തിരയുക

ഫ്രാന്‍സീസ് പാപ്പാ അന്ധരുടെ അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍-17/11/18 ഫ്രാന്‍സീസ് പാപ്പാ അന്ധരുടെ അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍-17/11/18 

“സ്നേഹായുധം” : ലോകത്തിനുള്ള ഉത്തരം!

ഈ സ്നേഹായുധം വ്യാജമോ മടുപ്പുളവാക്കുന്നതോ ആയിരിക്കരുത്, പ്രത്യുത സത്യസന്ധവും സമൂര്‍ത്തവും ആദരവു പുലര്‍ത്തുന്നതുമാകണം- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അംഗവൈകല്യം സംഭവിച്ചരെ പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയുള്ള ഒരു സമൂഹത്തിന് നല്കാനുള്ള ഉത്തമമായ ഉത്തരം “സ്നേഹായുധം” ആണെന്ന് മാര്‍പ്പാപ്പാ.

അന്ധരും അന്ധതയില്ലാത്തവരും അംഗങ്ങളായുള്ള കത്തോലിക്കാ അല്മായരുടെ സമിതിയായ അന്ധര്‍ക്കായുള്ള അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ നാനൂറോളം പ്രതിനിധികളെ ശനിയാഴ്ച (17/11/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സ്നേഹായുധം വ്യാജമോ മടുപ്പുളവാക്കുന്നതോ ഭക്തിവാദപരമോ ആയിരിക്കരുത്, പ്രത്യുത സത്യസന്ധവും സമൂര്‍ത്തവും ആദരവു പുലര്‍ത്തുന്നതുമാകണമെന്ന് പാപ്പാ വിശദീകരിച്ചു.

ലോകത്തിലെ ഏറ്റം പാവപ്പെട്ടവരുടെയും വേദനകളനുഭവിക്കുന്നവരുടെയും ആവശ്യങ്ങളോടു തുറവു കാട്ടുന്ന ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സുവിശേഷത്തിന്‍റെ  യഥാര്‍ത്ഥ പ്രേഷിതശിഷ്യരാണെന്ന് പാപ്പാ ശ്ലാഘിച്ചു.

അങ്ങനെ അവര്‍ പാവപ്പെട്ടവര്‍ക്കായുള്ള പാവപ്പെട്ട ഒരു സഭയെ വളര്‍ത്തിയെടുക്കുന്നതിന് സംഭാവനയേകുന്നുവെന്നും പാപ്പാ പറഞ്ഞു.

നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് ഈ സമൂഹം സ്വാഗതം ചെയ്യലിന്‍റെ ഒരു സംസ്കൃതി പ്രസരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നുണ്ടെന്ന യാഥര്‍ത്ഥ്യം പാപ്പാ ചൂണ്ടിക്കാട്ടി.

അര്‍ജന്തീനക്കാരിയായ മാരിയ മോത്തയെന്ന അന്ധയായ സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയിലെത്തി മാനുഷികവും ക്രിസ്തീയവുമായ അരൂപിയോടെ അദ്ധ്യാപനത്തില്‍ ഏര്‍പ്പെടുകയും 1928 ല്‍ ഒരു പ്രാര്‍ത്ഥനാ പ്രേഷിതത്വത്തിന്‍റെ രൂപത്തില്‍ അന്ധരുടെ ഒരു ആദ്ധ്യാത്മിക സമൂഹത്തിന് രൂപം നല്കുകയും ചെയ്തതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതെന്ന് പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായാണ് ഈ പ്രസ്ഥാനത്തിന് അംഗീകാരം നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2018, 13:06