തിരയുക

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഏതാനും കുടിയേറ്റക്കാരോടൊപ്പം 28-11-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഏതാനും കുടിയേറ്റക്കാരോടൊപ്പം 28-11-18 

നിഷേധാത്മകതയില്‍നിന്ന് ഭാവാത്മകമായി മാറുന്ന പത്തുകല്പനകള്‍!

പത്തു പ്രമാണങ്ങള്‍: ക്രിസ്തുവിന്‍റെ "എക്സറേ" ചിത്രം- തിരുക്കച്ചയിലെന്ന പോലെ അവിടത്തെ വദനത്തെ കാണിച്ചു തരുന്ന ഛായാമൂലചിത്രം എന്ന് പാപ്പാ പൊതുദര്‍ശന പ്രഭാഷണത്തില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇക്കഴിഞ്ഞ ദിനങ്ങളില്‍ കൂടുതലും മഴയില്‍ കുതിര്‍ന്ന റോമില്‍ വെയില്‍ തെളിഞ്ഞു നിന്ന ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (28/11/18). എന്നിരുന്നാലും കാറ്റും തണുപ്പും  പ്രതികൂലാവസ്ഥ സൃഷ്ടിച്ചതിനാല്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തിനു പകരം ബസിലിക്കയുടെ അടുത്തുതന്നെയുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ 7000 ത്തിലേറെപ്പേര്‍  ശാലയില്‍ സന്നിഹിതരായിരുന്നു. തങ്ങളുടെ പൗരോഹിത്യത്തിന്‍റെ 40 ഉം 50 ഉം ,60 ഉം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന 40 ലേറെ വൈദികരും ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. ഇവര്‍ ഇംഗ്ലണ്ടില്‍ നിന്നുള്ളവരായിരുന്നു. ശാലയില്‍ എത്തിയ പാപ്പായെ അവിടെ സന്നഹിതരായിരുന്നവര്‍ കരഘോഷത്തോടും ആനന്ദാരവങ്ങളോടും കൂടെ വരവേറ്റു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അവര്‍ക്കിടയിലൂടെ മന്ദം മന്ദം  നീങ്ങി. കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ക്ക് പാപ്പാ ഹസ്തദാനമേകുകയും ചിലരുമൊത്തു കുശലം പറയുകയും ചെയ്തു.  പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വിശുദ്ധഗ്രന്ഥഭാഗം

16 നിങ്ങളോട് ഞാന്‍ പറയുന്നു, ആത്മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.17 എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്.........22 എന്നാല്‍, ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, 23 സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല. (വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനം  5:16-18,22-23)

 

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, അഥവാ, പത്തുവാക്കുകള്‍ എന്നര്‍ത്ഥമുള്ള “ഡെക്കലോഗി”നെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണസംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പത്തു പ്രമാണങ്ങളെ അധികരിച്ചുള്ള പ്രബോധനപരമ്പരയ്ക്ക് സമാപനം കുറിക്കുന്ന ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്‍റെ മുഖ്യ പ്രമേയം “മോഹങ്ങള്‍” ആണ്. നാം ഇതുവരെ നടത്തിയ പരിചിന്തനങ്ങള്‍ പുനര്‍വിശകലനം നടത്താനും പത്തുകല്പനകളെക്കുറിച്ച് ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണ  വെളിപാടിന്‍റെ വെളിച്ചത്തില്‍ എല്ലായ്പ്പോഴും വായിച്ചുകൊണ്ട് നടത്തിയ പരിചിന്തനങ്ങള്‍ സംഗ്രഹിക്കാനും ഈ പ്രമേയം നമ്മെ അനുവദിക്കുന്നു.

കൃതജ്ഞതയില്‍ നിന്നുള്ള തുടക്കം...... അനുസരണത്തിന്‍റെ അനിവാര്യത

വിശ്വസ്തതയുടെയും വിധേയത്വത്തിന്‍റെയുമായ ബന്ധത്തിന്‍റെ അടിസ്ഥാനമായ കൃതജ്ഞതയില്‍ നിന്നാണ് നാം ആരംഭിച്ചത്. നമുക്ക് അധികമായി നല്കുന്നതിനു മുമ്പ് ദൈവം നമ്മോട് ഒന്നും ആവശ്യപ്പെടുന്നില്ല. നമ്മുടെ മേല്‍ അത്യധികം ആധിപത്യം പുലര്‍ത്തുന്ന വിഗ്രഹാരാധനനയുടെ വഞ്ചനയില്‍ നിന്ന് നമ്മെ വീണ്ടെടുക്കുന്നതിന് അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നത് അനുസരണമാണ്. ഈ ലോകത്തിന്‍റെ  ബിംബങ്ങളില്‍ ആത്മസാക്ഷാത്ക്കാരം കണ്ടെത്താനുള്ള ശ്രമം നമ്മെ പൊള്ളയാക്കിത്തീര്‍ക്കുകയും അടിമകളാക്കുകയും ചെയ്യുന്നു. എന്നാല്‍ നമുക്കു ഔന്നത്യവും സാന്ദ്രതയും പകരുന്നത് ദൈവവുമായുള്ള ബന്ധമാണ്. പിതാവായ ദൈവം ക്രിസ്തുവില്‍ നമ്മെ  തന്‍റെ മക്കളാക്കുന്നു.

വിമോചനപ്രക്രിയ

യഥാര്‍ത്ഥ, അധികൃത, വിശ്രമമായ ആശീര്‍വ്വാദത്തിന്‍റെയും വിമോചനത്തിന്‍റെയും ഒരു പ്രക്രിയ ഇതില്‍ അടങ്ങിയിരിക്കുന്നു. സങ്കീര്‍ത്തനം പറയുന്നതു പോലെ: “ദൈവത്തില്‍ മാത്രമാണ് എന്‍റെ ആത്മാവിന്‍റെ വിശ്രാന്തി:അവിടുന്നിലാണ് എന്‍റെ രക്ഷ” (സങ്കീര്‍ത്തനം 62:1)

സ്വതന്ത്രമാക്കപ്പെട്ട ഈ ജീവിതം നമ്മുടെ വ്യക്തിപരമായ ചരിത്രത്തിന്‍റെ  സ്വീകാര്യതയായി പരിണമിക്കുകയും, ശൈശവം തൊട്ടു നാളിതുവരെ നാം ജീവിച്ചവയുമായി നമ്മെ പൊരുത്തപ്പെടുത്തുകയും അങ്ങനെ നമ്മെ പക്വതയുള്ളവരും യാഥാര്‍ത്ഥ്യങ്ങള്‍ക്കും നമ്മുടെ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവര്‍ക്കും ഉചിതമായ പ്രാധാന്യ കല്പിക്കാനും നമ്മെ പ്രാപ്തരും ആക്കുകയും ചെയ്യുന്നു. ഈ പാതയിലൂടെ നാം അയല്‍ക്കാരനുമായി ബന്ധം സ്ഥാപിക്കുന്നു. ഈ ബന്ധം, യേശുക്രിസ്തുവില്‍ ദൈവം വെളിപ്പെടുത്തിയ സ്നേഹത്തില്‍ നിന്നു തുടങ്ങി വിശ്വസ്തതയുടെയും ഉദാരതയുടെയും ആധികാരികതയുടെയും മനോഹാരിതയിലേക്കുള്ള ക്ഷണമാണ്.

നവഹൃദയത്തിന്‍റെ ആവശ്യകത

വിശ്വസ്തതയുടെയും ഉദാരതയുടെയും ആധികാരികതയുടെയും സൗകുമാര്യത്തില്‍ ജീവിക്കുന്നതിന്ന നമുക്ക് പരിശുദ്ധാരൂപി വസിക്കുന്ന നവമായൊരു ഹൃദയം ആവശ്യമാണ്. ഞാന്‍ ആത്മഗതം ചെയ്യുകയാണ്: ഈ “ഹൃദയമാറ്റ ശസ്ത്രക്രിയ” അതായത്, പഴയ ഹൃദയത്തില്‍ നിന്ന് പുതിയ ഹൃദയത്തിലേക്കുള്ള മാറ്റം എങ്ങനെയാണ് സാധ്യമാകുക?. അതു നടക്കുന്നത് പുത്തനഭിലാഷങ്ങള്‍ എന്ന ദാനത്താലാണ്. “പുതിയ അഭിലാഷങ്ങള്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. ഈ അഭിലാഷങ്ങള്‍ നമ്മില്‍ വിതയക്കുന്നത് ദൈവത്തിന്‍റെ കൃപയാണ്. വിശിഷ്യ, യേശു ഗിരി പ്രഭാഷണത്തില്‍ പഠിപ്പിക്കുന്നതുപോലെ, അവിടന്ന് പൂര്‍ത്തിയാക്കിയ പത്തു കല്‍പ്പനകളിലൂടെയാണ്. വാസ്തവത്തില്‍, പത്തുപ്രമാണങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള മനനത്തില്‍, അതായത്, കൃതജ്ഞതാഭരിതവും സ്വതന്ത്രവും, അധികൃതവും, അനുഗ്രഹീതവും, പക്വതയാര്‍ന്നതും, ജീവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതും വിശ്വസ്തവും ഉദാരവും ആത്മാര്‍ത്ഥവുമായ ഒരു അസ്തിത്വം വഴി നമ്മള്‍, ഏതാണ്ട്, അറിയാതെ തന്നെ ക്രിസ്തുവിന്‍റെ മുന്നിലെത്തുന്നു.

“എക്സ്റേ”

പത്തുപ്രമാണങ്ങള്‍ ക്രിസ്തുവിന്‍റെ “എക്സ്റേ” ചിത്രമാണ്. തിരുക്കച്ചയിലെന്ന പോലെ, അവിടത്തെ വദനത്തെ കാട്ടിത്തരുന്ന, ഛായാമൂലചിത്രം ആണ്. അങ്ങനെ പരിശുദ്ധാരൂപി, തന്‍റെ  ദാനമായ അഭിലാഷങ്ങള്‍, പരിശുദ്ധാരൂപിയുടെ ആഗ്രഹങ്ങള്‍, നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ ഫലപുഷ്ടിയുള്ളതാക്കിത്തീര്‍ക്കുന്നു. പരിശുദ്ധാരൂപിയുടെ ഹിതാനുസാരം, ആ അരൂപിയുടെ താളത്തിനും സംഗീതത്തിനുമൊത്ത് ആഗ്രഹിക്കുക.

ക്രിസ്തുവിനെ നോക്കുമ്പോള്‍ നാം മനോഹാരിതയും നന്മയും സത്യവും ദര്‍ശിക്കുന്നു. തന്‍റെ അഭിലാഷങ്ങള്‍ക്കനുസൃതം പ്രത്യാശയും വിശ്വാസവും സ്നേഹവും നമ്മില്‍ വളര്‍ത്തുന്ന ഒരു ജീവിതം പരിശുദ്ധാരൂപി സാധ്യമാക്കുന്നു.

നിഷേധാത്മകത ഭാവാത്മകതയായി പരിണമിക്കുന്നു

നിയമം ഇല്ലാതാക്കാനല്ല മറിച്ച് അതു പൂര്‍ത്തിയാക്കാനാണ് കര്‍ത്താവായ യേശു വന്നത് എന്നതിന്‍റെ പൊരുള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ അങ്ങനെ നമുക്കു സാധിക്കും. ജഡാനുസൃത നിയമം കല്പനകളുടെയും അരുതുകളുടെയും ഒരു പരമ്പരയാണ്. എന്നാല്‍ ആത്മവിനനുസൃതമാകുമ്പോള്‍ അതേ നിയമം തന്നെ ജീവനായി ഭവിക്കുന്നു. എന്തെന്നാല്‍ അത് ഇനി ഒരു നിയമമല്ല പ്രത്യുത, നമ്മെ സ്നേഹിക്കുകയും നമ്മെ അന്വേഷിക്കുകയും നമ്മോടു പൊറുക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും പാപം വഴിയുള്ള അനുസരണക്കേടു നിമിത്തം നഷ്ടപ്പെട്ട പിതാവുമായുള്ള കൂട്ടായ്മ ക്രിസ്തുവിന്‍റെ ഗാത്രത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന അവിടത്തെ ആ ശരീരം തന്നെയാണ് അത്. അങ്ങനെ കല്പനകളിലെ, നിഷേധാത്മകത, അതായത്, മോഷ്ടിക്കരുത്, നിന്ദിക്കരുത്, കൊല്ലരുത്, തുടങ്ങിയ അരുതുകള്‍ ഭാവാത്മകങ്ങളായി പരിണമിക്കുന്നു. സ്നേഹിക്കുക, എന്‍റെ ഹൃദയത്തില്‍ അപരര്‍ക്ക് ഇടം നല്കുക. ഈ അഭിലാഷങ്ങള്‍ രചനാത്മകത വിതയ്ക്കുന്നവയാണ്. ഇതാണ് നമുക്കായി യേശു കൊണ്ടുവന്ന നിയമത്തിന്‍റെ പൂര്‍ണ്ണത.

പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിന്‍റെ ഫലം

പത്തു പ്രമാണങ്ങള്‍ ഒരു ശിക്ഷാവിധിയായി പരിണമിക്കാതിരിക്കുന്നതും മാനവജീവിതത്തിന്‍റെ അധികൃത സത്യമായി മാറുന്നതും  ക്രിസ്തുവില്‍, അവിടന്നില്‍, മാത്രമാണ്. ഇവിടെ സ്നേഹാഭിലാഷം, നന്മയ്ക്കായുള്ള ആഗ്രഹം, നന്മചെയ്യാനുള്ള അഭിവാഞ്ഛ, സന്തോഷത്തിനും സമാധാനത്തിനും, മഹാമനസ്കതയ്ക്കും, ദയാശീലത്തിനും വിശ്വസ്തതയ്ക്കും മനോഹഗുണത്തിനും സൗമ്യതയ്ക്കും ആത്മസംയമനത്തിനുമുള്ള ആഗ്രഹം ജന്മമെടുക്കുന്നു. “അരുതില്‍” നിന്ന് “അതേ” എന്നതിലേക്കു കടക്കുന്നു. പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ തുറക്കപ്പെടുന്ന ഒരു ഹൃദയത്തിന്‍റെ ഭാവാത്മക മനോഭാവമാണിത്.

ക്രിസ്തുവിനെ പത്തു പ്രമാണങ്ങളില്‍ അന്വേഷിക്കുന്നത് ഇതിനു വേണ്ടിയാണ്:അതായത്,  നമ്മുടെ ഹൃദയം സ്നേഹഭരിതമാകുന്നതിനും ക്രിസ്തുവിന്‍റെ  പ്രവര്‍ത്തനത്തോടു തുറവുള്ളതാകുന്നതിനും വേണ്ടിയാണ്.

മനുഷ്യനെ നശിപ്പിക്കുന്നത് ദുഷിച്ച ആഗ്രങ്ങളാണെങ്കില്‍ പരിശുദ്ധാരൂപി നവജീവന്‍റെ വിത്തുകളായ പരിശുദ്ധമായ അഭിലാഷങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു.

പത്തുകല്പനകളുടെ പൊരുള്‍

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം പത്തു കല്പനകള്‍ ഇതാണ്: ക്രിസ്തുവിന്‍റെ ഹൃദയം സ്വീകരിക്കാനും അവിടത്തെ ഇഷ്ടങ്ങള്‍ സ്വീകരിക്കാനും അവിടത്തെ പരിശുദ്ധാരൂപിയെ ഉള്‍ക്കൊള്ളാനും കഴിയത്തക്കവിധം നമ്മെ തുറവുള്ളവരാക്കുന്നതിനായി അവിടത്തെ ധ്യാനിക്കുക. നന്ദി. 

സമാപനം                 

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2018, 13:09