തിരയുക

സുനാമി-അഗ്നിപര്‍വ്വത വിസ്ഫോടനാഘതാമേറ്റ ഇന്തൊനേഷ്യയില്‍ നിന്നുള്ള ഒരു ദൃശ്യം 22/12/18 സുനാമി-അഗ്നിപര്‍വ്വത വിസ്ഫോടനാഘതാമേറ്റ ഇന്തൊനേഷ്യയില്‍ നിന്നുള്ള ഒരു ദൃശ്യം 22/12/18 

സുനാമിബാധിത ഇന്തോനേഷ്യയ്ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു

സുനാമിയും അനാക് ക്രാക്കത്തുവ അഗ്നിപര്‍വ്വത സ്ഫോടനവും അനേകരുടെ ജീവനപഹരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്കായി അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായവും ഐക്യദാര്‍ഢ്യവും ഫ്രാന്‍സീസ് പാപ്പാ അഭ്യര്‍ത്ഥിക്കുന്നു

 

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മുന്നൂറോളം പേരുടെ ജീവനെടുക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത  സുനാമി ദുരന്തത്തിന്‍റെ ആഘാതമേറ്റ ഇന്തോനേഷ്യയിലെ ജനങ്ങളെ പാപ്പാ അനുസ്മരിക്കുന്നു.

ഞായറാഴ്ച (23/12/18) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരമാണ് ഫ്രാന്‍സീസ് പാപ്പാ ജാവ, സുമാത്ര ദ്വീപുകളില്‍ ശനിയാഴ്ച(22/12/18) രാത്രി ഉണ്ടായ വന്‍ സുനാമി ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ആ പ്രദേശത്തെ ജനങ്ങളോടുള്ള തന്‍റെ  സാമീപ്യം അറിയിക്കുകയും ചെയ്തത്.

ഈ ദുരന്തത്തില്‍ അനേകരെ കാണാതാകുകയും അനേകര്‍ പാര്‍പ്പിടരഹിതരാകുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയതിട്ടുണ്ടെന്നനുസ്മരിച്ച പാപ്പാ ഈ ദുരന്തത്തിനിരകളായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഏകയോഗമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

ചിതറപ്പെട്ടവര്‍ക്കും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും സാന്ത്വനം ലഭിക്കുന്നതിനായി താന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നുവെന്നും എല്ലാവരുടെയും ചാരെ താന്‍ ആദ്ധ്യാത്മകമായി ഉണ്ടെന്നും പാപ്പാ അറിയിച്ചു.

സുനാമിദുരന്തത്തിനിരകളായ ഈ സഹോദരങ്ങളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സഹായമേകാനും പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് പാപ്പാ ഇന്തൊനേഷ്യയിലെ സുനാമിബാധിതര്‍ക്കു വേണ്ടി  നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2018, 13:15