തിരയുക

Vatican News
വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍   09/12/18 വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍ 09/12/18  (ANSA)

ഹൃദ്യതയും ഭ്രാതൃനിര്‍വ്വിശേഷ കരുതലും - ത്രികാലജപ സന്ദേശം

അഹംഭാവത്തിന്‍റെയും ഔദ്ധത്യത്തിന്‍റെയും ഫലമായ നിരവധിയായ നിഷ്ഠൂരതകളുടെ കുന്നുകളെ ഇടിച്ചു നിരത്തേണ്ടിയിരിക്കുന്നു. സഹോദരങ്ങളുമായുള്ള അനുരഞ്ജനത്തിന്‍റെയും നമ്മുടെ തെറ്റുകള്‍ക്കുള്ള മാപ്പപേക്ഷയുടെയും സമൂര്‍ത്തങ്ങളായ പ്രവര്‍ത്തികളിലൂടെ നാം ഇവയെ തരണം ചെയ്യേണ്ടിയരിക്കുന്നു. അനുരഞ്ജിതരാകുക എന്നത് അത്ര എളുപ്പമല്ല-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുളിരകറ്റിയ ആദ്യത്യകിരണങ്ങള്‍ നിര്‍ല്ലോഭം ചൊരിയപ്പട്ട സുന്ദരസുദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (09/12/18). ഞായറാഴ്ചകളിലെ പതിവനുസരിച്ച് അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന 45000 ത്തോളം വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. തിരുപ്പിറവിത്തിരുന്നാളാഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഈ ചത്വരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന 21 മീറ്ററോളം ഉയരമുള്ളതും വര്‍ണ്ണ ദീപങ്ങളാലും തൂക്കുകളാലും തൊങ്ങലുകളാലും അലംകൃതവുമായ ക്രിസ്തുമസ് മരവും മണല്‍കൊണ്ടു തീര്‍ത്ത   മനോഹരമായ പുല്‍ക്കൂടും കാണാനെത്തിയിരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പുല്‍ക്കൂടിനും ക്രിസ്തുമസ്സ് മരത്തിനും നിശ്ചിത അകലത്തില്‍ സുരക്ഷാവലയം തീര്‍ത്തിരുന്നതിനാല്‍ ജനസഞ്ചയ ആ വലയത്തിനു പുറത്തു നിന്നാണ് അവ വീക്ഷിച്ചത്.

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും അന്തരിക്ഷത്തിലുയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(09/12/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, കര്‍ത്താവിന് വിഴിയൊരുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്നാപകയോഹന്നാന്‍ നടത്തുന്ന പ്രഭാഷണം, ലൂക്കായുടെ സുവിശേഷം മൂന്നാം ആദ്ധ്യായം 1-6 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

വിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം,

മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ  ശബ്ദം

ആഗമനകാലം, കര്‍ത്താവിനായുള്ള കാത്തിരിപ്പിന്‍റെ കാലം ജാഗ്രതയോടും പ്രാര്‍ത്ഥനയോടുംകൂടി ജീവിക്കാനാണ് കഴിഞ്ഞ ഞായറാഴ്ചത്തെ ആരാധനാക്രമം നമ്മെ ക്ഷണിച്ചത്. “ഉണര്‍ന്നിരിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍”. ഇന്ന്, അതായത്, ആഗമനകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച ചൂണ്ടിക്കാട്ടുന്നത് ആ കാത്തിരിപ്പിന് എങ്ങനെ അര്‍ത്ഥം നല്കാമെന്നാണ്, അതായത്, മാനസാന്തരത്തിന്‍റെ യാത്രയിലൂടെ  ആ കാത്തിരിപ്പ് എങ്ങനെ സമൂര്‍ത്തമാക്കാമെന്നാണ്. ഈ യാത്രയില്‍ വഴികാട്ടിയായി സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്, പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനം പ്രഘോഷിച്ചുകൊണ്ട് ജോര്‍ദ്ദാന്‍ മുഴുവന്‍ സഞ്ചരിച്ച സ്നാപക യോഹന്നാനാനെയാണ്.(ലൂക്കാ-3:3). സ്നാപകന്‍റെ ദൗത്യം വിവരിക്കുന്നതിന്  സുവിശേഷകന്‍ ലൂക്കാ ഏശയ്യാ പ്രവാചകന്‍റെ പുരാതന പ്രവചനത്തെ പ്രയോജനപ്പെടുത്തുന്നു. പ്രവാചകന്‍ പറയുന്നു: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നേരെയാക്കുവിന്‍! താഴ്വരകള്‍ നികത്തപ്പെടും കുന്നും മലയും നിരത്തപ്പെടും”(ലൂക്കാ-3:4-5).

മാനസാന്തരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഘടകങ്ങള്‍

ആഗതനാകുന്ന കര്‍ത്താവിന് വഴിയൊരുക്കുന്നതിന് നാം സ്നാപകന്‍ ഏകുന്ന മാനസാന്തരത്തിനുള്ള ക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ആവശ്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. മാനസാന്തരത്തിന്‍റെ അവശ്യഘടകങ്ങള്‍ ഏവയാണ്? നിരുത്സാഹത്തിന്‍റെയും  നിസ്സംഗതയുടെയുമായ മനോഭാവങ്ങളുടെ ഫലങ്ങളായ അവസ്മൃതികളെ, യേശുവിനുണ്ടായിരുന്ന മനോഭാവങ്ങളോടെ, അതായത്, അപരന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഹൃദ്യതയോടും ഭ്രാതൃനിര്‍വ്വിശേഷ കരുതലോടും കൂടെ, മറ്റുള്ളവര്‍ക്കായി നമ്മെത്തന്നെ തുറന്നിട്ടുകൊണ്ട് ഫലദായകങ്ങളാക്കി മാറ്റാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. തണുപ്പന്‍ മനോഭാവത്തിന്‍റെ  ഫലങ്ങളായ മാന്ദ്യങ്ങളെ ഫലദായകങ്ങളാക്കി മാറ്റുക.” കുഴികള്‍” ഉണ്ടെങ്കില്‍ അയല്‍ക്കാരനുമായി സ്നേഹത്തിന്‍റെയും ഉപവിയുടെയും സാഹോദര്യത്തിന്‍റെയും ബന്ധങ്ങള്‍ സ്ഥാപിക്കുക സാധ്യമല്ല. അത്, ഗര്‍ത്തങ്ങള്‍ നിരവധിയായുള്ള വഴി സഞ്ചാരയോഗ്യമല്ലാത്തതു പോലെയാണ്. ആകയാല്‍ മനോഭാവമാറ്റം അനിവാര്യമാണ്. ഏറ്റം ആവശ്യത്തിലിരിക്കുന്നവരോടുള്ള സവിശേഷമായ കരുതലോടുകൂടി വേണം ഇതൊക്കെ ചെയ്യാന്‍. അഹംഭാവത്തിന്‍റെയും ഔദ്ധത്യത്തിന്‍റെയും ഫലമായ നിരവധിയായ നിഷ്ഠൂരതകളുടെ കുന്നുകളെ ഇടിച്ചു നിരത്തേണ്ടിയിരിക്കുന്നു. സഹോദരങ്ങളുമായുള്ള അനുരഞ്ജനത്തിന്‍റെയും നമ്മുടെ തെറ്റുകള്‍ക്കുള്ള മാപ്പപേക്ഷയുടെയും സമൂര്‍ത്തങ്ങളായ പ്രവര്‍ത്തികളിലൂടെ നാം ഇവയെ തരണം ചെയ്യേണ്ടിയരിക്കുന്നു. അനുരഞ്ജിതരാകുക എന്നത് അത്ര എളുപ്പമല്ല. ആദ്യ ചുവടു വയ്ക്കുന്നത് ആര് എന്ന ചോദ്യം  എന്നുമുണ്ട്. നമുക്ക് നല്ല മനസ്സുണ്ടെങ്കില്‍ കര്‍ത്താവു നമ്മെ സഹായിക്കും. നമ്മുടെ തെറ്റുകളും അവിശ്വസ്തതകളും കൃത്യവിലോപങ്ങളുമെല്ലാം തിരിച്ചറിയുന്നതിലേക്കു നയിക്കുമ്പോഴാണ്, വാസ്തവത്തില്‍, മാനസാന്തരം പൂര്‍ണ്ണമാകുന്നത്.

സഹോദരന് സമീപസ്ഥാനയിരിക്കുക

മരുഭൂമിയില്‍ വഴിയൊരുക്കിയ സ്നാപകയോഹന്നാനെപ്പോലെ സഹോദരനു സമീപസ്ഥനാകുന്നവനാണ് വിശ്വാസി. അതായത്, പാപ്പരത്തത്താലും പരാജയത്താലും മുദ്രിതമായ ദുര്‍ഭേദ്യമായ ജീവിത സാഹചര്യങ്ങളിലും പ്രത്യാശയുടെ കിരണങ്ങള്‍ കാട്ടിത്തരുന്നു വിശ്വാസി. അടച്ചിടലിന്‍റെയും തിരസ്കരണത്തിന്‍റെയും നിഷേധാത്മകങ്ങളായ അവസ്ഥകള്‍ക്കുമുന്നില്‍ കീഴടങ്ങാനാകില്ല നമുക്കു. ലോകത്തിന്‍റെതായ മനോഭാവങ്ങള്‍ക്ക് ദാസ്യപ്പെടാന്‍ നമുക്കാകില്ല. എന്തെന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രം യേശുവും വെളിച്ചവും സ്നേഹവും സാന്ത്വനവുമായ അവിടത്തെ വചനവും ആണ്. അവിടന്ന് അതാണ്. തന്‍റെ സമകാലീനരായ ജനങ്ങളെ മാനസാന്തരപ്പെടാന്‍ സ്നാപകന്‍ ക്ഷണിച്ചത് ശക്തിയോടും വീര്യത്തോടും കാര്‍ക്കശ്യത്തോടും കൂടെയാണ്. എന്നിരുന്നാലും പാപങ്ങള്‍ ഏറ്റു പറയാനും മാനസാന്തരത്തിന്‍റെ മാമ്മോദീസാ സ്വീകരിക്കാനും തന്‍റെ പക്കലേക്കു വന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ജനക്കൂട്ടത്തെ ശ്രവിക്കാനും അവരോടു കാരുണ്യം കാട്ടാനും പൊറുക്കാനും സ്നാപകനറിയാമായിരുന്നു.

മനോഭാവ മാറ്റം

ജീവിതം കൊണ്ടു സാക്ഷ്യം നല്കുന്നതില്‍ മുന്നേറാന്‍ സ്നാപകയോഹന്നാന്‍റെ സാക്ഷ്യം നമ്മെ സഹായിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രഘോണത്തിന്‍റെ നൈര്‍മ്മല്യവും സത്യം പ്രഘോഷിക്കുന്നതില്‍ പ്രകടമായ ധീരതയും മിശിഹായെക്കുറിച്ചുള്ള, ദീര്‍ഘകാലം സുഷുപ്തിയിലാണ്ടിരുന്ന അഭിലാഷങ്ങളെയും പ്രത്യാശകളെയും വീണ്ടുമുണര്‍ത്താന്‍ പര്യാപ്തമായിരുന്നു. പ്രത്യാശ വീണ്ടും ഉളവാക്കുന്നതിനും ദൈവരാജ്യം ഏതവസ്ഥകളിലും അനുദിനം  പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ പടുത്തുയര്‍ത്തപ്പെടുന്നതു തുടരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും യേശുവിന്‍റെ,  എളിയവരും എന്നാല്‍ ധീരരുമായ സാക്ഷികളാകാന്‍ അവിടത്തെ ശിഷ്യര്‍ ഇന്നും വിളിക്കപ്പെട്ടിരിക്കുന്നു. നാമോരോരുത്തരും സ്വയം ചിന്തിക്കുക: കര്‍ത്താവിന്‍റെ വഴി ഒരുക്കുന്നതിന് എന്‍റെ മനോഭാവത്തില്‍ എന്തു മാറ്റം വരുത്താന്‍ എനിക്കു സാധിക്കും?

സമാധാനത്തിന്‍റെയും നീതിയുടെയും സാഹോദര്യത്തിന്‍റെയും വിത്തുകള്‍

നമ്മില്‍ നിന്നുതന്നെ തുടങ്ങി, അനുദിനം, കര്‍ത്താവിന്‍റെ വഴി ഒരുക്കാനും സമാധാനത്തിന്‍റെയും നീതിയുടെയും സാഹോദര്യത്തിന്‍റെയും വിത്തുകള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ക്ഷമയോടെ നമുക്കു ചുറ്റും വിതയ്ക്കാനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ആശീര്‍വാദനന്തര അഭിവാദനങ്ങള്‍

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും, ഇറ്റലിയുടെ ഇതരഭാഗങ്ങളിലും, ലോകത്തിന്‍റെ പലയിടങ്ങളിലും നിന്നെത്തിയിരുന്നവരുമായ തീര്‍ത്ഥാടകരെ, വിശിഷ്യ, ഇറ്റലിയിലെ ഓര്‍വവിയെത്തൊ തോദി രൂപതയില്‍ നിന്നെത്തിയിരുന്ന യുവജനത്തെ അഭിവാദ്യം ചെയ്യുകയും എല്ലാവര്‍ക്കും നല്ലൊരു ആഗമനകാല പ്രയാണം ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് എല്ലാവര്‍ക്കും  ശുഭ ഞായര്‍ നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും നല്ല ഉച്ചവിരുന്നു ആശംസിക്കുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

10 December 2018, 12:30