തിരയുക

Vatican News
അല്‍ബേനിയായില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുമായുള്ള കൂടിക്കാഴ്ചയ്ക്കണയുന്ന ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍ 19/11/18 അല്‍ബേനിയായില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുമായുള്ള കൂടിക്കാഴ്ചയ്ക്കണയുന്ന ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍ 19/11/18  (Vatican Media)

സമാധാനപരമായ സഹജീവനം, സഹകരണത്തിനും സഹോദര്യത്തിനും!

അല്‍ബേനിയായുടെ സമഗ്രമവും സന്തുലിതവുമായ പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനം നവീകരിക്കാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും പൗരന്മാര്‍ക്കും സവിശേഷമായ ഒരു അവസരമായി ഭവിക്ക​ണം ജോര്‍ജൊ കസ്ത്രിയോത്ത സ്കാന്‍റര്‍ബര്‍ഗിന്‍റെ 550-Ↄ○ ചരമവാര്‍ഷികാനുസ്മരണം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അല്‍ബേനിയയില്‍ ഭിന്ന മതസ്ഥരുടെ സമാധാനപരമായ സഹജീവനം, ഏകതാനത സംജാതമാക്കുകയും സല്‍ശക്തികളെയും സര്‍ഗ്ഗവൈഭവങ്ങളെയും തുറന്നുവിടുകയും ചെയ്യുന്ന സഞ്ചാരയോഗ്യമായ സമൂര്‍ത്ത പാതയാണെന്ന് മാര്‍പ്പാപ്പാ.

സാധാരണമായ സഹജീവനത്തെ യഥാര്‍ത്ഥ സഹകരണവും സാഹോദര്യവുമായി അതു രൂപാന്തരപ്പെടുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അല്‍ബേനിയയില്‍ ഒട്ടൊമാന്‍ സാമ്രാജ്യ ശക്തിക്കെതിരെ പോരാട്ടത്തിനു നേതൃത്വം നല്കിയ അന്നാടിന്‍റെ വീരപുത്രനും “ക്രിസ്തുവിന്‍റെ ഓട്ടക്കാരാന്‍” എന്ന ബഹുമതി ശീര്‍ഷകത്തിനു യോഗ്യനുമായ ജോര്‍ജൊ കസ്ത്രിയോത്ത സ്കാന്‍റര്‍ബര്‍ഗിന്‍റെ 550-Ↄ○ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അല്‍ബേനിയയില്‍ നിന്ന് തീര്‍ത്ഥാടനത്തിനായെത്തിയ ഇരുനൂറോളം പേരടങ്ങിയ ഒരു സംഘത്തെ തിങ്കളാഴ്ച (19/11/18) വൈകുന്നേരം വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കത്തോലിക്കരും ഓര്‍ത്തഡോക്സ്കാരും മുസ്ലീങ്ങളും തമ്മിലുള്ള പരസ്പരാദരവിന്‍റെയും വിശ്വാസത്തിന്‍റെയുമായ അന്തരീക്ഷം അന്നാടിന്‍റെ അനര്‍ഘ സമ്പത്താണെന്നും നമ്മുടെ ഈ കാലഘട്ടത്തില്‍ അത് സവിശേഷ പ്രാധാന്യം കൈവരിക്കുന്നുവെന്നുമുള്ള തന്‍റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തി.

ജോര്‍ജൊ കസ്ത്രിയോത്ത സ്കാന്‍റര്‍ബര്‍ഗിന്‍റെ 550-Ↄ○ ചരമവാര്‍ഷികാനുസ്മരണം അല്‍ബേനിയായുടെ സമഗ്രമവും സന്തുലിതവുമായ പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനം നവീകരിക്കാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും പൗരന്മാര്‍ക്കും സവിശേഷമായ ഒരു അവസരമായി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

നാടിന്‍റെ മാനുഷികവും നാഗരികവുമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ വൈദഗ്ദ്ധ്യത്തെയും ശക്തികളെയും ക്ഷയിപ്പിക്കുന്ന കുടിയേറ്റത്തിന്‍റെ മാര്‍ഗ്ഗം   അവലംബിക്കുന്നതില്‍ നിന്ന് യുവതലമുറകളെ പിന്തിരിപ്പിക്കുന്നതാകണം ഈ വികസനമെന്നും പാപ്പാ വ്യക്തമാക്കി.  

20 November 2018, 12:51