ഫ്രാന്‍സീസ് പാപ്പാ "അലൂണ്ണി ദെല്‍ ചേളൊ " സംഘടനയിലെ അംഗംങ്ങളെ  വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 10-11-18 ഫ്രാന്‍സീസ് പാപ്പാ "അലൂണ്ണി ദെല്‍ ചേളൊ " സംഘടനയിലെ അംഗംങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 10-11-18 

സംഗീതവും ഗാനവും സുവിശേഷവത്ക്കരണോപാധികളാകുമ്പോള്‍!

തിരുക്കര്‍മ്മവേളകളില്‍ ആലപിക്കപ്പെടുന്ന ഗാനങ്ങള്‍ വിശ്വാസികളെ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുകയും അവിടത്തോടു ഉപരിയഗാധമായ ഒരു ബന്ധത്തിലാകാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സംഗീതവും ഗാനവും, ക്രിസ്തീയ സ്നേഹത്തിന്‍റെ സാര്‍വ്വത്രികസൗഷ്ഠവത്തെയും ശക്തിയെയും സംവേദനം ചെയ്യാന്‍ കഴിവുറ്റ ഉപാധികളാണെന്ന് മാര്‍പ്പാപ്പാ.

സംഗീതം, ഗാനാലാപനം എന്നിവ സുവിശേഷ പ്രഘോഷണ മാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ട് 1968 മുതല്‍ വചനം ലോകത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന “അലൂണ്ണി ദെല്‍ ചേളൊ” (ALUNNI DEL CIELO) അഥവാ, “വാന ശിഷ്യര്‍” എന്ന സംഘടനയുടെ മുന്നൂറോളം പ്രതിനിധികളെ ഈ സംഘടനയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ ശനിയാഴ്ച (10/11/18) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“അലൂണ്ണി ദെല്‍ ചേളൊ”യുടെ സ്ഥാപകനായ ഈശോ സഭാവൈദികനായ ജുസേപ്പെ അരിയൊണെയുടെ പത്താം ചരമവാര്‍ഷികവും ഇക്കൊല്ലമാണെന്നതും പാപ്പാ അനുസ്മരിച്ചു.

“അലൂണ്ണി ദെല്‍ ചേളൊ”യുടെ ദൗത്യം തിരുലിഖിത പാരമ്പര്യത്തില്‍, വിശിഷ്യ, കിന്നരംകൊണ്ട് കര്‍ത്താവിനെ സ്തുതിക്കാനും, വീണമീട്ടിയും പുല്ലാങ്കുഴലൂതിയും കര്‍ത്താവിന് കീര്‍ത്തനമാലപിക്കാനും ക്ഷണിക്കുന്ന സങ്കീര്‍ത്തനങ്ങളില്‍ വേരൂന്നിയതാണ്  എന്ന് പാപ്പാ പ്രസ്താവിച്ചു.

നന്നായി പാട്ടുപാടുന്നതിന് കഠിന പരിശ്രമവും സന്മനസ്സും ആവശ്യമാണെന്നും തിരുക്കര്‍മ്മവേളകളില്‍ ഗാനങ്ങള്‍ ആലപിക്കപ്പെടുമ്പോള്‍ അത് വിശ്വാസികളെ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുകയും അവിടത്തോടു ഉപരിയഗാധമായ ഒരു ബന്ധത്തിലാകാന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

“അലൂണ്ണി ദെല്‍ ചേളൊ” സംഘത്തിലെ അംഗങ്ങളുടെ സുസ്മേരവദനങ്ങളും സ്വരത്തിന്‍റെ നൈര്‍മ്മല്യവും ഗാനാലാപനത്തിലെ സ്വരപ്പൊരുത്തവും അവരെത്തന്നെ പ്രാര്‍ത്ഥാചൈതന്യത്തിലേക്കാനയിക്കുകയും ഗാനം ശ്രവിക്കുന്ന മറ്റുള്ളവരില്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ആനന്ദവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും ഉളവാക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 13:02