വെള്ളിയാഴ്ച വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍  94-Ɔമത്തെ വയസ്സില്‍ (1924-2018) ജന്മനാടായ ഹ്യൂസ്റ്റണിലായിരുന്നു പ്രസിഡന്‍റ് ബുഷ് അന്തരിച്ചത്.

വാഷിങ്ടണിലെ വിടപറയല്‍
ഡിസംബര്‍ 5, ബുധനാഴ്ച പ്രസിഡന്‍റ് ബുഷിന്‍റെ വേര്‍പാടില്‍ അമേരിക്കന്‍ ജനത ദുഃഖം ആചരിച്ചു. കാപ്പിതോളില്‍ നടന്ന ഭൗതികശേഷിപ്പുകളുടെ പൊതുദര്‍ശനത്തെ തുടര്‍ന്ന് ദേശീയ ബഹുമതികളോടെയുള്ള അന്തിമോപചാര ശുശ്രൂഷകള്‍ ബുധനാഴ്ച, പ്രാദേശിക സമയം 11 മണിക്ക് വാഷിങ്ടണിലെ ദേശീയ ഭാദ്രാസന ദോവലയത്തില്‍ നടത്തപ്പെട്ടു. തലസ്ഥാന നഗരത്തിലെ വിടപറയല്‍ ചടങ്ങുകളെ തുടര്‍ന്ന് ബുധാഴ്ച വൈകുന്നേരം പ്രസിഡന്‍റ് ബുഷിന്‍റെ ഭൗതികശേഷിപ്പുകള്‍ ജന്മനാടായ ഹ്യൂസ്റ്റണിലേയ്ക്ക് കൊണ്ടുപോയി.

ടെക്സസില്‍ അന്ത്യവിശ്രമം
ബുധാനാഴ്ച വൈകുന്നേരവും, വ്യാഴാഴ്ച ഡിസംബര്‍ 6-Ɔο തിയതി രാവിലെയും ഹ്യൂസ്റ്റണിലെ സെന്‍റ് മാര്‍ട്ടിന്‍ എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന പ്രസിഡന്‍റ് ബുഷിന്‍റെ ഭൗതികശേഷിപ്പുകള്‍ അടങ്ങുന്ന പേടകം  വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടെക്സസിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കും.  ടെക്സസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയോടും മ്യൂസിയത്തോടും ചേര്‍ന്ന് ഭാര്യ ബാര്‍ബരയും, കുഞ്ഞുമകള്‍ റോബിനും അടക്കംചെയ്യപ്പെട്ടിട്ടുള്ള  കല്ലറകളോടു ചേര്‍ന്ന്  പ്രസി‍ഡന്‍റ് ബുഷും അന്ത്യവിശ്രമംകൊള്ളും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2018, 16:58