തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 03-11-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 03-11-18 

"ചമയത്തിന്‍റെ സംസ്കൃതിയെ" തള്ളിക്കളയുക-പാപ്പാ

ഇക്കൊല്ലം മരണമടഞ്ഞ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ശനിയാഴ്ച (03-11-18) ഫ്രാന്‍സീസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചു. ജീവിതം ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിക്കാന്‍ പുറത്തേക്കുള്ള യാതയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പുറത്തേക്കു പോകാന്‍ ഏവര്‍ക്കുമുള്ള നിരന്തര വിളിയാണ് ജീവിതം എന്ന് മാര്‍പ്പാപ്പാ.

ഇക്കൊല്ലം മരണമടഞ്ഞ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ശനിയാഴ്ച (03/11/18) താന്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വചനശുശ്രൂഷാവേളയില്‍ വായിക്കപ്പെട്ട സുവിശേഷഭാഗം, മത്തായിയുടെ സുവിശേഷം 25-Ↄ○ അദ്ധ്യായം 1-12 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പത്തുകന്യകകളുടെ ഉപമയായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

ജീവിതം പുറത്തേക്കിറങ്ങാനുള്ള വിളി

അമ്മയുടെ ഉദരത്തില്‍നിന്ന്, ജനിച്ച വീട്ടില്‍ നിന്നുമൊക്കെ പുറത്തേക്കു പോകാനുള്ള വിളിയാണ്, ബാല്യത്തില്‍ നിന്നിറങ്ങി യുവത്വത്തിലേക്കു കടക്കാനും, യുവത്വത്തില്‍ നിന്നിറങ്ങി പ്രായപൂര്‍ത്തിയിലേക്കും കടക്കാനും, ഈ ലോകത്തില്‍ നിന്നുവരെ പുറത്തേക്കു പോകാനുമുള്ള വിളിയാണ്  അതെന്ന് പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിന്‍റെ സേവകരെ സംബന്ധിച്ചും ജീവിതം, പുറത്തേക്കു പോകാനുള്ള ആഹ്വാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ പാപ്പാ, അവസാനത്തെ കടന്നുപോകല്‍ വരെ, സഭ നിര്‍ദ്ദേശിക്കുന്നിടത്തേക്ക് സ്വന്തം കുടുംബം വിട്ടു പോകാന്‍, ഒരു ശുശ്രൂഷയില്‍ നിന്ന് മറ്റൊരു സേവനത്തിലേക്ക് കടക്കാന്‍ ഉള്ള വിളിയാണ് അതെന്ന് ഓര്‍മ്മിപ്പിച്ചു.

പുറത്തേക്കുപോകലിന്‍റെ പൊരുള്‍

തുടര്‍ച്ചയായ ഈ പുറത്തേക്കു പോകലിന്‍റെ പൊരുള്‍ എന്തെന്ന് പത്തുകന്യകകളുടെ ഉപയടങ്ങിയ സുവിശേഷ ഭാഗം വെളിപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ പാപ്പാ അത് മണവാളനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായുള്ള പോകലാണെന്ന് വിശദീകരിച്ചു.

ആകായല്‍, ജീവിതം മണവാളനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പുറത്തേക്കുള്ള യാത്രയാണെങ്കില്‍, നമുക്കു നല്കപ്പെട്ടിട്ടുള്ള സമയം സ്നേഹത്തില്‍ വളരുന്നതിനുള്ളതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുസ്വന ശ്രവണം

അതുകൊണ്ട് ജീവിതത്തില്‍ കാതലായകാര്യം മണവാളന്‍റെ സ്വരം ശ്രവിക്കലാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

മണവാളനെ സ്വീകരിക്കാനുള്ള കാത്തിരിപ്പില്‍ കന്യകകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് സുവിശേഷം സൂചിപ്പിക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ച പാപ്പാ അത് വസ്ത്രമോ, വിളക്കോ അല്ല, പ്രത്യുത. ചെറിയ പാത്രങ്ങളില്‍ സൂക്ഷിക്കപ്പെട്ട എണ്ണയാണെന്ന് പറഞ്ഞു.

ചെറു പാത്രങ്ങളില്‍ സൂക്ഷിക്കപ്പെടുന്ന എണ്ണ

പുറത്തുകാണാത്തവിധം പാത്രത്തിനകത്ത് സൂക്ഷിക്കപ്പെടുന്ന ഈ എണ്ണ സൂചിപ്പിക്കുന്നത് കര്‍ത്താവിന്‍റെ മുന്നില്‍ വിലയേറിയത് ബാഹ്യരൂപമല്ല പ്രത്യുത ഉള്ളമാണ്, ഹൃദയമാണ് എന്ന് പാപ്പാ വിശദീകരിച്ചു.

ലോകം പ്രശസ്തികളുടെയും ശക്തിയുടെയും ബാഹ്യമോഡികളുടെയും പിന്നാലെ പോകുന്നുവെന്നും എന്നാല്‍ അവയൊക്കെ അല്പായുസ്സുകളാണെന്നും വ്യക്തമാക്കിയ പാപ്പാ ലോകത്തിന്‍റെ ഈ പ്രകടനപരതയില്‍ നിന്ന് അകലം പാലിക്കേണ്ടത് സ്വര്‍ഗ്ഗീയസൗഭാഗ്യത്തിനായുള്ള ഒരുക്കത്തില്‍ അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ചമയസംസ്കൃതി

ബാഹ്യരൂപത്തെ അണിയിച്ചൊരുക്കുന്ന “ചമയത്തിന്‍റെ സംസ്കൃതി”യെ തള്ളിക്കളയണമെന്നും ഒപ്പം ദൈവത്തിന്‍റെ നയനങ്ങള്‍ക്കുമുന്നില്‍ വിലയേറിയതായ ഹൃദയത്തെ, മനുഷ്യന്‍റെ ഉള്ളത്തെ നിര്‍മ്മലമായി കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിനായുള്ള അഭിവാഞ്ഛയോടുകൂടെ കടന്നുപോയതും സ്നേഹം അഭ്യസിച്ചതുമായ ഒരു ജീവിതം മണവാളന്‍റെ ഭവനത്തിലേക്ക് എന്നന്നേക്കുമായി പ്രവേശിക്കുന്നതിന് ഒരുക്കമുള്ളതായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2018, 12:50