തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാന്‍, 30/12/18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാന്‍, 30/12/18  (AFP or licensors)

"വിസ്മയവും ഉത്ക്കണ്ഠയും" പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാവിചിന്തനം

ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച്, പലകാരണങ്ങളാല്‍ സമാധാനവും ഏകതാനതയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു വേണ്ടി, നമുക്കു പ്രാര്‍ത്ഥിക്കാം. ഈ കുടുംബങ്ങളെ നമുക്കു നസ്രത്തിലെ തിരുക്കുടുംബത്തിനു ഭരമേല്‍പ്പിക്കാം -ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

2018-ലെ അവസാനത്തെതായിരുന്ന ഈ ഞായറാഴ്ച (30/12/18) മദ്ധ്യാഹ്നത്തില്‍, ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന അമ്പതിനായിരത്തോളം വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, സന്നിഹിതരായിരുന്നു. ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.  ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍  ദിനമായിരുന്ന ഈ ഞായറാഴ്ച (30/12/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം,  രണ്ടാം അദ്ധ്യായം 41-52 വരെയുള്ള വാക്യങ്ങള്‍, അതായത്, ജറുസലേം ദേവാലയത്തില്‍ വച്ച് ബാലനായ യേശുവിനെ കാണാതാകുന്നതും, ദേവാലയത്തില്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്നു അവരെ ശ്രവിക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്ന യേശുവിനെ മാതാപിതാക്കള്‍ പിന്നീടു കണ്ടെത്തുകയും, തന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ താന്‍ വ്യാപൃതനായിരിക്കുകയായിരുന്നുവെന്ന് യേശു വ്യക്തമാക്കുകയും ചെയ്യുന്ന സംഭവവിവര​ണം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ഇന്നു നാം തിരുക്കുടുംബത്തിരുന്നാള്‍ ആചരിക്കുന്നു. അപരിമേയമായ ഒരു സ്നേഹത്താല്‍ ഐക്യപ്പെട്ടവരും ദൈവത്തിലുള്ള വലിയ വശ്വാസത്താല്‍ നയിക്കപ്പെട്ടവരുമായ മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും യേശുവിന്‍റെയും അനുഭവത്തെക്കുറിച്ച് ചിന്തിക്കാന്‍ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നു. പെസഹാത്തിരുന്നാളിനോടനുബന്ധിച്ച് നസ്രത്തിലെ കുടുംബം ജറുസലേമിലേക്കു നടത്തുന്ന യാത്രാവിവരണമാണ് ഇന്നത്തെ സുവിശേഷഭാഗം. പന്ത്രണ്ടുവയസ്സുകാരനായ മകന്‍, യേശു, മടക്കയാത്രയില്‍ കൂട്ടത്തില്‍ ഇല്ലെന്നു മാതാപിതാക്കള്‍ മനസ്സിലാക്കുന്നു. ആശങ്കയോടുകൂടിയ മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍, അവര്‍, അവന്‍ ദേവാലയത്തില്‍ വേദപണ്ഡിതരോടു വാദപ്രതിവാദം ന‌ടത്തിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തുന്നു. പുത്രനെ കണ്ടപ്പോള്‍ “മറിയവും യൗസേപ്പും വിസ്മയിച്ചു”.(ലൂക്കാ 2:48) മാതാപിതാക്കളായ അവരുടെ ആശങ്ക വെളിപ്പെടുത്തിക്കൊണ്ട് മറിയം പറഞ്ഞു “നിന്‍റെ  പിതാവും ഞാനും ഉത്ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു” (ലൂക്കാ 2:48).

വിസ്മയവും ഉത്ക്കണ്ഠയും

“അവര്‍ വിസ്മയിച്ചു” ഈ വിസ്മയവും- “നിന്‍റെ  പിതാവും ഞാനും ഉത്ക്കണ്ഠയോടെ”- ഈ ഉല്‍ക്കണ്ഠയും ആണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന രണ്ടു ഘടകങ്ങള്‍. വിസ്മയവും ഉത്ക്കണ്ഠയും.

വിസ്മയം

നസ്രത്തിലെ കുടുംബത്തില്‍ ഒരിക്കലും, യേശുവിനെ കാണാതായതുപോലുള്ള നാടകീയമായ വേളയില്‍ പോലും, വിസ്മയത്തിന് കുറവുണ്ടായിട്ടില്ല. ദൈവസുതന്‍റെ   പടിപടിയായുള്ള ആവിഷ്ക്കാരത്തിനു മുന്നില്‍ വിസ്മയം കൊള്ളാനുള്ള കഴിവാണത്. ദേവലയത്തിലെ പണ്ഡിതരെയും ഇതേ വിസ്മയം തന്നെയാണ് സ്പര്‍ശിക്കുന്നത്. അവര്‍ “അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു” (ലൂക്കാ 2:47). എന്താണ് വിസ്മയം? അത്ഭുതപ്പെടുകയെന്നാല്‍ എന്താണ്? വിസ്മയംകൊള്ളുകയും അത്ഭുതപ്പെടുകയും ചെയ്യുകയെന്നാല്‍ ഒരു കാര്യത്തെ അത് അങ്ങനെ ആയിരിക്കുമെന്ന കുരുതുന്നതായ ചിന്താഗതിക്ക് വിരുദ്ധമാണ്. അത് നമുക്കു ചറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെയും ചരിത്രസംഭവങ്ങളെയും നമ്മുടെ മാനദണ്ഡങ്ങള്‍ക്കനുസൃതം മാത്രം വ്യാഖാനിക്കുന്നതിന് വിരുദ്ധമാണ്. അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക്  അത്ഭുതപ്പെടുകയെന്നാല്‍, വിസ്മയിക്കുകയെന്നാല്‍, എന്താണെന്ന് അറിയില്ല. വിസ്മയിക്കുകയെന്നാല്‍ മറ്റുള്ളവരോടു തുറവുകാട്ടുകയും അപരന്‍റെ യുക്തികള്‍ ഗ്രഹിക്കുകയുമാണ്. സമരസപ്പെടുത്തപ്പെട്ട ബന്ധങ്ങള്‍ ആരോഗ്യകരമാക്കി മാറ്റുന്നതിന് ഈ മനോഭാവം ആവശ്യമാണ്. കുടുംബചുറ്റുപാടുകളില്‍ ഉണ്ടായിട്ടുള്ള മുറിവുകള്‍ ഭേദമാക്കുന്നതിനും ഇത് അനിവാര്യമാണ്.

കുടുംബപ്രശ്ന പരിഹൃതിക്ക് - നന്മയില്‍ വിസ്മയം കൂറുക

കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ഭാഗത്താണ് ശരിയെന്ന് കരുതി മറ്റുള്ളവരുടെ നേര്‍ക്ക് വാതില്‍ അടച്ചിടുന്നു. എന്നാല്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു: ആ മനുഷ്യനില്‍ നന്മയായിട്ടെന്തെങ്കിലും ഉണ്ടോ? ആ നന്മയെക്കുറിച്ച് അത്ഭുതം കൂറണം. ഇത് കുടുംബൈക്യത്തിന് സഹായകമാണ്. കുടുംബത്തില്‍ നിങ്ങള്‍ക്ക്  പ്രതിസന്ധികളുണ്ടെങ്കില്‍ ഏതു കുടുംബാംഗവുമായിട്ടാണോ നിങ്ങള്‍ക്ക് പ്രശ്നമുള്ളത്, ആ വ്യക്തിയിലുള്ള നന്മയെക്കുറിച്ച് ചിന്തിക്കുകയും ആ നന്മയില്‍ വിസ്മയിക്കുകയും ചെയ്യുക. കുടുംബപരങ്ങളായ മുറിവുകള്‍ ഉണക്കാന്‍ അതു സഹായകമാകും.

ഉത്ക്കണ്ഠയുടെ ആവശ്യകത

യേശുവിനെ കണ്ടെത്താനാകാതിരുന്ന വേളയില്‍ മറിയത്തിനും യൗസേപ്പിനും അനുഭവപ്പെട്ട ഉത്ക്കണ്ഠയാണ് ഈ സുവിശേഷത്തില്‍ നിന്നെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഘടകം. ഈ ഉത്ക്കണ്ഠ എടുത്തുകാട്ടുന്നത് യേശുവിന് തിരുക്കുടുംബത്തിലുള്ള പ്രാധാന്യമാണ്. ആ പുത്രനെ കന്യകയും അവളുടെ കാന്തനും സ്വീകരിച്ചു പരിപാലിക്കുകയും അവര്‍ക്കിടയില്‍, അവന്‍ പ്രായത്തിലും ജ്ഞാനത്തിലും കൃപയിലും വളരുന്നത് കാണുകയും ചെയ്യുകയായിരുന്നു. സര്‍വ്വോപരി അവന്‍ അവരുടെ ഹൃദയത്തില്‍ വളരുകയായിരുന്നു. അവര്‍ക്ക് അവനോടുള്ള വാത്സല്യവും അവന്‍റെ  കാര്യത്തിലുള്ള ധാരണയും പടിപടിയായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് നസ്രത്തിലെ കുടുംബം പവിത്രമായത്. എന്തെന്നാല്‍ അത് യേശുവില്‍ കേന്ദ്രീകൃതമായിരുന്നു. മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും സകല ശ്രദ്ധയും ഔത്സുക്യവും അവനിലായിരുന്നു.

യേശുവില്‍ നിന്നകന്നിരിക്കുമ്പോള്‍.......

യേശുവിനെ കാണാതായ ആ മൂന്നു നാളുകളില്‍ അവര്‍ക്കനുഭവപ്പെട്ട ആ ഉത്ക്കണ്ഠ അവിടന്നില്‍ നിന്ന്, യേശുവില്‍ നിന്ന് നാം അകലെ ആയിരിക്കുമ്പോള്‍ നമുക്കും അനുഭവവേദ്യമാകണം. പ്രാര്‍ത്ഥിക്കാതെയും സുവിശേഷം വായിക്കാതെയും, അവിടത്തെ സാന്നിധ്യത്തിന്‍റെയും അവിടത്തെ സാന്ത്വനദായക സൗഹൃദത്തിന്‍റെയും  ആവശ്യകത അനുഭവപ്പെടാതെയും ഈ മൂന്നുനാളില്‍ കൂടുതലായൊക്കെ യേശുവിനെ മറക്കുന്ന നമുക്കു ഈ ആശങ്ക അനുഭവപ്പെടണം. ഞാന്‍ യേശുവിനെ ഓര്‍ക്കാത്തതായ  അനേകം ദിവസങ്ങള്‍ പലപ്പോഴും  കടന്നുപോകാറുണ്ടെങ്കില്‍ അതു നല്ലതല്ല, വളരെ മോശമാണ്.  ഇങ്ങനെ സംഭവിക്കുമ്പോള്‍ നമുക്ക് ഉത്ക്കണ്ഠയുണ്ടാകണം. മറിയവും യൗസേപ്പും യേശുവിനെ അന്വേഷിക്കുകയും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന അവിടത്തെ കണ്ടെത്തുകയും ചെയ്യുന്നു.  നമ്മളും, സര്‍വ്വോപരി, ദൈവത്തിന്‍റെ ആലയത്തില്‍ ദിവ്യഗുരുവിനെ കണ്ടത്തുകയും അവിടത്തെ രക്ഷയുടെ സന്ദേശം സ്വീകരിക്കുകയും ചെയ്യണം. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം  ജീവിക്കുന്ന ക്രിസ്തുവിനെ അനുഭവിക്കുന്നു. അവിടന്നു നമ്മോടു സംസാരിക്കുന്നു, അവിടത്തെ വചനം അവിടന്നു നമുക്കേകുന്നു, നമ്മെ പ്രബുദ്ധരാക്കുന്നു, നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു, തന്‍റെ ശരീരം അവിടന്ന് നമുക്ക് ദിവ്യകാരുണ്യത്തില്‍ നല്കുന്നു. അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിനുള്ള ശക്തി വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നാണ് നാം ആര്‍ജ്ജിക്കുന്നത്.

ഈ രണ്ടു വാക്കുകളുമായി നമുക്കിന്ന് നമ്മുടെ ഭവനങ്ങളിലേക്കു മടങ്ങാം: വിസ്മയവും ഉത്ക്കണ്ഠയും. മറ്റുള്ളവരില്‍ നന്മകള്‍ ദര്‍ശിക്കുമ്പോള്‍ അത്ഭുതപ്പെടാനും അങ്ങനെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനും എനിക്കറിയാമോ? യേശുവില്‍ നിന്നകലുമ്പോള്‍ എനിക്ക് ഉത്ക്കണ്ഠ ഉണ്ടാകാറുണ്ടോ?

കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം

ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച്, പലകാരണങ്ങളാല്‍ സമാധാനവും ഏകതാനതയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു വേണ്ടി, നമുക്കു പ്രാര്‍ത്ഥിക്കാം. ഈ കുടുംബങ്ങളെ നമുക്കു നസ്രത്തിലെ തിരുക്കുടുംബത്തിനു ഭരമേല്‍പ്പിക്കാം.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

31 December 2018, 12:07