ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കപ്പെട്ടിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ 16/11/18 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കപ്പെട്ടിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ 16/11/18 

പാപ്പായുടെ അപ്രതീക്ഷിത സന്ദര്‍ശനം!

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോക ദിനാചരണം; വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം ഫാന്‍സീസ് പാപ്പാ സന്ദര്‍ശിച്ചു. ഞായറാഴ്ച 3000 ത്തോളം പാവപ്പെട്ടവരുമൊത്ത് പാപ്പാ ഉച്ചഭക്ഷണം കഴിക്കും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം ഫാന്‍സീസ് പാപ്പാ സന്ദര്‍ശിച്ചു.

ആഗോളസഭാതലത്തില്‍ ഈ ഞായറാഴ്ച (18/11/18) ആചരിക്കപ്പെടുന്ന ഈ ദിനാചരണത്തോടനുബന്ധിച്ച് ഒരാഴ്ചയായി പാവപ്പെട്ടവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ വൈദ്യപരിശോധന-ചികിത്സാ കേന്ദ്രത്തില്‍ പാപ്പാ അപ്രതീക്ഷിതമായി എത്തിയത്  വെള്ളിയാഴ്ച(16/11/18) പ്രാദേശികസമയം വൈകുന്നേരം 4 മണി കഴിഞ്ഞപ്പോഴാണ്.

ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരും വൈദ്യ പരിശോധനയ്ക്കായി എത്തിയിരുന്നവരുമൊത്ത് അല്പസമയം ചിലവഴിച്ച പാപ്പാ അവര്‍ക്കെല്ലാവര്‍ക്കും ആശീര്‍വ്വദിച്ച ജപമാല നല്കി.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സിമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല ഈ സന്ദര്‍ശനവേളയില്‍ പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്നു.

ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവര്‍ക്കായുള്ള ദിനം ആചരിക്കപ്പെടുന്നത്. ഇക്കൊല്ലം ഇത് ഈ ഞായറാഴ്ചയാണ്.

“ഈ എളിയവന്‍ നിലവിളിക്കുന്നു. കര്‍ത്താവ് ശ്രവിക്കുന്നു” എന്ന സങ്കീര്‍ത്തന വാക്യമാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനുള്ള വിചിന്തന പ്രമേയമായി പാപ്പാ നല്കിയിരിക്കുന്നത്.

കരുണയുടെ ജൂബിലി വത്സരാചരണം സമാപിച്ചതിന്‍റെ അടുത്ത ദിവസം, അതായത് 2016 നവമ്പര്‍ 21 നാണ് ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള ദിനാചരണം ഏര്‍പ്പെടുത്തിയത്. 2017 നവമ്പര്‍ 19 നായിരുന്നു പാവപ്പെട്ടവര്‍ക്കായുള്ള പ്രഥമ ദിനാചരണം.

ഞായറാഴ്ച, ഈ ദിനാചരണത്തിന്‍റെ ഭാഗമായി ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. വിവിധ സംഘടനകളുടെയും ഇടവകസംഘങ്ങളുടെയും നേതൃത്വത്തില്‍ എത്തിയിട്ടുള്ള പാവപ്പെട്ടവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തുകയും പോള്‍ ആറാമന്‍ ശാലയില്‍ 3000 ത്തോളം പാവപ്പെട്ടവരുമൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2018, 13:20