Pope Francis at the feast of the first Martyr of the Church, St. Stephen - giving  angelus message Pope Francis at the feast of the first Martyr of the Church, St. Stephen - giving angelus message 

വിശുദ്ധ സ്റ്റീഫന്‍ മരണത്തില്‍ ക്രിസ്തുവിനെപ്പോലെ...!

വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തില്‍നിന്നും എടുത്ത ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭയിലെ പ്രഥമ രക്തസാക്ഷിയുടെ തിരുനാള്‍
ഡിസംബര്‍ 26-Ɔο തിയതി ബുധനാഴ്ച ആഗോളസഭ അനുസ്മരിക്കുന്ന വിശുദ്ധ സ്റ്റീഫന്‍റെ തിരുനാളില്‍ വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു. ക്രിസ്തു നമുക്കായി ജനിച്ചു എന്നുള്ള മഹത്തായ സന്ദേശം ഇന്നും ലോകത്തിന് സമാധാനവും സമാശ്വാസവും പകരുന്നു. ഈ ആനന്ദ ലഹരിയിലാണ് ആദിമ സഭയിലെ ശുശ്രൂഷകനും പ്രഥമ രക്തസാക്ഷിയുമായിരുന്ന വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍ നാം ഇന്ന് ആഘോഷിക്കുന്നത്.

രക്തസാക്ഷിയുടെ അനുസ്മരണം
എന്തിന് ക്രിസ്തുമസ് നാളില്‍?

എന്തിനാണ് ക്രിസ്തുമസിനോടു ചേര്‍ന്ന് രക്തസാക്ഷിയായ ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത്? ചോദ്യം സ്വാഭാവികമാണ്. ചിലര്‍ക്കെങ്കിലും ഇത് ആശ്ചര്യകരമായി തോന്നിയിട്ടുണ്ടാകാം! ദൈവികസാന്നിദ്ധ്യത്തിന്‍റെ ആനന്ദം പകര്‍ന്ന ബെതലഹേമിലെ തിരുപ്പിറവിയും,  സഭയ്ക്കെതിരായ ആദ്യപീഡനത്തില്‍  ശുശ്രൂഷകനായ സ്റ്റീഫന്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ട നാടകീയ സംഭവവും തമ്മില്‍  വൈരുദ്ധ്യമുണ്ട്!

ജീവിതത്തിലും മരണത്തിലും  ക്രിസ്തുവിനെപ്പോലെ
ഇതൊരു വൈരുധ്യമായി നാം കാണേണ്ടതില്ല, കാരണം ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചതാണ് ബെതലഹേമിലെ ദിവ്യശിശു. അവിടുന്നു തന്നെയാണ് പിന്നീട് മനുഷ്യകുലത്തെ തന്‍റെ കുരിശിലെ സ്വയാര്‍പ്പണംവഴി വീണ്ടെടുത്തത്. ക്രിസ്തുമസ് നാളില്‍ ബെതലഹേമിലെ പുല്‍ക്കൂട്ടില്‍ പിള്ളക്കച്ചയില്‍പ്പൊതിഞ്ഞ ദിവ്യശിശുവായ ക്രിസ്തുവിനെ നാം ധ്യാനിക്കുമ്പോള്‍, കാല്‍വരിയിലെ കുരിശുമരണാനന്തരം ഒരു വക്കുശീലയില്‍ പൊതിഞ്ഞു കല്ലറയില്‍ സംസ്കരിക്കപ്പെട്ട  അവിടുത്തെ തന്നെയാണ് നാം ധ്യാനിക്കുന്നത്.....!

കുരിശുയാഗത്തിലെ ആദ്യപങ്കാളി
വിശുദ്ധ സ്റ്റീഫന്‍ തന്‍റെ ദിവ്യഗുരുവിന്‍റെ രക്തസാക്ഷിത്വത്തില്‍ ആദ്യം പങ്കുചേര്‍ന്ന മഹാവിശുദ്ധനാണ്. മാത്രമല്ല, തന്‍റെ ഗുരുവിനെപ്പോലെതന്നെ  പീഡകരോടും ക്ഷമിച്ചും, അവസാനം എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു സ്വയാര്‍പ്പണത്തിന്‍റെ പാതപുല്‍കിയ ധീരനായ ക്രിസ്തുസാക്ഷിയുമാണ്.

“കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കണമേ!”
(അപ്പസ്തോല നടപടി, 7, 59).  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2018, 17:34