സിറിയില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി തിരിതെളിച്ച് കുഞ്ഞുങ്ങള്‍-02-12-18 സിറിയില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി തിരിതെളിച്ച് കുഞ്ഞുങ്ങള്‍-02-12-18 

സിറിയയില്‍ യുദ്ധത്തിന്‍റെ കൂരിരുള്‍ നീങ്ങട്ടെ-പാപ്പാ

പ്രത്യാശയുടെ നിരവധിയായ ചെറുനാളങ്ങള്‍ യുദ്ധത്തിന്‍റെ ഇരുളകറ്റട്ടെ! സിറിയയിലും മദ്ധ്യപൂര്‍വ്വദേശത്തും ക്രൈസ്തവര്‍ കാരുണ്യത്തിന്‍റെയും പൊറുക്കലിന്‍റെയും അനുരഞ്ജനത്തിന്‍റെയും സാക്ഷികളായി തുടരുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യാം. യുദ്ധം ചെയ്യുന്നവരോടും സംഹാരായുധം നിര്‍മ്മിക്കുന്നവരോടും നമ്മുടെ കര്‍ത്താവായ ദൈവം പൊറുക്കുകയും അവരുടെ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യട്ടെ- ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥന.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സിറിയയില്‍ സമാധാനം സംജാതമാകുന്നതിനായി പാപ്പാ പ്രത്യാശയുടെ തിരി തെളിച്ചു.

ഞായറാഴ്ച (02/12/18) മദ്ധ്യാഹ്നപ്രാര്‍ത്ഥാനാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ പ്രത്യാശയുടെ തിരി കൊളുത്തിയത്.

തദ്ദവസരത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

ആഗമനകാലം പ്രത്യാശയുടെ സമയമാണ്. 8 വര്‍ഷം നീണ്ട യുദ്ധം തകര്‍ത്ത പ്രിയപ്പെട്ട നാടായ സിറിയിലെ കുഞ്ഞുങ്ങളുടെ സമാധാന പ്രതീക്ഷ ഈ വേളയില്‍ ഞാന്‍ സ്വന്തമാക്കുന്നു. ആകയാല്‍ “ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” (AID TO THE CHURH IN NEED) എന്ന പ്രസ്ഥാനത്തിന്‍റെ സംരംഭത്തോട് ഒന്നു ചേര്‍ന്ന് ഞാന്‍, ഇന്ന് സിറിയയിലെ കുട്ടികളും ലോകത്തില്‍ നിരവധിവിശ്വാസികളും ചെയ്യുന്നതുപോലെ, തിരി തെളിയിക്കുകയാണ്.

ഈ വാക്കുകളെ തുടര്‍ന്നു് പാപ്പാ വലിയൊരു മെഴുകുതിരി തെളിച്ചുകൊണ്ട് ഇങ്ങനെ തുടര്‍ന്നു:

പ്രത്യാശയുടെ ഈ നാളവും പ്രത്യാശയുടെ നിരവധിയായ ചെറുനാളങ്ങളും യുദ്ധത്തിന്‍റെ ഇരുളകറ്റട്ടെ! സിറിയയിലും മദ്ധ്യപൂര്‍വ്വദേശത്തും ക്രൈസ്തവര്‍ കാരുണ്യത്തിന്‍റെയും പൊറുക്കലിന്‍റെയും അനുരഞ്ജനത്തിന്‍റെയും സാക്ഷികളായി തുടരുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യാം. ഈ ദിനങ്ങളില്‍, ലോകത്തിന്‍റെ മറ്റിടങ്ങളില്‍, ദൂരത്തും ചാരത്തും, അക്രമത്തിന്‍റെയും പിരിമുറുക്കങ്ങളുടെയുമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവരിലേക്കും പ്രത്യാശയുടെ ഈ നാളം എത്തിച്ചേരട്ടെ. ദൈവജനത്തിന്‍റെ സാമീപ്യം അനുഭവിച്ചറിയാന്‍ സഭയുടെ പ്രാര്‍ത്ഥന അവരെ സഹായിക്കുകയും സമാധാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ എല്ലാവരുടെയും മനസ്സാക്ഷിയെ സ്പര്‍ശിക്കുകയും ചെയ്യട്ടെ. യുദ്ധം ചെയ്യുന്നവരോടും അപരനെ നിഹനിക്കുന്നതിനുള്ള ആയുധം  നിര്‍മ്മിക്കുന്നവരോടും നമ്മുടെ കര്‍ത്താവായ ദൈവം പൊറുക്കുകയും ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യട്ടെ. പ്രിയ നാടായ സിറിയയ്ക്ക് സമാധാനം ലഭിക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2018, 14:30