തിരയുക

വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ പ്രസംഗവേദിയില്‍ ഫ്രാന്‍സീസ് പപ്പായുടെ പക്കലേക്ക് ഓടിക്കയറിയ ബാലനെ പാപ്പാ വാത്സല്യത്തോടെ വീക്ഷിക്കുന്നു, 28-11-18 വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ പ്രസംഗവേദിയില്‍ ഫ്രാന്‍സീസ് പപ്പായുടെ പക്കലേക്ക് ഓടിക്കയറിയ ബാലനെ പാപ്പാ വാത്സല്യത്തോടെ വീക്ഷിക്കുന്നു, 28-11-18 

തിരുപ്പിറവിയില്‍ നാം തിരിച്ചറിയേണ്ടത്!

സമൂഹത്തില്‍ ഇന്നും പ്രാന്തവല്‍കൃതരായി ദാരിദ്ര്യത്തിലും സഹനത്തിലും ജീവിക്കുന്നവരുമായുള്ള ക്രിസ്തുവിന്‍റെ കൂടിക്കാഴ്ചയാണ്, സര്‍വ്വോപരി ,തിരുപ്പിറവി- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തു നരകുലവുമായി നടത്തിയ കൂടിക്കാഴ്ച നാം തിരുപ്പിറവിയില്‍ തിരിച്ചറിയണമെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (28/11/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേകം സംബോധന ചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ നമ്മള്‍, ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമകാലമനുസരിച്ച്, ഈ വരുന്ന ഞായറാഴ്ച (02/12/18) തിരുപ്പിറവിത്തിരുന്നാളിനുള്ള ഒരുക്കത്തിന്‍റെ ഘട്ടമായ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്നത് അനുസ്മരിച്ചുകൊണ്ട് ഇതു പറഞ്ഞത്.

സമൂഹത്തില്‍ ഇന്നും പ്രാന്തവല്‍കൃതരായി ദാരിദ്ര്യത്തിലും സഹനത്തിലും ജീവിക്കുന്നവരുമായുള്ള ക്രിസ്തുവിന്‍റെ കൂടിക്കാഴ്ചയായിട്ടാണ്, സര്‍വ്വോപരി, നാം തിരുപ്പിറവിയെ മനസ്സിലാക്കേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ രക്ഷകനായ യേശുവിനെ സ്വാഗതം ചെയ്യുന്നതിന് ഹൃദയങ്ങള്‍ ഒരുക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാവേളയില്‍ വിവിധഭാഷാക്കാരെ സംബോധനചെയ്ത വേളയില്‍ സ്പാനിഷ് ഭാഷാക്കാരെ അഭിവാദ്യം ചെയ്യവേ പ്രസംഗ വേദിയിലേക്ക് ഓടിക്കയറിയ കുസൃതിക്കാരനായ ഒരു ബാലനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് പാപ്പാ ഇങ്ങനെ പ്രതികരിച്ചു:

"ഈ ബാലന് സംസാരിക്കാന്‍ ആകില്ല. മൂകനെങ്കിലും ആശയവിനിമയം നടത്താനും സ്വയം ആവിഷ്ക്കരിക്കാനും അവനറിയാം. ഇത് എന്നെ ഇങ്ങനെ ചിന്തിപ്പിച്ചു: അവന്‍ സ്വതന്ത്രനാണ്. കടിഞ്ഞാണില്ലാത്തവിധം സ്വതന്ത്രനാണ്. ദൈവത്തിനുമുന്നില്‍ ഞാന്‍ ഇങ്ങനെ സ്വാതന്ത്ര്യമുള്ളവാനാണോ എന്നു ഞാന്‍ ചിന്തിച്ചുപോയി. നമ്മള്‍ ശിശുക്കളെപ്പോലെ ആയിത്തീരണം എന്ന് യേശു പറയുമ്പോള്‍ അതിനര്‍ത്ഥം, സ്വന്തം പിതാവിന്‍റെ മുമ്പില്‍ കുഞ്ഞിനുള്ളതു പോലുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാകണം എന്നാണ്. ഈ ബാലന്‍ ഇക്കാര്യങ്ങളെല്ലാം പ്രഘോഷിക്കുകയായിരുന്നു. ഈ കുട്ടിക്ക് സംസാരശേഷി ലഭിക്കുന്നതനായി നമുക്കു പ്രാര്‍ത്ഥിക്കാം. "

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2018, 13:48