തിരയുക

Vatican News
2018.12.13 crown prince of UAE in vatican 6, December 2016 2018.12.13 crown prince of UAE in vatican 6, December 2016 

അബുദാബിയില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കും

യുഎഇ (United Arab Emirates) അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. സായെദ് കായിക കേന്ദ്രത്തിലെ (Sayed Sports City) താല്‍ക്കാലിക വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് 2019 ഫെബ്രുവരി 5-ന് രാവിലെ സമൂഹബലിയര്‍പ്പിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

3 ഫെബ്രുവരി 2019 ഞായറാഴ്ച
പ്രാദേശിക സമയം (all time as in Rome) ഉച്ചതിരിഞ്ഞ് 01.00 മണിക്ക് പാപ്പാ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യുഎഇ-യുടെ തലസ്ഥാനനഗരമായ അബുദാബിയിലേയ്ക്ക് പുറപ്പെടും. ഞായറാഴ്ച രാത്രി 7 മണിക്ക്  അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ എയര്‍പ്പോര്‍ട്ടില്‍ പാപ്പാ വിമാനമിറങ്ങും. തുടര്‍ന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങാണ്.

4 ഫെബ്രുവരി 2019 തിങ്കളാഴ്ച
മദ്ധ്യാഹ്നം 12 മണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. അതിനുശേഷം 12. 20-ന് യുഎഇ-യുടെ കിരീടാവകാശി, മഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാനുമായി കൊട്ടാരത്തില്‍വച്ചുള്ള സ്വകാര്യ സ്വീകരണച്ചടങ്ങിലും പാപ്പാ പങ്കെടുക്കും.

അന്നു വൈകുന്നേരം 05.00 മണിക്ക് ഷെയ്ക്ക് സായേദിന്‍റെ പേരിലുള്ള അബുദാബിയിലെ വലിയ പള്ളിയില്‍ രാജ്യത്തെ ഇസ്ലാമിക കൗണ്‍സിലിലെ മൂപ്പന്മാരുമായി പാപ്പാ ഫ്രാന്‍സിസ് സ്വകാര്യകൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 06.10-ന് അബുദാബിയിലെ മതാന്തര സംവാദ സംഗമത്തില്‍ യുഎയി-രാഷ്ട്രസ്ഥാപകനായ ഷെയിക്ക് സായെദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ബഹുമാനാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തും.

5 ഫെബ്രുവരി 2019 ചൊവ്വാഴ്ച
രാവിലെ 09.15-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തില്‍ അബുദാബിയിലുള്ള ഭദ്രാസന ദേവാലയം സന്ദര്‍ശിക്കും. തുടര്‍ന്ന് 10.30-ന് സായെദ് കായിക കേന്ദ്രത്തിലെ  (Sayed Sports City) താല്‍ക്കാലിക വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും. എമിറേറ്റ്സിലെ കത്തോലിക്കരും, അവിടങ്ങളില്‍ വിവിധ തരത്തിലും തലത്തിലുമായി ജോലിക്കെത്തിയിട്ടുള്ളവരും പാപ്പായുടെ ദിവ്യബലിയില്‍ പങ്കെടുക്കും.

വത്തിക്കാനിലേയ്ക്കുള്ള  മടക്കയാത്ര
12.40 മദ്ധ്യാഹ്നം അബുദാബിയിലെ പ്രസിഡെന്‍ഷ്യല്‍ വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പാണ്. കൃത്യം 01.00 മണിക്ക് പാപ്പാ ഫ്രാന്‍സിസ് റോമിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കും. അന്നു  പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്  പാപ്പാ ഫ്രാന്‍സിസ് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും. അവിടെനിന്ന് കാറില്‍ യാത്രചെയ്ത് വത്തിക്കാനില്‍ എത്തിച്ചേരും.

13 December 2018, 17:34