തിരയുക

Pope Francis during audience with children and family from the dispensary of Santa Marta Pope Francis during audience with children and family from the dispensary of Santa Marta 

പാപ്പാ ഫ്രാന്‍സിസിന് പിറന്നാള്‍ ആശംസകള്‍!

ഡിസംബര്‍ 17, തിങ്കളാഴ്ച - പാപ്പായ്ക്ക് 82-Ɔο പിറന്നാള്‍ ആശംസകള്‍ പ്രാര്‍ത്ഥനയോടെ നേരുന്നു. കലുഷിതമായ ഇക്കാലഘട്ടത്തില്‍ സഭയെ നയിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന് ഇനിയും ആയുസ്സും ആയുരാരോഗ്യവും ദൈവം നല്കട്ടെ!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാവങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന പിറന്നാള്‍
വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന പതിവില്ലെങ്കിലും, ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന പോളണ്ടുകാരന്‍ കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രജേസ്കി പാവങ്ങള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന പതിവുണ്ട്.

യുവജനോത്സവത്തിന്‍റെ മധുരമൂറുന്ന “പിറന്നാള്‍ കേക്ക്!”
കഴിഞ്ഞ പിറന്നാളുകളില്‍ എന്നപോലെ, ഇക്കുറിയും വത്തിക്കാന്‍റെ അയല്‍പക്കമായ “ബോര്‍ഗോ പിയോ” ഭാഗത്തുള്ള അറിയപ്പെട്ട ഹെദേരാ (Hedera) ബേക്കറി നിര്‍മ്മിച്ച ചിത്രപ്പണികളുള്ള സവിശേഷമായ “പിറന്നാള്‍ കേക്ക്”  വത്തിക്കാനില്‍ എത്തിയിരുന്നു. ചുറ്റും കൂടിനില്കുന്ന യുവജനങ്ങളുടെ മദ്ധ്യത്തില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മധുരത്തില്‍ തീര്‍ത്ത കേക്കിലെ ചിത്രീകരണം കൗതുകം ഉണര്‍ത്തുന്നതായിരുന്നു.

തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കാന്‍പോകുന്ന ആഗോള യുവജനോത്സവത്തിന്‍റെയും (2019 ജനുവരി 22-27), വത്തിക്കാനില്‍ 2018 ഒക്ടോബറില്‍ സമാപിച്ച യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് സവിശേഷമായ ഈ “പിറന്നാള്‍ കേക്ക്”! പേപ്പല്‍ വസതി “സാന്താ മാര്‍ത്ത”യിലെ അന്തേവാസികള്‍ക്കൊപ്പം പ്രാതല്‍ കഴിക്കവെ പാപ്പാ ഫ്രാന്‍സിസ് കേക്ക് ആശീര്‍വ്വദിച്ചു പങ്കുവയ്ക്കുകയുണ്ടായി. സഹപ്രവര്‍ത്തകരായി അവിടെ  സാന്താ മാര്‍ത്തയില്‍ വസിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും, വൈദികരും ജോലിക്കാരും പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.   പാവങ്ങള്‍ക്കായുള്ള വത്തിക്കാനിലെ സാന്താമാര്‍ത്ത ക്ലിനിക്കിലെ അഗതികളും രോഗികളുമായ കുഞ്ഞുങ്ങള്‍ക്കൊപ്പവും പാപ്പാ ഫ്രാന്‍സിസ് ഞായറാഴ്ച, ഡിസംബര്‍ 15-ന്  വൈകുന്നേരം  കേക്കു മുറിച്ചു നല്കിയും,  അവര്‍ക്കൊപ്പം കുശലംപറഞ്ഞും ജന്മദിനം അനുസ്മരിക്കുകയുണ്ടായി.

ഇറ്റാലിയന്‍ ജനതയുടെ ആശംസകള്‍
പ്രസിഡന്‍റ്, സേര്‍ജോ മത്തരേലാ ഇറ്റാലിയന്‍ ജനതയുടെ പേരില്‍ പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശം അയയ്ക്കുകയുണ്ടായി.

മെത്രാന്മാര്‍ നന്ദിയോടെ പ്രാര്‍ത്ഥന നേര്‍ന്നു!
പ്രകാശപൂര്‍ണ്ണമായ പാപ്പായുടെ അജപാലന ആത്മീയ സാന്നിദ്ധ്യത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും, പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി ഇറ്റലിയിലെ വിശ്വാസികളുടെ പേരിലും, അവരുടെ അജപാലകരുടെ പേരിലും സന്ദേശം അയച്ചിരുന്നു!

ആഗോളതലത്തിലും ആശംസകള്‍
പാപ്പാ ഫ്രാന്‍സിസിന് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും വിവിധങ്ങളായ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഗോളതലത്തിലുള്ള സന്ദേശങ്ങള്‍ വത്തിക്കാനില്‍ പിന്നെയും എത്തിയതായി സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഫബിയാനോ പെദിക്കിയോ അറിയിച്ചു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2018, 13:09