തിരയുക

Vatican News
2018.11.26 Messa Santa Marta-malayalam reflection 2018.11.26 Messa Santa Marta-malayalam reflection  (Vatican Media)

ഉദാരമതികള്‍ അത്ഭുതം പ്രവര്‍ത്തിക്കും!

നവംബര്‍ 26-Ɔο തിയതി തിങ്കളാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലിയര്‍പ്പിക്കവെ പങ്കുവച്ച വചനസമീക്ഷയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (ലൂക്ക 21, 1-4).

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഉള്ളതില്‍നിന്നും ഉദാരമായി നല്കാം!
ചെറിയ കാര്യങ്ങളില്‍ നാം ഉദാരമതികളാകുകയും, ഉള്ളതില്‍നിന്ന് പങ്കുവയ്ക്കാന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ നമുക്കു ചുറ്റും അത്ഭുതങ്ങള്‍ നടക്കും. ക്രൈസ്തവര്‍ ഔദാര്യപൂര്‍ണ്ണമായ ജീവിതത്തിനായി വിളിക്കപ്പെട്ടവരാണ്. അനുദിന ജീവിതത്തില്‍ നാം ഔദാര്യത്തോടെ ചിന്തിക്കുകയും, ഔദാര്യം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യേണ്ടതാണ്. ആവശ്യത്തിലായിരിക്കുന്നവരോടും പാവങ്ങളോടും എങ്ങനെ ഉദാരമതികളാകാം, എങ്ങനെ ഔദാര്യം കാട്ടാം, എങ്ങനെ അവരെ സഹായിക്കാം? എന്നെല്ലാം നാം ചിന്തിക്കേണ്ടതാണ്! പലപ്പോഴും നാം പറയും, “എന്‍റച്ചോ...! ഇത് മാസാവസാനമാണ്!” അതായത് എല്ലാം തീര്‍ന്നിരിക്കയാണെന്നു വിളിച്ചോതുകയാണ്. പങ്കുവയ്ക്കാന്‍ തയ്യാറല്ലെന്നുള്ളതിന്‍റെ അടയാളമാക്കുകയാണ് ഈ മാസാന്ത്യവും, വാരാന്ത്യവും! നല്ല മനസ്സുണ്ടെങ്കില്‍ മാസാന്ത്യത്തിലും ഉളളതില്‍നിന്നും പങ്കുവയ്ക്കാം.

സ്വരുക്കൂട്ടിയത് പുറത്തെടുക്കണം
കൈയ്യില്‍ ഉള്ളതുകൊണ്ട് നമുക്ക് ഉദാരമതികളാകാം, ഉള്ളതില്‍നിന്നും പങ്കുവയ്ക്കാം. ചെറിയ കാര്യങ്ങള്‍ എന്നു പറയുമ്പോള്‍... നമ്മുടെ മുറിയിലേയ്ക്കു ഒന്നു കടന്നു ചെന്നാലോ..?! നമ്മുടെ അലമാരകള്‍ പരിശോധിച്ചാലോ...?! നമുക്ക് എത്ര ജോഡി ഷൂസും ചെരുപ്പുകളുമുണ്ടെന്നു നോക്കുക! തനിക്കു പരിചയമുണ്ടായിരുന്ന ചെറുപ്പക്കാരനായ മോണ്‍സീഞ്ഞോര്‍, 40 വയസ്സുമാത്രം... ധാരാളം ഷൂസുകള്‍ വാങ്ങും... എന്നിട്ട് പകുതിയും മറ്റുള്ളവര്‍ക്കു കൊടുക്കുമായിരുന്നു. നമുക്കുള്ള വസ്ത്രങ്ങള്‍ പലപ്പോഴും വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഉപയോഗിക്കാത്തവയാണ്... അത്രത്തോളം കുന്നുകൂടി ഇരിക്കുകയാണ്. സുവിശേഷത്തിലെ പാവം വിധവയുടെ മാതൃകയില്‍ ഉള്ളതില്‍നിന്നും പങ്കുവയ്ക്കാന്‍ തയ്യാറാവണമെന്ന്, പാപ്പാ അനുസ്മരിപ്പിച്ചു. ഉള്ളതില്‍നിന്ന് പങ്കുവയ്ക്കുന്നതാണ് ഔദാര്യം, ഉദാരമസ്കത!!

പങ്കുവയ്ക്കാന്‍ ഭയപ്പെടുന്നവര്‍
2 ചെറിയ കാര്യങ്ങളിലും, അല്പമുള്ളതില്‍ നിന്നുപോലും ഔദാര്യത്തോടെ കൊടുക്കുക, പങ്കുവയ്ക്കുക. അപ്പോള്‍ ഈ ലോകത്ത് അത്ഭുതങ്ങള്‍ നടക്കും. പലപ്പോഴും നാം ഈ ചെറിയ കാര്യങ്ങളെക്കുറിച്ചും നമുക്കു ചുറ്റുമുള്ള ചെറിയവരെയും, എളിയവരെയും കുറിച്ച് ചിന്തിക്കുന്നതേയില്ല! ഇന്നത്തെ സുവിശേഷത്തിലെ വിധവ നമ്മെ പ്രചോദിപ്പിക്കുന്നത്, എങ്ങനെ നമുക്ക് കൂടുതല്‍ ഉദാരമതികളാകാമെന്നാണ്. “ഓ, അച്ചോ കൈയ്യില്‍ അത്രയൊന്നുമില്ല, വളരെ കുറച്ചാണ്. വളരെ വിഷമിച്ചാണ് കഴിയുന്നത്!” പലപ്പോഴും കൊടുക്കാന്‍ നമ്മുടെ മനസ്സില്‍ വലിയ ഭീതിയാണ്. കൊടുത്താല്‍ തീര്‍ന്നുപോകുമല്ലോ, അത് നഷ്ടമായിട്ടാണ് പലരും കാണുന്നത്. ഇല്ല, നല്കുമ്പോള്‍ നമുക്ക് പിന്നെയും ലഭിക്കും!  ചെറുതെങ്കിലും, നമുക്കുള്ളത്  പങ്കുവയ്ക്കുമ്പോള്‍, കിട്ടുന്നവനും പൂര്‍വ്വോപരി സമ്പന്നനും, സന്തുഷ്ടനുമാകുകയാണ്.

ഔദാര്യത്തിന് എതിരായ രോഗം - ഉപഭോഗപരത
ഓര്‍ക്കുക, ഔദാര്യത്തിന് എതിരായ രോഗമുണ്ടിന്ന്! അത് ഉപഭോഗപരതയാണ്, ഇന്നിന്‍റെ ഉപഭോഗസംസ്ക്കാരമാണ്! എല്ലാം വാരിക്കൂട്ടാനും, സ്വന്തമാക്കാനുമുള്ള ആര്‍ത്തിയും, അത്യാഗ്രഹവും. അര്‍ക്കും ഒന്നുകൊടുക്കില്ല. എല്ലാം എനിക്ക്... ഇങ്ങോട്ട്, ഇങ്ങോട്ടു മാത്രം എന്ന മനഃസ്ഥിതി. തൂമ്പാമനഃസ്ഥിതി അപകരകരമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  3 ഉപഭോഗമനഃസ്ഥിതി ഇന്നിന്‍റെ വലിയ രോഗമാണ്. എല്ലാവരും അങ്ങനെയാണെന്നല്ല. എന്നാല്‍ പൊതുവെ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്ന ശീലം കാണാറുണ്ട്. ആവശ്യമില്ലെങ്കിലും, നാം വാങ്ങുന്നു,  ചെലവാക്കുന്നു.

ഹൃദയം വിശാലമാക്കാം!
ജീവിതത്തോട് ഒട്ടും ഒരു വിരക്തിഭാവം ഇല്ലായ്മ. ജീവിതശൈലിയില്‍ ഒരു ലാളിത്യമില്ലായ്മ. ഇത് ഔദാര്യത്തിന്‍റെ ശത്രുവാണ്. എന്നാല്‍ ഇത്രയും എനിക്ക് പാവങ്ങള്‍ക്കു കൊടുക്കാം. ഉള്ളതില്‍നിന്നും അല്പം പാവങ്ങള്‍ക്കു കൊടുത്താല്‍ അവരും വിശപ്പ് അടക്കും. ഒരു വസ്ത്രം ആ പാവം മനുഷ്യനു കൊടുത്താന്‍ അയാളും വൃത്തിയായി നടക്കും. ഇങ്ങനെ ചിന്തിക്കുന്നതാണ് ഔദാര്യം, മഹാമനസ്ക്കത, മഹാനുഭാവം! ഇതിന്‍റെ പ്രത്യാഘാതമോ,  എന്‍റെ ഹൃദയം വിശാലമാകന്നു. അതെന്നെ ഒരു മാഹാനുഭാവനാക്കുന്നു! എന്നില്‍ അത് ഹൃദയവിശാലത വളര്‍ത്തുന്നു!  

27 November 2018, 18:22