Pope Francis visited the medical camp opened in view of the 2nd World Day of the poor on 18th November Pope Francis visited the medical camp opened in view of the 2nd World Day of the poor on 18th November 

പാവങ്ങള്‍ക്കായുള്ള രണ്ടാമത്തെ ആഗോളദിനം നവംബര്‍ 18 ഞായര്‍

പാപ്പാ ഫ്രാന്‍സിസ് പാവങ്ങള്‍ക്കൊപ്പം വത്തിക്കാനില്‍ സമൂഹബലിയര്‍പ്പിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാവങ്ങള്‍ക്കായ് ഒരുക്കുന്ന വിരുന്നുമേശ
നവംബര്‍ 18-‍Ɔο തിയതി ഞായറാഴ്ചയാണ് ആഗോളസഭയില്‍ പാവങ്ങളുടെ രണ്ടാമത്തെ ആഗോളദിനം ആചരിക്കുന്നത്. പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് പാവങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കുന്നത് ഈ ദിനത്തെ പ്രത്യേകതയാണ്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സന്നദ്ധസംഘടകളും സര്‍ക്കാരേതര ഏജന്‍സികളും ധാരാളം പാവപ്പെട്ടവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയുമായി പാപ്പായുടെ ദിവ്യബലിയില്‍ പാങ്കെടുക്കാനെത്തും. പാപ്പാ ദിവ്യബലിമദ്ധ്യേ വചനചിന്തകള്‍ പങ്കുവയ്ക്കും.

എളിയവന്‍റെ നിലവിളി
“എളിയവന്‍ നിലവിളിച്ചപ്പോള്‍ കര്‍ത്താവ് അവനെ ശ്രവിച്ചു,” എന്ന സങ്കീര്‍ത്തനവചനം ശീര്‍ഷകമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് 2018-ലെ പാവങ്ങളുടെ ആഗോളദിനം ആഹ്വാനംചെയ്തിരിക്കുന്നത് (സങ്കീര്‍ത്തനം 34, 6).   നമുക്കു ചുറ്റുമുള്ള “പാവങ്ങള്‍” എന്നു നാം പൊതുവെ മുദ്രകുത്തി തള്ളുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, യാതനകള്‍ അനുഭവിക്കുന്നവരുമായ സഹോദരങ്ങളെ ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളില്‍ നാം അഭിമുഖീകരിക്കുമ്പോള്‍ സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ നമ്മുടേതായും, നമ്മുടെ പ്രാര്‍ത്ഥനയായും മാറും. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിക്കകയും, അത് ജീവിതത്തില്‍ സ്വായത്തമാക്കുകയും ചെയ്തിട്ടുള്ള സങ്കീര്‍ത്തകന്‍, തന്‍റെ ജീവതാനുഭവം പ്രാര്‍ത്ഥനയാക്കി ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുന്നതാണ് വിശുദ്ധ ഗ്രന്ഥത്തിലെ‍ മനോഹരമായ  34-Ɔ‍‍‍‍ο സങ്കീര്‍ത്തനം.

പാവങ്ങളിലേയ്ക്കു കണ്ണുതിരിക്കാം!
ദാരിദ്ര്യത്തിന്‍റെയും ജീവിതയാതനകളുടെയും വിവിധ രൂപങ്ങള്‍ നമുക്കു ചുറ്റും ഇന്നും തലയുയര്‍ത്തി നില്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഈ ദിനാചരണം നമ്മെ സഹായിക്കട്ടെ! പാവങ്ങളിലേയ്ക്ക് കണ്ണുതിരിക്കാനും, അവരുടെ കരച്ചിലുകള്‍ക്ക് കാതോര്‍ക്കാനും, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും രണ്ടാമത്തെ ആഗോളദിനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് നമ്മെ ഏവരെയും ക്ഷണിക്കുന്നു!

മാത്രമല്ല, ഈ ദിനാചരണത്തിലൂടെ എളിയവരായ നമ്മുടെ സഹോദരങ്ങളിലേയ്ക്കു ഹൃദയം തുറന്നു തിരിയാനും, അവരെ പിന്‍തുണയ്ക്കാനുമുള്ള പദ്ധതികള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ ആസൂത്രണംചെയ്യാനും ഈ ദിനം പ്രചോദനമേകട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2018, 17:56