file photo : Pope in Mexico - 2016 file photo : Pope in Mexico - 2016 

ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍

ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍, ഡിസംബര്‍ 12, ബുധനാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഡിസംബര്‍ 12-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കായിരിക്കും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ലാറ്റിനമേരിക്കന്‍ ജനതയുടെ ‘ഇഷ്ടഭക്തി’യായ ഗ്വാദലൂപെ കന്യകാനാഥയുടെ തിരുനാള്‍ ആചരിക്കുന്നത്.

ഒരു ലാറ്റിനമേരിക്കന്‍ പുത്രന്‍റെ സ്നേഹാര്‍ച്ചന
റോമിലും ഇറ്റലിയുടെ ഇതരഭാഗങ്ങളിലുമുള്ള ലാറ്റിനമേരിക്കന്‍ ജനങ്ങളുടെയും, മറ്റ് തീര്‍ത്ഥാകടരുടെയും സാന്നിദ്ധ്യംകൊണ്ട് പാപ്പായുടെ ദിവ്യബലിയര്‍പ്പണവും അതിനുമുന്‍പുള്ള ജപമാലസമര്‍പ്പണവും സജീവവും മനോഹരവുമാണ്. സ്ഥാനാരോപിതനായശേഷം, 2013 മുതല്‍ എല്ലാവര്‍ഷവും പാപ്പാ ഫ്രാന്‍സിസ് ഡിസംബര്‍ 12-ന് ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ ഇറ്റലിയിലുള്ള ലാറ്റിനമേരിക്കന്‍ സമൂഹത്തോടൊപ്പവും, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിനായി റോമില്‍ സ്ഥാപിതമായിട്ടുള്ള പ്രത്യേക കമ്മിഷന്‍റെ (The Commission for Latin America) ഭാരവാഹികള്‍ക്കൊപ്പവും വത്തിക്കാനില്‍ ആചരിച്ചുപോരുന്നു.

തനിക്ക് ജീവനും വിശ്വാസവും തന്നു നിത്യതയിലേയ്ക്ക് കടന്നുപോയ പ്രിയ മാതാപിതാക്കള്‍ മാരിയോ, റെജീന എന്നിവരെ ലാറ്റിനമേരിക്കന്‍ പുത്രാനായ പാപ്പാ അന്നേദിവസം ദിവ്യബലിയില്‍ പ്രത്യേകം അനുസ്മരിക്കാറുണ്ട്. ഗ്വാദലൂപെ നാഥയുടെ തിരുനാളിലാണ് തന്‍റെ മാതാപിതാക്കള്‍ വിവാഹിതരായതെന്ന കാര്യവും മുന്‍വര്‍ഷങ്ങളില്‍ പാപ്പാ പ്രാര്‍ത്ഥനയില്‍ എടുത്തുപറഞ്ഞി‍ട്ടുണ്ട്.

മെക്സിക്കോയില്‍ തുടങ്ങിയ ഗ്വാദലൂപെ നാഥയുടെ വണക്കം
മെക്സിക്കോയിലെ ഗ്വാദലൂപെയില്‍ തെപയാക് കുന്നിന്‍ ചരിവില്‍ 1531 ഡിസംബര്‍ 12-Ɔο തിയതി ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ അനുസ്മരണവും ആചരണവും കാലക്രമത്തില്‍ വളര്‍ന്നാണ് ഗ്വാദലൂപെയിലെ കന്യകാനാഥയുടെ ഭക്തി ഇന്ന് ലോകമെമ്പാടും എത്തിനില്ക്കുന്നത്.

വരണ്ടു തരിശായ തെപയാക് കുന്നില്‍ അത്ഭുതകരമായി വിടര്‍ന്ന റോസാപ്പൂക്കളും, അവിടെ ജോലിചെയ്തിരുന്ന കര്‍ഷകനായ ജുവാന്‍റെ തോള്‍വിരിയില്‍ മുദ്രിതമായ കന്യകാനാഥയുടെ അത്ഭുതചിത്രവും ഗ്വാദലൂപെ ഭക്തിയുടെ ലളിതമായ തുടക്കമായിരുന്നെങ്കിലും, ലാറ്റിനമേരിക്കന്‍ ജനതയുടെ വിശ്വാസ ചരിത്രത്തില്‍ ഇന്നും മായാത്ത ആത്മീയ മുദ്രകളാണ് ഗ്വാദലൂപെനാഥ വിരിയിക്കുന്നത്.

ദര്‍ശന ഭാഗ്യമുണ്ടായ ജൂവാന്‍ ദിയോഗോ വിശുദ്ധപദത്തില്‍
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002-Ɔമാണ്ടില്‍ ജുവാന്‍ ദിയോഗോയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി. ജൂവാന്‍ ദിയോഗോയുടെ മേലങ്കിയില്‍ അത്ഭുതകരമായി വിരചിതമായ സ്വര്‍ഗ്ഗാരോപിതയായ കന്യകാനാഥയുടെ ചിത്രണത്തോട് സാമ്യമുള്ള സ്വരൂപമാണ് ലോകം മുഴുവന്‍ ഇന്നു കീര്‍ത്തിപ്പെട്ട ഗ്വാദലൂപെ നാഥയുടെ അത്ഭുതചിത്രം. ലോകത്ത് ഏറ്റവും ഏറെ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മെക്സിക്കോയിലെ ഗ്വാദലൂപെ. മെക്സിക്കോയുടെ മാത്രമല്ല, എല്ലാ ലാറ്റിമനേരിക്കന്‍ രാജ്യങ്ങളുടെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെ നാഥ.

ലാറ്റിനമേരിക്കന്‍ ജനതയുടെ ആത്മീയ ഐക്യം
1887-ല്‍ ലിയോ 13-Ɔമന്‍ പാപ്പായാണ് ഗ്വാദലൂപെയിലെ കന്യകാനാഥയെ മെക്സിക്കോയുടെ മദ്ധ്യസ്ഥയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ രാജ്ഞിയുമായി വാഴിച്ചത്. കാലികമായി ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികള്‍ക്കിടയിലും മെക്സിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ജനതകളെയും ഇന്ന് ആത്മീയമായും സാംസ്ക്കാരികമായും സാമൂഹികമായും കൂട്ടിയിണക്കുന്നത് ഗ്വാദലൂപെയിലെ കന്യകാനാഥയാണ്.

ഫിലിപ്പീന്‍സിന്‍റെയും  മദ്ധ്യസ്ഥ
ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സിന്‍റെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെയിലെ കന്യകാനാഥ.  1935-ല്‍ 11-Ɔο പിയൂസ് പാപ്പായാണ് കന്യകാനാഥയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്കു നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2018, 10:45