തിരയുക

ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാശീര്‍വ്വാദം നല്കുന്നു-വത്തിക്കാന്‍ 08/12/18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാശീര്‍വ്വാദം നല്കുന്നു-വത്തിക്കാന്‍ 08/12/18 

മറിയത്തിന്‍റെ ദൈവോന്മുഖത!

സംലഭ്യതയെ ദ്യോതിപ്പിക്കുന്ന "ഇതാ ഞാന്‍" എന്ന പദം ദൈവത്തിലേക്കു ഒരുവനെ തുറക്കുമ്പോള്‍ പാപമാകട്ടെ ഒരുവനെ ഒറ്റപ്പെടുത്തുകയും അവനവനില്‍ ഒതുക്കുകയും ചെയ്യുന്നു- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

“ഇതാ ഞാന്‍“ എന്നത് അവനവനിലും സ്വന്തം ആവശ്യങ്ങളിലും കേന്ദ്രീകൃതമായ തിശ്ചീനമായ ജീവിതത്തില്‍ നിന്ന് ദൈവമോന്മുഖമായ ലംബമാനമാര്‍ന്ന  ജീവിത്തിലേക്കുള്ള പ്രവേശനത്തെ ദ്യോതിപ്പിക്കുന്ന താക്കോല്‍പദം ആണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

അനുവര്‍ഷം ഡിസംബര്‍ 8 ന് ആചരിക്കപ്പെടുന്ന അമലോത്ഭവത്തിരുന്നാളിനോട് അനുബന്ധിച്ച് വത്തിക്കാനില്‍ ശനിയാഴ്ച(08/12/18) മദ്ധ്യാഹ്നത്തില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ശനിയാഴ്ചത്തെ ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളെപ്പറ്റി, അതായത്, ദൈവത്തോടു അനുസരണക്കേടുകാട്ടി പാപം ചെയ്തതിനാല്‍ ദൈവത്തില്‍ നിന്ന് ഓടി ഒളിക്കുന്ന ആദത്തെയും ദൈവദൂതന്‍റെ  വാക്കുകള്‍ കേട്ട് “ഇതാ കര്‍ത്താവിന്‍റെ ദാസി” എന്നു പറഞ്ഞ നസ്രത്തിലെ കന്യകയെയും കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഈ രണ്ടു സംഭവങ്ങളിലും ദൈവം മനുഷ്യനെ തേടുകയാണെന്നും എന്നാല്‍ രണ്ടു പേരും നല്കുന്ന ഉത്തരങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്നും വിശദീകരിച്ചു.

"ഞാന്‍ ഒളിച്ചിരിക്കയാണ്"

നീ എവിടെയാണെന്നു ചോദിക്കുന്ന ദൈവത്തോട് ആദം “ഞാന്‍ ഒളിച്ചിരിക്കയാണെന്ന് മറുപടി നല്കുമ്പോള്‍ നസ്രത്തിലെ കന്യകയായ മറിയമാകട്ടെ ദൈവദൂതനോട് പ്രത്യുത്തരിക്കുന്നത് “ഇതാ കര്‍ത്താവിന്‍റെ ദാസി” എന്നാണെന്നും അനുസ്മരിച്ച പാപ്പാ ഇതാ ഞാന്‍ എന്നത് ദൈവത്തിലേക്കു ഒരുവനെ തുറക്കുമ്പോള്‍ പാപമാകട്ടെ  ഒരുവനെ ഒറ്റപ്പെടുത്തുകയും അവനവനില്‍ ഒതുക്കുകയും ചെയ്യുന്നുവെന്നു ഉദ്ബോധിപ്പിച്ചു.

സ്വര്‍ത്ഥതയ്ക്കുള്ള ചികിത്സ

ഇതാ ഞാന്‍ എന്നു പറഞ്ഞുകൊണ്ട് കര്‍ത്താവിന് സംലഭ്യരാകുകയെന്നത് സ്വര്‍ത്ഥതയ്ക്കുള്ള ചികിത്സയും അസന്തുഷ്ടമായ ഒരു ജീവിതത്തിനുള്ള മറുമരുന്നുമാണെന്നും പാപത്താല്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നതിനെതിരായ പ്രതിവിധിയും മനസ്സില്‍ യുവത്വം നിലനിറുത്തുന്നതിനുള്ള ചികിത്സയും ആണെന്നും പാപ്പാ പറഞ്ഞു.

കല്ലുംമുള്ളും നിറഞ്ഞ ജീവിതം

പാപരഹിതയായി ജന്മംകൊള്ളുകയും കല്മഷമന്യേ ജീവിക്കുകയും ചെയ്ത മറിയം എന്നും ദൈവത്തോടു വിധേയത്വവും സുതാര്യതയും പുലര്‍ത്തുകയും ചെയ്തുവെങ്കിലും അവളുടെ ജീവിതം ആയാസകരമായിരുന്നു എന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.

മായാജാലം ഇല്ല

ദൈവത്തോടുകൂടിയായിരിക്കുകയെന്നത് ഇന്ദ്രജാലം കൊണ്ടെന്ന പോലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കില്ല എന്ന് “ദൈവദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു” എന്ന സുവിശേഷ വചനം വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

സങ്കീര്‍ണ്ണമായ ഒരവസ്ഥയില്‍ മറിയത്തെ ഒറ്റയ്ക്കാക്കിക്കൊണ്ടാണ് ദൈവദൂതന്‍ മറയുന്നതെന്നും എന്നാല്‍ പ്രശ്നങ്ങള്‍ക്കുമുന്നില്‍ അവള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2018, 13:00