തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനത്തില്‍,18-11-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനത്തില്‍,18-11-18  (AFP or licensors)

അനീതി, ദാരിദ്ര്യത്തിന്‍റെ ദുഷിച്ച വേര്-പാപ്പാ

യേശുവിനെ പോലെ സഹായഹസ്തം നീട്ടുക, നിസ്സംഗതയോടെ നിസ്സഹായരായി നില്ക്കരുത്, കാണാന്‍ നമുക്കു കണ്ണുകളുണ്ടോ, കേള്‍ക്കാന്‍ കാതുകളുണ്ടോ, സഹായിക്കുന്നതിനു നീളുന്ന കരങ്ങളുണ്ടോ എന്ന് സ്വയം ചോദിക്കുക - ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനീതിയാണ് ദാരിദ്ര്യത്തിന്‍റെ ദുഷിച്ച വേരെന്ന്  മാര്‍പ്പാപ്പാ.

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനത്തോടനുബന്ധിച്ച് ഞായാറാഴ്ച (18/11/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യ നടത്തിയ വചനസമീക്ഷയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ദരിദ്രരുടെ നിലവിളിയും നമ്മുടെ നിസ്സംഗതയും

ദരിദ്രരുടെ രോദനം അനുദിനം ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും അല്പം മാത്രം ശ്രവിക്കപ്പെടുകയും, ന്യൂനപക്ഷവും എന്നും സമ്പന്നരുമായവരുടെ ശബ്ദത്തില്‍ അവരുടെ സ്വരം മുങ്ങിപ്പോകുകയും ചെയ്യുന്ന അവസ്ഥ പാപ്പാ എടുത്തുകാട്ടി.

മാനവാന്തസ്സ് ചിവിട്ടിമെതിക്കപ്പെടുമ്പോള്‍ പലപ്പോഴും കൈയ്യുംകെട്ടി നോക്കി നില്കുകയോ അല്ലെങ്കില്‍ തിന്മയുടെ അന്ധകാരശക്തിയ്ക്കുമുന്നില്‍ നിസ്സഹായരായി കൈവിരിച്ചു നില്ക്കുകയോ ചെയ്യുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ ക്രൈസ്തവന് ഒരിക്കലും നിസ്സംഗത പാലിക്കാനും എല്ലാം വിധിക്കു വിട്ടുകൊടുത്തുകൊണ്ട് കൈവിരിച്ചു നിലക്കാനും സാധിക്കില്ലെന്ന് പറഞ്ഞു.

യേശു ചെയ്യുന്നതു പോലെ തന്നെ വിശ്വാസിയും സഹായഹസ്തം  നീട്ടണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാവപ്പെട്ടവന്‍റെ നിലവിളി ദൈവം ശ്രവിക്കുന്നു എന്നു വിശദീകരിച്ച പാപ്പാ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് ഒരാത്മശോധന നടത്താന്‍ ആഹ്വാനം ചെയ്തു.

ആത്മശോധന അനിവാര്യം

കാണാന്‍ നമുക്കു കണ്ണുകളുണ്ടോ, കേള്‍ക്കാന്‍ കാതുകളുണ്ടോ, സഹായിക്കുന്നതിനു നീളുന്ന കരങ്ങളുണ്ടോ എന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ നിഹനിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍, പട്ടിണി അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, കളിച്ചുല്ലസിക്കേണ്ട പ്രായത്തില്‍ ബോംബിന്‍റെ  ഗര്‍ജ്ജനങ്ങള്‍ കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍, തഴയപ്പെട്ടവരും ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ടവരുമായ വൃദ്ധജനങ്ങള്‍, ജീവിതത്തിലെ കൊടുങ്കാറ്റുകളെ സ്നേഹിതരുടെ അസാന്നിധ്യത്തില്‍ തനിച്ചു നേരിടേണ്ടിവരുന്നവര്‍, എവിടെയെങ്കിലും എത്തിച്ചേരുമെന്ന യാതൊരുറപ്പുമില്ലാതെ വീടും നാടും വിടാന്‍ നിര്‍ബന്ധിതരാകുന്നവര്‍- ഇവരുടെയെല്ലാം നിലവിളി പാവപ്പെട്ടവന്‍റെ രോദനമാണെന്ന് പാപ്പാ വിശദീകരിച്ചു.

വിശപ്പും ദാഹവും അനുഭവിക്കുന്നവരിലും പരദേശിയിലും ഔന്നത്യം കവര്‍ച്ചചെയ്യപ്പെട്ടവനിലും രോഗിയിലും കാരഗൃഹവാസിയിലും തന്നെ തിരിച്ചറിയാന്‍ യേശു നമ്മോടാവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

യേശു വെള്ളത്തിനു മീതെ നടക്കുന്ന സുവിശേഷ സംഭവം, മത്തായിയുടെ സുവിശേഷം 14-Ↄ○ അദ്ധ്യായം 22-33 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്ത പാപ്പാ യേശുവിന്‍റെ മൂന്നു പ്രവൃത്തികള്‍ എടുത്തുകാട്ടി.

താന്‍ വര്‍ദ്ധിപ്പിച്ച അപ്പം തിന്നു ജനം തന്നെ സ്തുതിക്കുന്ന ജനത്തെ വിട്ട് മലയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന യേശു, കാറ്റിലും കോളിലും പെട്ടുലയുന്ന വള്ളത്തില്‍ പേടിച്ചിരിക്കുന്ന ശിഷ്യരുടെ പക്കല്‍ രാത്രിയെത്തുന്ന യേശു, ഭയന്നു നിലവിളിക്കുന്ന പത്രോസിനു നേരെ കൈ നീട്ടുന്ന യേശു.

ഭൗമിക നേട്ടങ്ങള്‍ക്കു പിന്നാലെ പായരുത്

ഹൃദയത്തെ ഊതിവീര്‍പ്പിക്കുകയും ആത്മാവിനെ മയക്കത്തിലാഴ്ത്തുകയും ചെയ്യുന്ന ഭൗമിക നേട്ടത്തെ വര്‍ജ്ജിക്കുകയും ദൈവത്തിന്‍റെ പക്കലേക്ക് പ്രാര്‍ത്ഥനയിലൂടെയും ആവശ്യത്തിലിരിക്കുന്നവരുടെ പക്കലേക്ക് സന്ഹത്തിലൂടെയും പോകുകയും ചെയ്യണമെന്ന് യേശു നമുക്കു കാണുച്ചുതരുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

2016 നവമ്പര്‍ 21 ന് പ്രകാശനം ചെയ്ത “മിസേരിക്കോര്‍ദിയ ഏത്ത് മീസെര” എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനം ഏര്‍പ്പെടുത്തിയത്.

“ഈ എളിയവന്‍ നിലവിളിക്കുന്നു, കര്‍ത്താവ് ശ്രവിക്കുന്നു” എന്ന സങ്കീര്‍ത്തനവാക്യം ആയിരുന്നു ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.

19 November 2018, 13:05