തിരയുക

President of Israel Reuven Rivlin met Pope Francis President of Israel Reuven Rivlin met Pope Francis 

ഇസ്രായേലി പ്രസിഡന്‍റ് റെവുവേന്‍ റിവ്ലിന്‍ വത്തിക്കാനില്‍

പ്രസിഡന്‍റ്, റെവുവേന്‍ റിവ്ലിന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 15-Ɔο തിയതി വ്യാഴാഴ്ച രാവിലെ, പ്രാദേശിക സമയം രാവിലെ 10 മണിക്കാണ്  പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ ഓഫിസില്‍വച്ച് റെവുവേന്‍ റിവ്ലിന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. ഇസ്രായേലി പ്രസിഡന്‍റിന്‍റെ പത്നി നെക്കാമയും പാപ്പായെ കാണാന്‍ എത്തിയിരുന്നു.

പാപ്പാ ഫ്രാന്‍സിസും പ്രസിഡന്‍റ് റെവുവേന്‍ റിവ്ലിനും
ഇസ്രായേല്‍-വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്‍റെ 25-Ɔο വാര്‍ഷികം അവസരമാക്കിയാണ് പ്രസിഡന്‍റ് റെവുവേന്‍ റിവ്ലിന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തികച്ചും സ്വകാര്യമായിരുന്നു കൂടിക്കാഴ്ചയെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍
പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും പ്രസിഡന്‍റ് റിവ്ലിന്‍ വത്തിക്കാന്‍-ഇസ്രായേല്‍ നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതായി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രസിഡന്‍റ് റെവുവേന്‍ റിവ്ലിന്‍ വത്തിക്കാനില്‍ എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2015-ല്‍ ആയിരുന്നു റിവ്ലിന്‍റെ വത്തിക്കാനിലേയ്ക്കുള്ള ആദ്യസന്ദര്‍ശനം.

ഇസ്രായേല്‍-പലസ്തീന്‍ പ്രതിസന്ധികളെക്കുറിച്ച്
ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും, ഇരുപക്ഷങ്ങളും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്താനുമുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് സംഭാഷണത്തില്‍ പരാമര്‍മുണ്ടായി. രണ്ടു ജനതകളുടെയും ആഗ്രഹങ്ങളെ മാനിക്കുന്ന വിധത്തിലുള്ള ഒത്തുതീര്‍പ്പിനായി താല്പര്യമുണ്ടെന്നും, “സമാധാനത്തിന്‍റെ പട്ടണം” എന്നു വിളിക്കപ്പെടുന്ന ജരൂസലത്തെ സംബന്ധിച്ച് യഹൂദര്‍, ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ - ഈ മൂന്നു മതസമൂഹങ്ങളുടെയും തനിമ മാനിക്കുന്ന വിധത്തില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്തുന്ന കാര്യവും കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. അവസാനമായി ഇപ്പോള്‍ നടക്കുന്ന സംഘട്ടനങ്ങളും അതുമായി ബന്ധപ്പെട്ട അടിയന്തിര മാനവിക ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. വിശുദ്ധനാടുമായി ബന്ധപ്പെട്ട എല്ലാ മതവിഭാഗങ്ങളും തമ്മില്‍ സംവാദത്തിന്‍റെ പാതയിലൂടെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും സുസ്ഥിതിക്കുമായി ഇസ്രായേല്‍ പരിശ്രമിക്കുമെന്ന ധാരണയിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ കൂടിക്കാഴ്ച സമാപിച്ചതെന്ന് വത്തിക്കാന്‍റെ വക്താവ്, ഗ്രെഗ് ബേര്‍ക് അറിയിച്ചു.  

ഇറ്റാലിയന്‍ അധികൃതരുമായും നേര്‍ക്കാഴ്ച
നവംബര്‍ 16-Ɔο തിയതി വെള്ളിയാഴ്ച റിവ്ലിന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസേപ്പെ കോന്തി, പ്രസിഡന്‍റ് സേര്‍ജൊ മത്തരേലാ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് രാജ്യാന്തര  വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2018, 16:50