തിരയുക

Vatican News
BRAZIL-SHOOTING-CATHEDRAL-MASS in Campinas BRAZIL-SHOOTING-CATHEDRAL-MASS in Campinas   (AFP or licensors)

ദേവാലയാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം

‍ഡിസംബര്‍ 12 – ബ്രസീലിലെ കാമ്പീനസ് ഭദ്രാസന ദേവാലയത്തിലാണ് ദിവ്യബലിയില്‍ പങ്കെടുത്തിരുന്നവരെ വെടിവെച്ചു വീഴ്ത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നാലു പേര്‍ കൊല്ലപ്പെട്ടു അനേകര്‍ മുറിപ്പെട്ടു
കൂട്ടക്കുരുതിയില്‍ മരണമടഞ്ഞവരെ പാപ്പാ ഫ്രാന്‍സിസ് ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും കാമ്പീനസ് അതിരൂപതാംഗങ്ങളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മുറിപ്പെട്ടവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു.

പ്രതികാരത്തെ ക്ഷമകൊണ്ടു നേരിടാം!
വേദനയുടെയും ഭീതിയുടെയും ഈ നിമിഷങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിക്കണമെന്നും, പ്രതികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ക്രൂരതയ്ക്കെതിരെ ക്രൈസ്തവമനസ്സുകളില്‍ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ചിന്തകള്‍ ആത്മധൈര്യം വളര്‍ത്തട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി കാമ്പീനസ് അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അയിര്‍ടോണ്‍ സാന്തോസിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്.

ലാറ്റിനമേരിക്കന്‍ മക്കളുടെ തിരുനാളിലെ ദുഃഖം
സാവോ പാവളോയില്‍നിന്നും 100 കി.മി. അകലെയുള്ള അമലോത്ഭവനാഥയുടെ നാമത്തിലുള്ള കാമ്പീനസ് ഭദ്രാസന ദേവാലയത്തിലാണ് ബുധനാഴ്ച, ഡിസംബര്‍ 12-Ɔο തിയതി ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ മദ്ധ്യാഹ്നത്തില്‍ നടന്ന ദിവ്യബലിയുടെ അന്ത്യത്തില്‍ അജ്ഞാതനായ മനുഷ്യന്‍ നിര്‍ദ്ദോഷികളായവരെ വെടിവെച്ചു വീഴ്ത്തിയത്. 4 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ മുറിപ്പെടുകയും ചെയ്തു.

13 December 2018, 19:11