തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, കൗക്കാസ് പര്‍വ്വതപ്രദേശത്തുനിന്നുള്ള  യഹഹൂദ റബ്ബിമാരുടെ പ്രതിനിധിസംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 05-11-18 ഫ്രാന്‍സീസ് പാപ്പാ, കൗക്കാസ് പര്‍വ്വതപ്രദേശത്തുനിന്നുള്ള യഹഹൂദ റബ്ബിമാരുടെ പ്രതിനിധിസംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 05-11-18  (ANSA)

ക്രൈസ്തവന് യഹൂദവിരുദ്ധനാകാന്‍ കഴിയില്ല, പാപ്പാ

ഗതകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചരിത്രത്തിന്‍റെ ഇരുണ്ട താളുകളില്‍ നിന്ന് നമുക്കു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനവാന്തസ്സ് മൃത പദമായി അവശേഷിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നല്ലവനായ ദൈവത്തിനു പകരം അധികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുക വഴി മനുഷ്യന്‍ ഭ്രാന്തമായ വംശവിച്ഛേദത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് പാപ്പാ.

കിഴക്കെയൂറോപ്പിലും പശ്ചിമേഷ്യയിലുമായി കിടക്കുന്ന കൗക്കാസ് പര്‍വ്വതപ്രദേശത്തുനിന്നുള്ള, പ്രത്യേകിച്ച്, ഡഗേസ്ഥാന്‍, അസ്സെര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള, യഹൂദ റബ്ബിമാരുടെ 25 അംഗ പ്രതിനിധിസംഘത്തെ തിങ്കളാഴ്ച (05/11/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവെ, ഫ്രാന്‍സീസ് പാപ്പാ, യഹൂദര്‍ കൂട്ടക്കുരുതി കഴിക്കപ്പെട്ട ദുരന്തപൂര്‍ണ്ണമായ ചരിത്രസംഭവങ്ങള്‍ അനുസ്മരിക്കുകയായിരുന്നു.

“കൗക്കാസിലെ മൗണ്ടന്‍ ജ്യൂസ്”, അഥവാ, “കൗക്കാസിലെ പര്‍വ്വത യഹൂദര്‍” എന്നര്‍ത്ഥമുള്ള “ജുഹൂറൊ” എന്നും, 2 ലക്ഷത്തി 70000 ത്തോളം അംഗങ്ങളുള്ള, ഈ യഹൂദവിഭാഗം അറിയപ്പെട്ടുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ നാസി പട യഹൂദരെ കൊന്നൊടുക്കിയ ദുരന്തത്തിന്‍റെ ഓര്‍മ്മയാചരണത്തിന്‍റെ “ഷൊഹ” ദിനത്തില്‍ താന്‍ ലിത്വാനിയായില്‍ വച്ച് യഹൂദസമൂഹമായി കൂടിക്കാഴ്ച നടത്തിയതും, റോമില്‍ 1943 ഒക്ടോബര്‍ 16 ന് നാസികള്‍ യഹൂദരെ വളഞ്ഞു പിടിച്ച് പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കല്‍ പാളയിത്തിലേക്കു കൊണ്ടുപോയതിന്‍റെ ഓര്‍മ്മ ഒക്ടോബര്‍ 16 ന് ആചരിക്കപ്പെട്ടതും 1938 നവമ്പര്‍ 9-നും 10-നുമിടയ്ക്കുള്ള രാത്രിയില്‍ നാസിപ്പട ജര്‍മ്മനിയില്‍ യഹൂദരുടെ ആരാധനാലയങ്ങളും ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും  തകര്‍ത്തതിന്‍റെ ഓര്‍മ്മ, ഈ വരുന്ന 9-ന് വെള്ളിയാഴ്ച ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

വീഥികളില്‍ ചില്ലുകള്‍ പൊട്ടിച്ചിതറിക്കിടന്നിരുന്നതിനാല്‍ “ക്രിസ്റ്റല്‍ നൈറ്റ്”, അഥവാ, “പളുങ്കുരാത്രി“ എന്നാണ് ഈ ദുരന്തസംഭവം അറിയപ്പെടുന്നത്.

സജീവസ്മരണയില്ലെങ്കില്‍ ഭാവിയില്ലയെന്നും, എന്തെന്നാല്‍, ഗതകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചരിത്രത്തിന്‍റെ ഇരുണ്ട താളുകളില്‍ നിന്ന് നമുക്കു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനവാന്തസ്സ് മൃതപദമായി അവശേഷിക്കുമെന്നും പാപ്പാ പറഞ്ഞു.  

ഇന്നും യഹൂദവിരുദ്ധ മനോഭാവം ലോകത്തില്‍ പ്രകടമാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ ക്രൈസ്തവന് ഒരിക്കലും യഹൂദവിരുദ്ധന്‍ ആകാനാകില്ല എന്ന് താന്‍ പലവുരു പറഞ്ഞിട്ടുള്ളത് ആവര്‍ത്തിച്ചു.

ക്രൈസ്തവന്‍ യഹൂദവിരുദ്ധനാകുന്ന പക്ഷം അവന്‍ സ്വന്തം വിശ്വാസത്തെയും ജീവിതത്തെയും ഖണ്ഡിക്കുകയായിരിക്കും ചെയ്യുകയെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആകയാല്‍ നരവംശത്തില്‍ നിന്ന് യഹൂദവിരുദ്ധ മനോഭാവം തുടച്ചുനീക്കുന്നതിന് പരിശ്രമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പരിത്രാണചരിത്രത്തില്‍ വേരൂന്നിയതും പരസ്പര കരുതലില്‍ സമൂര്‍ത്തമാക്കപ്പെടുന്നതുമായ ഒരു സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സൗഹൃദബന്ധം യഹൂദരും കത്തോലിക്കരും തമ്മില്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തിന് താന്‍ എന്നും ഊന്നല്‍ നല്കുന്നുവെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

മതസ്വാതന്ത്ര്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അത് കാത്തുസൂക്ഷിക്കേണ്ട ഒരു നന്മയും മൗലിക മനുഷ്യാവകാശവും സമഗ്രാധിപത്യത്തിന്‍റെ  അവകാശവാദങ്ങള്‍ക്കെതിരായ കോട്ടയും ആണെന്ന് ഉദ്ബോധിപ്പിച്ചു.

06 November 2018, 07:12