ലോറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാല, റോം ലോറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാല, റോം 

സമാധാനസംസ്ഥാപന യത്നത്തില്‍ സഭ മുന്‍ നിരയിലുണ്ട്-പാപ്പാ

ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുട അദ്ധ്യായന വര്‍ഷാരംഭവും പാപ്പായുടെ സന്ദേശവും. ജനവിഭാഗങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും സമാധന സരണി ഉറപ്പുവരുത്തുന്നതിനുള്ള യത്നങ്ങളെ സുവിശേഷവെളിച്ചത്താല്‍ പ്രചോദിതയായി പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സഭ ബോധവതിയാണെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമാധാനസംസ്കൃതിയുടെ വിത്തു വിതയ്ക്കുന്നതില്‍ പങ്കാളികളാണെന്ന അവബോധം പുലര്‍ത്താന്‍ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകാദ്ധ്യേതാക്കള്‍ക്കും സകല ജീവനക്കാര്‍ക്കും സാധിക്കട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

ഈ സര്‍വ്വകാലാശാലയുടെ അദ്ധ്യായനവര്‍ഷാരംഭമായിരുന്ന തിങ്കളാഴ്ച (12/11/18) സര്‍വ്വകലാശാലാ ചാന്‍സലര്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊണാത്തിസിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

മാനവകുടുംബത്തിന്‍റെ സമാധാനാഭിവാഞ്ഛ സഫലീകരിക്കുന്നതിനു വേണ്ടി സഭ എന്നും യുദ്ധ ദുരന്തങ്ങളില്‍ നിന്ന് സ്ത്രീപുരുഷന്മാരെ മോചിപ്പിക്കുകയും യുദ്ധത്തിന്‍റെ തിക്ത ഫലങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്ന യത്നത്തില്‍ മുന്നണിയില്‍ ഉണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

സംഘര്‍ഷങ്ങള്‍ തടയുകയും അരങ്ങേറുന്ന സഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന ഇന്ന് സമാധന സരണി ജനവിഭാഗങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള യത്നങ്ങളെ സുവിശേഷവെളിച്ചത്താല്‍ പ്രചോദിതയായി പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്  സഭ ബോധവതിയാണെന്നും പാപ്പാ പറയുന്നു.

ലോകത്തിനു മുന്നില്‍ വിശ്വാസയോഗ്യയായ മദ്ധ്യവര്‍ത്തിയയിരിക്കേണ്ടതിന്, സഭ, സമാധാനവും ഐക്യവും  പരിസ്ഥിതിയും ജീവന്‍റെ സംരക്ഷണവും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2018, 14:00