തിരയുക

Vatican News
2018.11.30 Messa Santa Marta feast of Apostle Andrew 2018.11.30 Messa Santa Marta feast of Apostle Andrew  (Vatican Media)

ജീവിതം പരസ്യപ്പെടുത്തലല്ല സ്വയാര്‍പ്പണത്തിന്‍റെ സാക്ഷ്യമാണ്!

നവംബര്‍ 30-‍Ɔο തിയതി വെള്ളിയാഴ്ച വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ അനുസ്മരണനാളില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ (മത്തായി 4, 18-22) :

- ഫാദര്‍ വില്യം നെല്ലിക്കല്‍

നാടുനീളെ നന്മചെയ്തു കടന്നുപോയവര്‍
നന്മചെയ്തു കടന്നുപോവുകയും, രോഗികളെ സുഖപ്പെടുത്തുകയും, ലോകത്തിന് ജീവിതമൂല്യങ്ങളുടെ മനോഹരമായ പാഠങ്ങള്‍ പറഞ്ഞുതരുകയുംചെയ്ത ഒരാളെക്കുറിച്ച്, അതായത് ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുന്നത് പരസ്യപ്പെടുത്തലല്ല. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതോ, പ്രസംഗിക്കുന്നതോ മതപരിവര്‍ത്തനവുമല്ല! കച്ചവട മനഃസ്ഥിതിയുമായി ക്രിസ്തുവിനെ പ്രഘോഷിക്കുന്ന തൊഴിലുമല്ലത്! അപ്പോള്‍ ക്രിസ്തുവിനെ സംബന്ധിച്ച പ്രഘോഷണം എന്താണെന്നു ചോദിക്കാം. അത് മതപരിവര്‍ത്തനത്തിനും, പരസ്യപ്പെടുത്തലിനും, വില്പനയ്ക്കും അതീതമായ പ്രവര്‍ത്തനമാണ്.  അതിനെ എങ്ങനെ മനസ്സിലാക്കാമെന്നു ചോദിച്ചാല്‍..., പ്രഥമമായും അത് ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുകയും, അയയ്ക്കപ്പെടുകയും ചെയ്യുന്ന (to be sent) പ്രക്രിയയാണ്. അയക്കപ്പെടുന്നവനാണ് അപ്പസ്തോലന്‍ (apostolos, the Apostle, one who is sent witness), അയാളാണ് പ്രേഷിതന്‍.

സ്വയാര്‍പ്പണത്തിന്‍റെ  ജീവിതശൈലി
പ്രേഷിത പ്രവര്‍ത്തനവും സുവിശേഷപ്രഘോഷണവും ഒരു വിധത്തില്‍ വ്യക്തി ജീവിതത്തെ അപകടപ്പെടുത്തലാണ്. അതായത്, അത് കൈവിട്ട കളിയാണ്,  സമര്‍പ്പണമാണ്. പ്രേഷിത സമര്‍പ്പണം ഒരു യാത്രയായി മനസ്സിലാക്കിയാല്‍ അതിന് ഒരു വശത്തേയ്ക്കു മാത്രമെ ടിക്കറ്റുള്ളൂ (one way ticket).  മടക്കയാത്രയ്ക്കു സാദ്ധ്യതയില്ലാത്ത സ്വയാര്‍പ്പണത്തിന്‍റെയും പരിത്യാഗത്തിന്‍റെയും ജീവിതമാണത്.
കാരണം വ്യക്തി അല്ലെങ്കില്‍ പ്രേഷിതന്‍ ജീവിതസാക്ഷ്യംകൊണ്ടാണ് യേശുവിനെ പ്രഘോഷിക്കുന്നത്.  അയാള്‍  ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുപോലും ലക്ഷ്യപ്രാപ്തിക്കായി സ്വയാര്‍പ്പണം ചെയ്യുകയാണ്.

വാക്കുകളെ ചിറകിലേറ്റുന്നവര്‍
സമര്‍പ്പിതനായ പ്രേഷിതന്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നു. തന്‍റെ വാക്കുകളെ ജീവിതത്തില്‍ ചിറകുവിരിയിച്ച് യാഥാര്‍ത്ഥ്യമാക്കുന്നു. എന്തു വിലകൊടുത്തും, ജീവന്‍ സമര്‍പ്പിച്ചും, തന്‍റെ വാക്കുകള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നു. വിശ്വസിക്കുകയും പ്രഘോഷിക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തുന്നു.

ദൈവഹിതം തേടുന്നവരാകാം!
യേശു തന്‍റെ ജീവിതകാലത്ത് പ്രലോഭിതനായല്ലോ! അവിടുത്തെ വഴിതെറ്റിക്കാന്‍ പൈശാചികമായ പ്രേരണകള്‍ ഉണ്ടായത് നാം സുവിശേഷത്തില്‍ വായിക്കുന്നു. മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ ക്രിസ്തുവിനെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍തന്നെ പിശാച് മരുപ്രദേശത്തു കൊണ്ടുപോയി നിര്‍ബന്ധിച്ചു നോക്കി. അവിടുന്ന് അതിനു വഴിപ്പെട്ടില്ല. പിതൃഹിതം നിറവേറ്റാനാണ് അവിടുന്നു പരിശ്രമിച്ചത്. മരണംവരെ അവിടുന്നു പിതാവിനു കീഴ്പ്പെട്ടു ജീവിച്ചു. തിരുവെഴുത്തുകള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നു, യാഥാര്‍ത്ഥ്യമാക്കേണ്ടിയിരുന്നു.  അവിടുന്നു വന്നത് പിതൃഹിതം നിറവേറ്റാനും, ദൈവസ്നേഹത്തെ ഈ ഭൂമിയില്‍ സാക്ഷ്യപ്പെടുത്താനുമായിരുന്നു. എന്തെന്നാല്‍ അവിടുന്ന് മാംസംധരിച്ച പിതൃസ്നേഹത്തിന്‍റെ സാക്ഷാത്ക്കാരമാണ്.

യേശുവിനെപ്പോലെയാകാം!
ഓരോ ക്രൈസ്തവനും ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്നവരാകണം ക്രൈസ്തവര്‍. വാക്കുകള്‍ പ്രവൃത്തിയില്‍ കൊണ്ടുവരുന്നതാണ് ജീവിതസാക്ഷ്യം!  ക്രൈസ്തവന്‍റെ ജീവിതസാക്ഷ്യം  ക്രിസ്തുവിന്‍റെ പ്രഘോഷണമാണ്.  ക്രൈസ്തവര്‍ ജീവിതത്തില്‍ ക്രിസ്തുവിനെപ്പോലെ ആകുന്നതാണ് ക്രിസ്തുസാക്ഷ്യം. ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും ജീവിതങ്ങള്‍കൊണ്ടു സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്തുസാക്ഷ്യവും ചിലപ്പോള്‍ രക്തസാക്ഷിത്വവുമാണ്. അതിനാല്‍ ക്രിസ്തുവിനെ ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ രക്തസാക്ഷികളാണ്!

ജീവിതപരിസരങ്ങളിലെ പുണ്യസാക്ഷികള്‍
ചരിത്രത്തില്‍ എത്രയോ സ്ത്രീ പുരുഷന്മാര്‍ ക്രിസ്തുവിനു സാക്ഷ്യംവഹിക്കാന്‍ സ്വയാര്‍പ്പണംചെയ്തിട്ടുണ്ട്. രക്തംകൊണ്ടാണ് അപ്പസ്തോലന്മാര്‍ എല്ലാവരുംതന്നെ ക്രിസ്തുവിനും അവിടുത്തെ വചനത്തിനും സാക്ഷ്യം നല്കിയിട്ടുള്ളത്. അതുപോലെ, പിന്നെയും എത്രയോ സാധാരണക്കാരായ മനുഷ്യര്‍ തങ്ങളുടെ എളിയ ജീവിതങ്ങള്‍കൊണ്ടും നിശ്ശബ്ദസേവനംകൊണ്ടും കുടുംബത്തിലും സമൂഹത്തിലും ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്നു. അവര്‍ അനുദിനം ത്യാഗത്തിലും സ്നേഹത്തിലും തങ്ങളുടെ വാക്കുകളെ പ്രവൃത്തികളോടു സാരൂപ്യപ്പെടുത്തി ജീവിതയാത്രയില്‍ നിശ്ശബ്ദമായി മുന്നേറുന്നു. ഇവര്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിന്‍റേയും അവിടുത്തെ സുവിശേഷത്തിന്‍റേയും സാക്ഷികളാണ്.

ക്രിസ്തുവിന്‍റെ പ്രഥമ ശിഷ്യനും രക്തസാക്ഷിയും അപ്പസ്തോലനുമായ വിശുദ്ധ അന്ത്രയോസ് നമ്മുടെ എളിയ ജീവിതങ്ങളെ സുവിശേഷ ദീപ്തിയാല്‍ പ്രശോഭിപ്പിക്കട്ടെ!

30 November 2018, 18:56