തിരയുക

2018.11.15 Messa Santa Marta 2018.11.15 Messa Santa Marta 

സല്‍പ്രവൃത്തികളാവണം ആര്‍ഭാടമല്ല സഭയുടെ അടയാളം!

നവംബര്‍ 15-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവരാജ്യം നമ്മുടെ ഇടയിലുണ്ട്!
സല്‍പ്രവൃത്തികളില്‍നിന്നുമാണ്, ആര്‍ഭാടങ്ങളില്‍നിന്നല്ല ദൈവരാജ്യത്തെ തിരിച്ചറിയേണ്ടത്. ദൈവരാജ്യം എപ്പോഴാണു വരികയെന്ന ഫരീസേയരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചത്. പ്രത്യക്ഷമായ അടയാളങ്ങളോടു കൂടിയല്ല ദൈവരാജ്യം വരുന്നത്. ദൈവരാജ്യം ഇവിടെ ഇപ്പോള്‍ ഉണ്ടെന്ന് ഈശോ പ്രസ്താവിച്ചിട്ടുണ്ട് (ലൂക്ക 17, 20-25).

സഭയുടെ ശൈലി നിശ്ശബ്ദമായ വളര്‍ച്ച
1. ഒരു ചെറുവിത്തുപോലെ ദൈവരാജ്യം ഈ ഭൂമിയില്‍ മനുഷ്യര്‍ക്കിടെ നിശ്ശബ്ദമായി വളരുന്നു. ഇതു ക്രിസ്തു പഠിപ്പിച്ചിട്ടുള്ളതാണ്. വിതയ്ക്കാരന്‍ വിത്തു വിതയ്ക്കുന്നു. എന്നിട്ട് ആയാള്‍ ഉറങ്ങുകയും ഉണരുകയും ജോലിചെയ്യുകയും ചെയ്യുന്നു. വിത്ത് അനുദിനം വളരുന്നു. അത് രാവും പകലും നിശ്ശബ്ദമായി വളരുന്നു. ദൈവമാണ് വിത്തു മുളപ്പിക്കുന്നതും, ചെടിയെ വളര്‍ത്തുന്നതും, അവസാനം ഫലംതരുന്നതും. നാം ഫലം കാണുകയും അത് അനുഭവിക്കുകയും ചെയ്യുന്നു.

അതുപോലെ സഭ നിശ്ശബ്ദതയില്‍, രഹസ്യമായി വളരുന്നുവെന്ന വസ്തുത ശ്രദ്ധേയമാണ്. സഭയുടെ ശൈലി ഇതായിരിക്കണം. സഭയുടെ വളര്‍ച്ച മനുഷ്യര്‍ക്ക് ദൃശ്യമാക്കേണ്ടത്, അതിന്‍റെ സല്‍പ്രവൃത്തികളില്‍നിന്നാണ്. നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് മനുഷ്യര്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ, എന്ന് ഈശോ പറഞ്ഞിട്ടുണ്ട് (മത്തായി 5, 16).

വിരുന്നുമേശയിലെ കൂട്ടായ്മ
സഭയുടെ ആഘോഷം പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയാണ്. അത് യേശുവിന്‍റെ പരമയാഗമാണ്. അവിടെ നാം ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. സഭ, സഭയാകുന്നത് പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയിലാണ്. അതിനാല്‍ കുര്‍ബ്ബാനയുടെ കൂട്ടായ്മയും സല്‍പ്രവൃത്തികളും ക്രിസ്തുവിന്‍റെ സഭയുടെ അടയാളമാണ്. അത് ദൈവരാജ്യത്തിന്‍റെ നവമായ അടയാളമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യഖ്യാനിച്ചു.

ആഘോഷപ്പെരുപ്പമുള്ള  പള്ളികള്‍
2. പ്രലോഭനത്തിലും തിന്മയുടെ ശക്തികളുടെ ചതിയിലും വീഴാതിരിക്കാന്‍ ക്രിസ്തു നമ്മെ സഹായിക്കും. എന്നാല്‍ നാം മറിച്ചാണ് ശ്രമിക്കുന്നത്, നാം സഭയുടെ വലുപ്പം കാണിക്കാന്‍ പ്രകടനപരതയുള്ളവരായി മാറുന്നു. നാം അതിന് എന്താണ് ചെയ്യുന്നത്? സഭാ പരിപാടികള്‍ സംഭവബഹുലമാക്കുന്നു. പുതിയ പരിപാടികള്‍ ആസൂത്രണംചെയ്യുന്നു. ധൂര്‍ത്തിന്‍റെ തിരുനാളുകള്‍, പൊള്ളയായ അലങ്കാരങ്ങളും ശബ്ദമുഖരിതമായ പാട്ടുംകൊട്ടും, അവയുടെ പണമിടപാടുകളുമെല്ലാം നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കുന്നു. അങ്ങനെ ദൈവരാജ്യത്തിന്‍റെ ശാന്തതയോ നിശ്ശബ്ദതയോ അവിടങ്ങളില്‍ ഇല്ലാതാകുന്നു. ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ആള്‍ക്കൂട്ടങ്ങള്‍! രഹസ്യമായും നിശ്ശബ്ദമായും സല്‍പ്രവൃത്തികളില്‍ വളരേണ്ട സഭയെക്കുറിച്ച് നാം ഇനിയും ക്രിസ്തുവില്‍നിന്നും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പാപ്പാ വചനചിന്ത പിന്നെയും തുടര്‍ന്നു.

സഭയില്‍ നിശ്ശബ്ദസേവനം ചെയ്തവര്‍
3. സഭ ക്രിസ്തുവിനെപ്രതി ജീവന്‍ സമര്‍പ്പിച്ച ഒത്തിരി വിശുദ്ധാത്മാക്കളുടെ രക്തത്തില്‍ സ്ഥാപിതമാണ്. പുണ്യാത്മാക്കളായ സ്ത്രീ-പുരുഷന്മാരുടെ രക്തത്തിലാണ് സഭ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അവരുടെ നിശ്ശബ്ദസേവനത്തിലും ത്യാഗസമര്‍പ്പണത്തിലും വളര്‍ന്നതാണ് ദൈവരാജ്യം. അവിടെ കുരിശും ത്യാഗവും, സ്നേഹസമര്‍പ്പണവുമുണ്ട്. ഇന്നും അത്തരം വിശുദ്ധാത്മാക്കള്‍ സഭയില്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ വലിയ വാര്‍ത്തയല്ല! അവരെ നാം ഓര്‍ക്കുന്നില്ല. അവരെപ്പറ്റി അറിയില്ല. ലോകം അവരെപ്പറ്റി സംസാരിക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ നിശ്ശബ്ദസേവനങ്ങളെ അംഗീകരിക്കണമെന്നുമില്ല. രക്തസാക്ഷിത്വത്തിന്‍റെ അരൂപി ലോകത്തിനു മനസ്സിലാകുന്നതല്ല. അത് ലോകം അംഗീകരിക്കുന്നതല്ല, മറിച്ച് ലോകം അത് മറച്ചുവയ്ക്കുകയാണ് ഇന്നു ചെയ്യുന്നത്.
പാപ്പാ തന്‍റെ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2018, 19:35