തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ 23/12/18 ഫ്രാന്‍സീസ് പാപ്പാ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ 23/12/18  (ANSA)

വിശ്വാസ-ഉപവി സമന്വിത ദൈവമനുഷ്യ സമാഗമം

ദൈവവും മനുഷ്യനുമായുള്ള കൂടിക്കാഴ്ച വിസ്മയകരങ്ങളായ അത്ഭുതപ്രവര്‍ത്തികളാലല്ല, പ്രത്യുത, വിശ്വാസത്താലും ഉപവിയാലും മുദ്രിതമാണ്. മറിയം അനുഗ്രഹീതയായി, എന്തെന്നാല്‍, അവള്‍ വിശ്വസിച്ചു., ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ശൈത്യകാലമെങ്കിലും അര്‍ക്കാംശുക്കള്‍ ഒളിപരത്തിയ സുദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (23/12/18). ഞായറാഴ്ചകളിലെ പതിവനുസരിച്ച് അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍, പുല്‍ക്കൂടിനും ക്രിസ്തുമസ് മരത്തിനും ചുറ്റും, അതുപോലെ തന്നെ, വത്തിക്കാന്‍ നഗരാതിര്‍ക്കു പുറത്തും നിലയുറപ്പിച്ചിരുന്നു.ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (23/12/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം,  ഒന്നാം അദ്ധ്യായം 39-45 വരെയുള്ള വാക്യങ്ങള്‍, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ ദൈവപുത്രനെ ഗര്‍ഭംധരിച്ച മറിയം അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ വിചിന്തനം

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

പരിശുദ്ധ കന്യകാ മറിയം

ലോകരക്ഷകനായ യേശുവിനെ ഗര്‍ഭം ധരിച്ച കന്യകാമാതാവായ മറിയത്തിന്‍റെ  രൂപമാണ് ആഗമനകാലത്തിലെ നാലാം ഞായറാഴ്ചത്തെ ആരാധാനാക്രമം എടുത്തുകാട്ടുന്നത്. വിശ്വാസത്തിന്‍റെയും ഉപവിയുടെയും മാതൃകയായ അവളെ നമുക്കു നോക്കാം. നമുക്കു നമ്മോടുതന്നെ ചോദിക്കാം: യേശുവിന് ജന്മമേകാനുള്ള കാത്തിരിപ്പിന്‍റെതായ മാസങ്ങളില്‍ അവളുടെ ചിന്തകള്‍ എന്തായിരുന്നിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നത്തെ സുവിശേഷവചനങ്ങളില്‍, അതായത്, തന്‍റെ   ചാര്‍ച്ചക്കാരിയായ വൃദ്ധയായ എലിസബത്തിനെ മറിയം സന്ദര്‍ശിക്കുന്ന സംഭവവിവരണത്തില്‍ നിന്നുതന്നെ വരുന്നു. എലിസബത്ത് ഒരു പുത്രനെ ഗര്‍ഭം  ധരിച്ചിരിക്കുന്നുവെന്നും അവള്‍ക്ക് ഇത് ആറാം മാസമാണെന്നും ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോടു വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ ദൈവത്തിന്‍റെ  ഇടപെടലിനാല്‍ യേശുവിനെ ഗര്‍ഭംധരിച്ചയുടനെ മറിയം അവളുടെ ചാര്‍ച്ചക്കാരിയെ സന്ദര്‍ശിക്കുന്നതിന് ഗലീലിയായിലെ നസ്രത്തില്‍ നിന്ന് യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ പുറപ്പെട്ടു.

അനുഗ്രഹീത-വിശ്വസിച്ചവള്‍

സുവിശേഷം പറയുന്നതിങ്ങനെ: “അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.” (ലൂക്കാ:1,40). തീര്‍ച്ചയായും അവള്‍ ഗര്‍ഭിണിയായ എലിസബത്തിനെ, അഭിനന്ദിച്ചു. എലിസബത്താകട്ടെ മറിയത്തെ പ്രത്യഭിവാദനം ചെയ്തു: “നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗ്രഹീതം. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” (ലൂക്കാ:1,42-43). ഉടനെ തന്നെ എലിസബത്ത് മറിയത്തിന്‍റെ  വിശ്വാസത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു: “കര്‍ത്താവ് അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ:1,45) വിശ്വസിച്ചവളായ മറിയവും എലിസബത്തിന്‍റെ കാന്തന്‍, ദൈവദൂതന്‍റെ വാക്കുകളില്‍ സംശയിച്ച, സഖറിയായും തമ്മിലുള്ള അന്തരം പ്രസ്പഷ്ടമാണ്. ദൈവദൂന്‍റെ വാക്കുകള്‍ അവിശ്വസിച്ചതിനാല്‍ യോഹന്നാന്‍റെ ജനനം വരെ സഖറിയ ഊമയായിപ്പോയി. ഇതൊരു വൈപരീത്യം ആണ്.

വിശ്വാസവും ഉപവിയും കരുതലും

ദൈവവുമായുള്ള മനുഷ്യന്‍റെ കൂടിക്കാഴ്ചയുടെ രഹസ്യത്തെ എല്ലാംകൊണ്ടും സവിശേഷതയാര്‍ന്ന ഒരു വെളിച്ചത്താല്‍ വായിച്ചെടുക്കാന്‍ ഈ സംഭവം നമ്മെ സഹായിക്കുന്നു. ഈ സമാഗമം വിസ്മയകരങ്ങളായ അത്ഭുതപ്രവര്‍ത്തികളാലല്ല, പ്രത്യുത, വിശ്വാസത്താലും ഉപവിയാലും മുദ്രിതമാണ്. മറിയം അനുഗ്രഹീതയായി, എന്തെന്നാല്‍, അവള്‍ വിശ്വസിച്ചു. ദൈവവുമായുള്ള കൂടിക്കാഴ്ച വിശ്വാസത്തിന്‍റെ  ഫലമാണ്. സഖറിയയാകട്ടെ, മറിച്ച്, സംശയിച്ചു, അവിശ്വസിച്ചു. അവന്‍ മൂകനും ബധിരനുമായി. മൗനത്തിന്‍റെ സുദീര്‍ഘമായ ആ സമയം വിശ്വാസത്തില്‍ വളരേണ്ടതിനായിരുന്നു. വിശ്വാസത്തിന്‍റെ അഭാവത്തില്‍ നാം, തീര്‍ച്ചയായും, ദൈവത്തിന്‍റെ  സാന്ത്വനദായക സ്വരം കേള്‍ക്കാന്‍ കഴിവില്ലാത്തവരായിത്തീരും. തത്ഫലമായി നമ്മുടെ സഹോദരങ്ങളോട് സമാശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വാക്കുകകള്‍ പറയാന്‍ നമുക്കു സാധിക്കില്ല.  ഇത് നാം അനുദിനം കാണുന്നതാണ്: വിശ്വാസമില്ലാത്തവരോ, അല്പവിശ്വാസികളോ ആയവര്‍ക്ക് യാതനയനുഭവിക്കുന്ന ഒരു വ്യക്തിയെ സമീപിക്കുമ്പോള്‍ ആ വ്യക്തിയുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാനുള്ള ശക്തിയുണ്ടാകില്ല, അങ്ങനെ അവര്‍ സാഹചര്യാനുസൃതമായ വാക്കുകള്‍ മാത്രം പറയുന്നു. വിശ്വാസമാകട്ടെ ഉപവിയിലാണ് പോഷിതമാകുന്നത്. “മറിയം എഴുന്നേറ്റ് എലിസബത്തിന്‍റെ പക്കലേക്ക് തിടുക്കത്തില്‍ പോയി” (ലൂക്കാ:1,39) എന്നാണ് സുവിശേഷകന്‍ പറയുന്നത്. ധൃതിയിലാണ് അല്ലാതെ ഉത്ക്കണ്ഠയിലല്ല, ചിന്താവിഷ്ടയായിട്ടല്ല, മറിച്ച്, തിടുക്കത്തിലും സമാധാനത്തിലുമാണ് പോകുന്നത്. “അവള്‍ എഴുന്നേറ്റ്” ഇത് കരുതല്‍ നിറഞ്ഞ ഒരു പ്രവൃത്തിയാണ്. സ്വന്തം പുത്രന്‍റെ  ജനനത്തിനായി ഒരുങ്ങിക്കൊണ്ട് ഭവനത്തില്‍ കഴിയാമായിരുന്നു അവള്‍ക്ക്. എന്നാല്‍ തന്നെ എന്നതിനെക്കാള്‍ മറ്റുള്ളവരെക്കുറിച്ചാണ് അവള്‍ ഔത്സുക്യം പുലര്‍ത്തുന്നത്. തന്‍റെ ഉദരത്തില്‍ താന്‍ വഹിക്കുന്ന കര്‍ത്താവിന്‍റെ ശിഷ്യയായി താന്‍ മാറിക്കഴിഞ്ഞുവെന്ന് പ്രവൃത്തികളിലൂടെ മറിയം കാണിച്ചുതരികയാണ്. ഇപ്രകാരം ഉപവിയുടെ ഒരു ലളിതമായ പ്രവൃത്തിയോടുകൂടി യേശുവിന്‍റെ  ജനനസംഭവത്തിന് തുടക്കം കുറിക്കപ്പെട്ടു. എല്ലാത്തിനും ഉപരിയായി, യഥാര്‍ത്ഥ ഉപവി, എന്നും, ദൈവസ്നേഹത്തിന്‍റെ ഫലമാണ്.

വിശ്വാസത്തിന്‍റെയും ഉപവിയുടെയും ആനന്ദഭരിത ബലതന്ത്രം 

ഇന്നത്തെ ദിവ്യപൂജയില്‍ നാം വായിച്ചുകേട്ട, മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന സുവിശേഷ സംഭവം, വിശ്വാസത്തിന്‍റെയും ഉപവിയുടെയും ബലതന്ത്രം സംവേദനം ചെയ്തുകൊണ്ട് തിരുപ്പിറവി സമുചിതം ജീവിക്കുന്നതിന് നമ്മെ ഒരുക്കുന്നു. ഈ ചലനാത്മകത പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനഫലമാണ്. മറിയത്തിന്‍റെ  കന്യകോദരത്തെ ഫലപുഷ്ടമാക്കിയതും വൃദ്ധയായ ബന്ധുവിന്‍റെ പക്കലേക്കു പോകാന്‍ അവളെ പ്രേരിപ്പിച്ചതും ഈ പരിശുദ്ധാത്മാവാണ്. രണ്ടു അമ്മമാര്‍ തമ്മിലുള്ള സമാഗമത്തില്‍ പ്രകടമാകുന്നതു പോലെ ഇത് സന്തോഷപൂരിതമായ ഒരു ചലനാത്മകതയാണ്, തന്നില്‍ വിശ്വസിക്കുന്ന എളിയവരിലൂടെ വന്‍കാര്യങ്ങള്‍ നിവര്‍ത്തിയാക്കുന്ന കര്‍ത്താവിലുള്ള ആഹ്ലാദത്തിന്‍റെ ആനന്ദഗീതമാണ് മൊത്തത്തില്‍.  

ബഹിര്‍മുഖത

ബഹിര്‍മുഖതയാര്‍ന്ന ഒരു ക്രിസതുമസ് ജീവിക്കാനുള്ള അനുഗ്രഹം പരിശുദ്ധ കന്യകാമറിയം നമുക്കു നേടിത്തരട്ടെ. ചിതറപ്പെട്ടതല്ല, പ്രത്യുത, ബഹിര്‍മുഖമായത്.  നമ്മുടെ “ഞാന്‍” അല്ല യേശുവിന്‍റെ “നീ”യും സഹോദരങ്ങളുടെ, പ്രത്യേകിച്ച്, സഹായം ആവശ്യമുള്ളവരുടെ,“നീ”യും ആയിരിക്കട്ടെ കേന്ദ്രസ്ഥാനത്ത്. അപ്പോള്‍, നമ്മള്‍ ഇന്നും മാംസംധരിക്കാനും നമ്മുട ഇടയില്‍ വന്നു വസിക്കാനും ആഗ്രഹിക്കുന്ന “സ്നേഹത്തിന്” ഇടം നല്കും.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഇന്തൊനേഷ്യയില്‍ മുന്നൂറിനടുത്ത് ആളുകളുടെ ജീവന്‍ അപഹരിച്ച, ജാവ, സുമാത്ര ദ്വീപുകളില്‍ ശനിയാഴ്ചണ്ടായ വന്‍ സുനാമി ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ആ പ്രദേശത്തെ ജനങ്ങളോടുള്ള തന്‍റെ  സാമീപ്യം അറിയിക്കുകയും ചെയ്തു.

ഇന്തൊനേഷ്യയ്ക്കു വേണ്ടിയുള്ള അഭ്യര്‍ത്ഥന

അനേകം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത വന്‍ പ്രകൃതിദുരന്തിന്‍റെ ആഘാതമേറ്റ ഇന്തോനേഷ്യയിലെ ജനങ്ങളെ താന്‍ ഓര്‍ക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ഈ ദുരന്തത്തില്‍ അനേകരെ കാണാതാകുകയും അനേകര്‍ പാര്‍പ്പിടരഹിതരാകുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയതിട്ടുണ്ടെന്നനുസ്മരിച്ച പാപ്പാ ഈ ദുരന്തത്തിനിരകളായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഏകയോഗമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു. ചിതറപ്പെട്ടവര്‍ക്കും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും സാന്ത്വനം ലഭിക്കുന്നതിനായി താന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നുവെന്നും എല്ലാവരുടെയും ചാരെ താന്‍ ആദ്ധ്യാത്മകമായി ഉണ്ടെന്നും പാപ്പാ അറിയിച്ചു.

സുനാമിദുരന്തത്തിനിരകളായ ഈ സഹോദരങ്ങളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സഹായമേകാനും പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് പാപ്പാ ഇന്തൊനേഷ്യയിലെ സുനാമിബാധിതര്‍ക്കു വേണ്ടി  നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലി.

തിരുപ്പിറവിയാഘോഷവും കുടുംബാംഗങ്ങളുടെ ഒന്നു ചേരലും

തദ്ദനന്തരം പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും, ഇറ്റലിയുടെ ഇതരഭാഗങ്ങളിലും, ലോകത്തിന്‍റെ പലയിടങ്ങളിലും നിന്നെത്തിയിരുന്നവരുമായ തീര്‍ത്ഥാടകരെ, അഭിവാദ്യം ചെയ്തു. ചൊവ്വാഴ്ച തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ഈ ദിനങ്ങളി‍ല്‍ കുടുംബാഗംങ്ങള്‍ ഒന്നു ചേരുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചു.

മാതാപിതാക്കളെ വിട്ട് അകലങ്ങളില്‍ വസിക്കുന്നവര്‍ സ്വഭവനങ്ങളിലേക്കു വരുന്നതും സഹോദരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും പാപ്പാ അനുസ്മരിച്ചു. തിരുപ്പിറവിത്തിരുന്നാള്‍ മനോഹരമാണെന്നും കുടുംബത്തില്‍ എല്ലാവരും ഒന്നു ചേരുകയെന്നത് സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു.

എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് പലര്‍ക്കും ഇത് സാധിക്കാതെ പോകുന്നുതും അനുസ്മരിച്ച പാപ്പാ സ്വന്തം കുടുംബങ്ങളിലും സ്വന്തം നാട്ടിലും നിന്നകലെ കഴിയേണ്ടി വരുന്നവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ആരെയും ഉപേക്ഷിക്കുകയും മറക്കുകയും ഇല്ലെന്നു പറഞ്ഞ പാപ്പാ സഭയി

ല്‍ യഥാര്‍ത്ഥ കുടുംബത്തെ കണ്ടെത്താനും  സാഹോദര്യ സ്നേഹത്തിന്‍റെ  ഊഷ്മളത അനുഭവിച്ചറിയാനും അവര്‍ക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.

ക്രൈസ്തവസമൂഹത്തിന്‍റെ വാതില്‍ തുറന്നുകിടക്കുകയാണെന്നും യേശു പിറക്കുന്നത് സകലര്‍ക്കും വേണ്ടിയാണെന്നും അവിടന്ന് ദൈവത്തിന്‍റെ സ്നേഹം എല്ലാവര്‍ക്കും   നല്കുന്നുവെന്നും പാപ്പാ കുടുംബങ്ങളില്‍ നിന്ന് അകലെ കഴിയുന്ന ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഉറപ്പുനല്കി.

തുടര്‍ന്ന് എല്ലാവര്‍ക്കും  ശുഭ ഞായര്‍ നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം, നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

24 December 2018, 13:00