ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-30/12/18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-30/12/18 

കോംഗൊ റിപ്പബ്ലിക്കിനു വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുന്നു

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാനന്തര അഭിവാദനങ്ങള്‍- അക്രമങ്ങളും ഏബൊള രോഗവും വിതയക്കുന്ന യാതനകളനുഭവിക്കുന്ന ജനങ്ങളെ പാപ്പാ അനുസ്മരിച്ചു. കാത്തുസൂക്ഷിക്കപ്പെടേണ്ട നിധിയാണ് കുടുംബം എന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കന്‍ നാടായ കോംഗൊ ഡെമൊക്രാറ്റിക് റിപ്പബ്ലിക്കില്‍ അതിക്രമങ്ങളാലും ഏബോള രോഗാണു ബാധയാലും യാതനകളനുഭവിക്കുന്ന ജനങ്ങളെ പാപ്പാ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഞായറാഴ്ചത്തെ (30/12/18) മദ്ധ്യാഹ്നാപ്രാര്‍ത്ഥനയുടെ  അവസാനം നല്കിയ ആശീര്‍വ്വാദത്തിനു ശേഷം ഫ്രാന്‍സീസ് പാപ്പാ,   ചത്വരത്തില്‍ സന്നിഹിതരായിരുന്ന വിവിധ രാജ്യാക്കാരും റോമാക്കാരുമായ തീര്‍ത്ഥാടകരെയും കുടുംബങ്ങളെയും അതു പോലെതന്നെ റേഡിയോ ടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടവരെയും അഭിവാദ്യം ചെയ്യുകയായിരുന്നു.

കോംഗൊ റിപ്പബ്ലിക്കില്‍ തിരഞ്ഞെ‌ടുപ്പുകള്‍ സമാധനപരമായി നടക്കുന്നതിന് അുയോജ്യമായ  ഒരന്തരീക്ഷം സംജാതമാകുന്നതിനു വേണ്ടി പരിശ്രമിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും കോംഗൊയ്ക്കും അന്നാട്ടിലെ ജനങ്ങള്‍ക്കും വേണ്ടി നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

തദ്ദനന്തരം തിരുക്കുടുംബത്തിരുന്നാളിനെക്കുറിച്ചനുസ്മരിച്ച ഫ്രാന്‍സീസ് പാപ്പാ ,കുടുംബം, കാത്തുസൂക്ഷിക്കപ്പടേണ്ടതും സദാ സംരക്ഷിക്കപ്പെടേണ്ടതുമായ ഒരു നിധിയാണെന്ന് ഓര്‍മ്മിപ്പിക്കുകയും  നസ്രത്തിലെ തിരുക്കുടുംബം ഏവര്‍ക്കും സംരക്ഷണമേകുകയും എല്ലാവരുടെയും യാത്രയില്‍ വെളിച്ചമേകുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.  

തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായറും പ്രശാന്തമായ ഒരു വര്‍ഷാന്ത്യവും ആശംസിച്ചു. തനിക്കേകിയ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു.

തദ്ദനന്തരം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടാണ് ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2018, 12:31