തിരയുക

Vatican News
Pope Francis' mass malayalam reflection 27-11-18 Pope Francis' mass malayalam reflection 27-11-18  (ANSA)

അന്ത്യവിധിയെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കാം!

നവംബര്‍ 27-Ɔο തിയതി ചൊവ്വാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം  നെല്ലിക്കല്‍  

ദൈവസന്നിധിയില്‍ നില്ക്കേണ്ട നാള്‍
1 വിളവെടുപ്പാകുന്ന അന്ത്യവിധിയുടെ സമയത്തായിരിക്കും നാം ദൈവത്തെ അഭിമുഖീകരിക്കുന്നത് (ലൂക്ക 21, 5-11). നേര്‍ക്കാഴ്ചയില്‍ നാം അവിടുത്തോടു പറയേണ്ടി വരും, “ദൈവമേ, ഇതാ... എന്‍റെ ജീവന്‍!! ഇതാണ് എന്‍റെ വിളയും ധാന്യവും, അദ്ധ്വാനഫലവും. അത് എന്‍റെ ജീവിത മേന്മയുമാണ്. ഇതു നല്ലതല്ലേ, ശരിയല്ലേ? എനിക്കു തെറ്റുപറ്റിയോ!  ഞാന്‍ ചെയ്തത് എല്ലാം നല്ലതായിരുന്നല്ലോ!” തീര്‍ച്ചയായും നാം എല്ലാവരും ചെയ്യുന്നതൊക്കെ നല്ലതാണ്, നന്മയാണ്. എന്നാല്‍ ദൈവത്തിന് തിരികെ ഏല്പിക്കാന്‍ വളരെക്കുറച്ചു വിളവേ കൈക്കലുള്ളൂ! കുറച്ചു നന്മയല്ലേ ഉള്ളൂ എന്നൊരു തോന്നല്‍ അവസാന നാളില്‍ ഉണ്ടായേക്കാം.

അന്ത്യനാളിനായി ഒരുങ്ങിയിരിക്കാം!
2 വരുന്ന വാരം മുഴുവന്‍ നാം ജീവിതാന്ത്യത്തെക്കുറിച്ചാണ് ധ്യാനിക്കാന്‍ പോകുന്നത്. “ദൈവം എന്നെ ഇന്ന് വിളിക്കുന്നെങ്കില്‍ ഞാന്‍ എന്തുചെയ്യും? ഞാന്‍ എന്തു പറയും? എന്തു ഞാന്‍ അവിടുത്തേയ്ക്കു നല്കും?” മുന്നോട്ടുള്ള ജീവിതയാത്രയെ സഹായിക്കുന്ന ചിന്തയാണിത്. നാം മരണത്തെക്കുറിച്ചും ജീവിതാന്ത്യത്തെക്കുറിച്ചും ചിന്തയുള്ളവരായിരിക്കണം. കാരണം അങ്ങനെയൊരു ചിന്ത മാത്രമേ, നമ്മെ പുണ്യപാതയില്‍ നയിക്കൂ!  മുന്നോട്ടുള്ള യാത്രയ്ക്കു പ്രത്യാശ നല്കൂ!! കാരണം ജീവിതത്തിന് ഒരു അന്ത്യമുണ്ട്.

ജീവിതാന്ത്യത്തെക്കുറിച്ചു ധ്യാനിച്ച ജ്ഞാനികള്‍
ജീവിതാന്ത്യം ഒരു നേര്‍ക്കാഴ്ചയാണ്, ദൈവവുമായുള്ള ഒരു അഭിമുഖം!  അത് കാരുണ്യത്തിന്‍റെ നേര്‍ക്കാഴ്ചയായിരിക്കും,  ആ നേര്‍ക്കാഴ്ച  സന്തോഷത്തിന്‍റേതായിരിക്കും,  സ്വര്‍ഗ്ഗീയാനന്ദത്തിന്‍റേതായിരിക്കും! അതിനാല്‍, ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തില്‍ അനിവാര്യമാണ്. സകല ജീവജാലങ്ങള്‍ക്കും സൃഷ്ടവസ്തുക്കള്‍ക്കും അന്ത്യമുണ്ട്. ആ അന്ത്യം നിങ്ങള്‍ക്കും എനിക്കുമുണ്ട്. അതു നമ്മുടെ മരണമാണ്! അങ്ങനെ ജീവിതാന്ത്യത്തെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കുന്നതാണ് വിജ്ഞാനം, ബുദ്ധി!! മഹത്തുക്കളും വിശുദ്ധാത്മാക്കളും എന്നും ജീവിതാന്ത്യത്തിനായി ഒരുങ്ങി ജീവിച്ചവരാണ്. അവര്‍ ദൈവസന്നിധിയില്‍ മഹത്വീകൃതരായി.

വെളിവു  തരുന്ന ദൈവാത്മാവ്
3 പരിശുദ്ധാത്മാവിന്‍റെ വെളിവിനായി ഈ വാരത്തില്‍ നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. “ദൈവാരൂപിയേ... സമയത്തെക്കുറിച്ചുള്ള വിജ്ഞാനം തരണമേ, ജീവിതാന്ത്യത്തെക്കുറിച്ച് അവബോധം നല്കണമേ, നിത്യമായ വിധിയെക്കുറിച്ചുള്ള വെളിവു നല്കണമേ! മരണത്തെക്കുറിച്ചും ക്രിസ്തുവിലുള്ള ഉയിര്‍പ്പിനെക്കുറിച്ചുമുള്ള വിജ്ഞാനം തരണമേ! വിശ്വാസത്തില്‍ ഇതെല്ലാം ഗ്രഹിക്കാനും, മനസ്സിലാക്കാനുമുള്ള വരമരുളണമേ! വെളിച്ചവും വെളിവും പകരണമേ  ! അങ്ങനെ അന്ത്യവിധിയാളനായ ക്രിസ്തുവുമായുള്ള എന്‍റെ കൂടിക്കാഴ്ച ആനന്ദദായകമാവട്ടെ! അന്ത്യനാളുകള്‍ക്കായി ഒരുങ്ങാന്‍ എന്നെ സഹായിക്കണേ, ദൈവമേ!”

മരണത്തെ ധ്യാനിക്കുമ്പോള്‍
ഈ ദിനങ്ങളില്‍, ഈ ആഴ്ചയില്‍ ഞങ്ങള്‍ മരണത്തെക്കുറിച്ച് ധ്യാനിക്കട്ടെ! അന്ത്യമില്ലാത്തവരായി ആരുമില്ല. നിങ്ങള്‍ക്കും എനിക്കും അന്ത്യമുണ്ട്! ‍ഞാന്‍ ഒരുനാള്‍ മരിക്കും. നിങ്ങളും...!! എന്നാല്‍ അതെങ്ങനെയായിരിക്കും? എപ്പോഴായിരിക്കും? അറിയില്ല!! ഈ ധ്യാനം നമ്മെ ക്രിസ്തുവിലേയ്ക്കും ദൈവിക ജീവനിലേയ്ക്കും അനുദിനം ആനയിക്കട്ടെ!

28 November 2018, 16:34