തിരയുക

ഫ്രാന്‍സീസ് പാപ്പാ റോമിന്‍റെ പ്രാന്തത്തില്‍ ലൗറെന്തീനൊയിലുള്ള സെമിത്തേരിയില്‍ അജാതശിശുക്കളുടെ കല്ലറകള്‍ക്കുമുന്നില്‍ "മാലാഖമാരുടെ ഉദ്യാനത്തില്‍"  മരിച്ചവിശ്വാസികളുടെ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു-02-11-18 ഫ്രാന്‍സീസ് പാപ്പാ റോമിന്‍റെ പ്രാന്തത്തില്‍ ലൗറെന്തീനൊയിലുള്ള സെമിത്തേരിയില്‍ അജാതശിശുക്കളുടെ കല്ലറകള്‍ക്കുമുന്നില്‍ "മാലാഖമാരുടെ ഉദ്യാനത്തില്‍" മരിച്ചവിശ്വാസികളുടെ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു-02-11-18 

പരേതസ്മരണയുടെ ത്രിമാനങ്ങള്‍

മരിച്ചവിശ്വാസികളെ ഓര്‍മ്മിക്കുമ്പോള്‍ തെളിയുന്ന ജീവിതത്തിന്‍റെ മൂന്നു മാനങ്ങള്‍- ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങള്‍ !

സ്മരണ ഒരു ജനതയെ ശക്തിപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പാ.

സകല മരിച്ചവിശ്വാസികളുടെയും ഓര്‍മ്മയാചരിക്കപ്പെട്ട നവമ്പര്‍ 2-ന്, വെള്ളിയാഴ്ച (02/11/18) വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററോളം തെക്കുമാറി റോമിന്‍റെ  പ്രാന്തത്തില്‍, ലൗറെന്തീനൊ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെമിത്തേരി സന്ദര്‍ശിച്ച് പരേതര്‍ക്കായി ദിവ്യബലി അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു.

യാത്രയിലും ചരിത്രത്തിലും ജനതയിലും വേരൂന്നിയിരിക്കുന്നതായ ഒരനുഭവം സ്മരണയില്‍ ഒരുവനുണ്ടാകുന്നുവെന്നും നമ്മള്‍ തനിച്ചല്ല നാം ഒരു ജനതയാണെന്ന ബോധ്യം സ്മരണ നല്കുന്നുവെന്നും പറഞ്ഞ പാപ്പാ, ജീവിതത്തിന്‍റെ മൂന്നു മാനങ്ങള്‍, അതായത്, ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങള്‍ ഇതില്‍ തെളിയുന്നുവെന്ന് വിശദീകരിച്ചു.

പരേതരുടെ സ്മരണദിനം നമ്മെ നമ്മുടെ വേരുകളിലേക്കാണ് കൊണ്ടുപോകുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സെമിത്തേരിയിലെ കല്ലറകള്‍ ഭൂതകാലത്തിന്‍റെ സ്മരണയാണ് എന്നു പറഞ്ഞ പാപ്പാ രണ്ടാം വായനയില്‍ സൂചിപ്പിക്കുന്ന പുതിയ വാനവും പുതിയ ഭൂമിയും, വിശുദ്ധ നഗരമായ ജറുസലേമും നമുക്കായൊരുക്കപ്പെട്ടിരിക്കുന്ന ഇടത്തെക്കുറിച്ചുള്ള  പ്രത്യാശയെയാണ് ദ്യോതിപ്പിക്കുന്നതെന്നും ഈ സ്മരണയ്ക്കും പ്രത്യാശയ്ക്കുമിടയില്‍ നാം സഞ്ചരിക്കേണ്ടതും സഞ്ചരിക്കുന്നതുമായ ഒരു പാതയുണ്ടെന്നും വിശദീകരിച്ചു.

ഈ പാതയില്‍ വഴിതെറ്റാതിരിക്കാനുള്ള വെളിച്ചം സുവിശേഷ സൗഭാഗ്യങ്ങള്‍, അതായത്, ശാന്തശീലവും, ദാരിദ്ര്യാരൂപിയും നീതിയും കാരുണ്യവും ഹൃദയശുദ്ധിയും ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ലൗറെന്തീനൊ സെമിത്തേരിയിലെത്തിയ ഫ്രാന്‍സീസ് പാപ്പാ, ആദ്യം, അജാത ശിശുക്കളെ അടക്കം ചെയ്തിട്ടുള്ള “മാലാഖമാരുടെ ഉദ്യാനം” എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഭാഗവും കുട്ടികളുടെ കല്ലറകളും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2018, 13:04