തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ശയ്യാവലംബിയായ ഒരു രോഗിണിയുട പക്കല്‍ 21/11/18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ശയ്യാവലംബിയായ ഒരു രോഗിണിയുട പക്കല്‍ 21/11/18  (Vatican Media)

ദുര്‍മ്മോഹങ്ങള്‍ :തെറ്റുകളുടെ ആന്തരിക മൂലം

ദുര്‍മ്മോഹങ്ങള്‍ ദൈവവുമായും മറ്റുള്ളവരുമായുമുള്ള നമ്മുടെ ബന്ധം തകര്‍ക്കുന്നു, നാം നമ്മെത്തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. പാപ്പായുടെ പ്രതിവാര പൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയില്‍ റോമില്‍ ഉള്‍പ്പടെ പലയിടങ്ങളിലും ഇക്കഴിഞ്ഞ ദിനങ്ങളില്‍ മഴയായിരുന്നു. ബുധനാഴ്ചയും (21/11/18) മഴയായിരിക്കുമെന്ന്  കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരുന്നെങ്കിലും രാവിലെ വെയില്‍ തെളിഞ്ഞു. ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, ബുധനാഴ്ചകളിലെ പതിവനുസരിച്ച്, ഈ ബുധനാഴ്ചയും പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വേദി, വത്തിക്കാനില്‍, അര്‍ക്കാംശുക്കളാല്‍ കുളിച്ചുനിന്ന വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ അങ്കണമായിരുന്നു. വിവിധ രാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ 10000 ത്തിലേറെപ്പേര്‍  ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നു. ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ഹര്‍ഷാരവങ്ങളോടും കൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ, പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. ശയ്യാവലംബിയായ ഒരു രോഗിണിയെ കണ്ട പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി ആ സ്ത്രീയുടെ അടുത്ത് സാന്ത്വനവചസ്സുകളുമായി എത്തുകയും രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ച് ആശീര്‍വ്വദിക്കുകയും ഒരു ജപമാല സമ്മാനിക്കുകയും ചെയ്തു. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍  അതില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വിശുദ്ധഗ്രന്ഥ ഭാഗം

17 നീ അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരന്‍റെ ഭാര്യയെയോ, ദാസനെയോ, ദാസിയെയോ, കാളയെയോ, കഴുതയെയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്” (പുറപ്പാടിന്‍റെ പുസ്തം, 20:17)

പത്തു പ്രമാണങ്ങളില്‍ അവസാനത്തെതായ  കല്പനയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, അഥവാ, പത്തുവാക്കുകള്‍ എന്നര്‍ത്ഥമുള്ള “ഡെക്കലോഗി”നെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പത്തുകല്പനകളെക്കുറിച്ചുള്ള നമ്മുടെ വിചിന്തനം ഇന്ന് നമ്മെ ആനയിക്കുന്നത് അവസാനത്തെ കല്പനയിലേക്കാണ്. അതെക്കുറിച്ച് നാം തുടക്കത്തില്‍ വായിച്ചു കേട്ടു. ഇത് അവസാനത്തെ വാക്കുകള്‍ എന്നതിനെക്കാളൊക്കെ ഉപരിയായി നിലകൊള്ളുന്നു. അത് പത്തു പ്രമാണങ്ങളിലൂടെയുള്ള പ്രയാണത്തിന്‍റെ പൂര്‍ത്തീകരണമാണ്. ആ പ്രമാണങ്ങളിലൂടെ നല്കപ്പെട്ടവയുടെ സത്തയെ തൊടുന്നതാണത്. വാസ്തവത്തില്‍ ഈ കല്പനയില്‍ പുതിയതായി ഒന്നും ചേര്‍ക്കപ്പെട്ടിട്ടില്ലയെന്നത് സുവ്യക്തമാണ്. നിന്‍റെ  അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്... അയല്‍ക്കാരന്‍റെ വസ്തുക്കള്‍ മോഹിക്കരുത് തുടങ്ങിയവ വ്യഭിചാരത്തെയും കളവിനെയും സംബന്ധിച്ച പ്രമാണങ്ങളില്‍ അന്തര്‍ലീനമാണ്; അങ്ങനെയെങ്കില്‍ ഈ കല്പനയുടെ ഉദ്ദേശ്യം എന്താണ്? അത് കല്പനകളുടെ സംഗ്രഹമാണോ? അതോ, അതിലുപരിയാണോ?

ദൈവവുമായുള്ള ബന്ധം തകര്‍ത്തുകൊണ്ട് മനുഷ്യന്‍ അവനവനെയും മറ്റുള്ളവരെയും നശിപ്പിക്കുന്നതിലേക്കു കടക്കുന്ന ആ അതിരിനെ, ജീവിതത്തിന്‍റെ അതിര്‍ത്തിയെ കാണിച്ചു തരുകയാണ് എല്ലാ കല്പനകളുടെയും ദൗത്യമെന്നത് നാം ഓര്‍ക്കണം. നീ അതിരുകടന്നാല്‍ നീ സ്വയം നശിപ്പിക്കുകയും ദൈവുമായുള്ള ബന്ധം തകര്‍ക്കുകയും ചെയ്യുന്നു; മറ്റുള്ളവരുമായുള്ള ബന്ധവും നീ ഇല്ലാതാക്കുന്നു. കല്പനകള്‍ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ദുര്‍മ്മോഹങ്ങള്‍ എന്ന പൊതുവായ ആന്തരിക മൂലത്തില്‍ നിന്നാണ് സകല തെറ്റുകളും ജന്മം കൊള്ളുന്നതെന്ന വസ്തുതയെ എടുത്തുകാട്ടുകയാണ് അവസാനത്തെതായ ഈ കല്പന. മലിനമായ അഭിവാഞ്ഛയില്‍ നിന്നാണ് എല്ലാ പാപങ്ങളുടെയും പിറവി. അവിടെ ഹൃദയം ഇളകിത്തുടങ്ങുന്നു, ആ തിരമാലയില്‍പ്പെടുകയും തെറ്റില്‍ നിപതിക്കുകയും ചെയ്യുന്നു. നൈയമികമായ ഒരു തെറ്റിലല്ല പിന്നെയൊ, അവനവനെയും മറ്റുള്ളവരെയു മുറിപ്പെടുത്തുന്നതായ ഒരു തെറ്റില്‍.

കര്‍ത്താവായ യേശു സുവിശേഷത്തില്‍ സുവ്യക്തമായി പറയുന്നുണ്ട്: “വാസ്തവത്തില്‍, ഉള്ളില്‍ നിന്നാണ്, മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗമം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളില്‍ നിന്നു വരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു. (മര്‍ക്കോസ് 7,21-23) മനോഹരമായ ഒരു സംഗ്രഹം അല്ലേ?

മനുഷ്യന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന തലത്തിലേക്കെത്തുന്നില്ലെങ്കില്‍ പത്തുകല്പനകളുടെ സരണി നിഷ്ഫലമായി ഭവിക്കും. തിന്മയായവയെല്ലാം ജന്മംകൊള്ളുന്നതെവിടെയാണ്? പത്തുകല്പനകള്‍ അത് പ്രസ്പഷ്ടമായി കാട്ടിത്തരുന്നു. അത് എത്തിച്ചേരുന്നത് അവസാനത്തെ കല്പനയിലാണ്. ഈ പ്രയാണത്തിന്‍റെ  ലക്ഷ്യസ്ഥാനം ഹൃദയമാണ്. ഹൃദയം സ്വതന്ത്രമല്ലെങ്കില്‍ പിന്നെ വലിയ കാര്യമൊന്നുമില്ല. വെല്ലുവിളി ഇതാണ്: ഹീനവും കൊള്ളരുതാത്തതുമായ സകലത്തിലും നിന്ന് ഹൃദയത്തെ വിമുക്തമാക്കുക. ദൈവമക്കള്‍ക്കടുത്തതല്ലാത്തതും അടിമത്തത്തിന്‍റെതുമായ അസ്തിത്വമായി അവശേഷിക്കുന്ന ഒരു ജീവിതത്തിന്‍റെ  മനോഹരമായ ഒരു മുഖപ്പുമാത്രമായി ദൈവത്തിന്‍റെ നിയമങ്ങള്‍ രൂപഭേദം വരുത്തപ്പെടുന്ന സാധ്യതയുമുണ്ട്. പലപ്പോഴും സത്യാവസ്ഥയെ ഞരുക്കുന്ന പൊയ്മുഖത്തിനുള്ളില്‍  മോശവും അവ്യക്തവുമായതെന്തൊ മറഞ്ഞിരിപ്പുണ്ട്.

നമ്മുടെ ദാരിദ്ര്യാവസ്ഥ നമുക്കു വെളിപ്പെടുത്തിത്തരുന്നതിനും നമ്മെ വിശുദ്ധമായ ഒരു എളിമയിലേക്കു നയിക്കുന്നതിനും വേണ്ടി മോഹത്തെക്കുറിച്ചുള്ള ഈ കല്പനയാല്‍ നാം അനാവരണം ചെയ്യപ്പെടാന്‍ നമ്മെത്തന്നെ അനുവദിക്കണം. നാം ഒരോരുത്തരും ആത്മശോധന ചെയ്യണം: എന്‍റെ മനസ്സില്‍ പലപ്പോഴും വരുന്ന ദുഷിച്ച ആഗ്രഹങ്ങള്‍ ഏവയാണ്? അസൂയ, ഭോഗാസക്തി, ദൂഷണം എന്നിവയാണോ? അനുഗ്രഹീതമായ എളിമപ്പെടല്‍ മനുഷ്യന് ആവശ്യമാണ്. സ്വയം മോചിതനാകാന്‍ ആകില്ലയെന്ന് അതുവഴി മനസ്സിലാക്കുന്നവന്‍ രക്ഷയ്ക്കായി ദൈവത്തോടു കേഴുന്നു.  ഇത് വിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ റോമാക്കാര്‍ക്കുള്ള ലേഖനം ഏഴാം അദ്ധ്യായം 7-27 വരെയുള്ള വാക്യങ്ങളില്‍ മോഹിക്കരുത് എന്ന കല്പനയുമായി ബന്ധപ്പെടുത്തി ദുസ്തരം വിശദീകരിക്കുന്നുണ്ട്.

പരിശുദ്ധാത്മാവിന്‍റെ ദാനം കൂടാതെ സ്വയം തിരുത്താമെന്ന് ചിന്തിക്കുന്നത് വെറുതെയാണ്. നമ്മുടെ മനസ്സിന്‍റെ മാത്രം അതിമാനുഷ ശക്തികൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കാമെന്നു കരുതുന്നതും വിഫലമാണ്. അത് സാധ്യമല്ല. സത്യത്തിലും സ്വാതന്ത്ര്യത്തിലും ദൈവവുമായുള്ള ബന്ധത്തിന് സ്വയം തുറന്നിടണം. അപ്രകാരം മാത്രമെ നമ്മുടെ പരിശ്രമങ്ങള്‍ ഫലം കാണുകയുള്ളു. എന്തെന്നാല്‍ പരിശുദ്ധാരൂപിയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.

നിയമത്തിന്‍റെ  അക്ഷരാര്‍ത്ഥത്തിലുള്ള അനുസരണം മനുഷ്യനെ നിര്‍മ്മിതവും എന്നാല്‍ അപ്രാപ്യവുമായ ഒരു രക്ഷയില്‍ എത്തിക്കുമെന്ന് അവനെ വ്യമോഹിപ്പിക്കലല്ല ബൈബിളിലെ നിയമത്തിന്‍റെ ദൗത്യം. മനുഷ്യനെ യഥാര്‍ത്ഥ തുറവ്, ദൈവികകാരുണ്യത്തിലേക്കുള്ള വ്യക്തിപരമായ തുറവ് ആയി പരിണമിക്കുന്ന  അവന്‍റെ സത്യത്തിലേക്ക്, അതായത്, അവന്‍റെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുകയാണ് നിയമത്തിന്‍റെ ലക്ഷ്യം. ഈ തുറവ് നമ്മെ രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തെ നവീകരിക്കാന്‍ ദൈവത്തിനു മാത്രമെ സാധിക്കൂ.  എന്നാല്‍ അതിന് നാം അവിടത്തേക്കു നമ്മുടെ ഹൃദയം തുറന്നിടണം എന്ന വ്യവസ്ഥയുണ്ട്. ഇതാണ് ഏക വ്യവസ്ഥ. നാം ഹൃദയം തുറന്നുകൊടുത്താല്‍ അവിടന്ന് എല്ലാം ചെയ്തുകൊള്ളും.

നാം യാചകരാണെന്ന് തിരിച്ചറിയാന്‍ പത്തുകല്പനകളിലെ അവസാനത്തെ പ്രമാണം നമ്മെ പഠിപ്പിക്കുന്നു. നമ്മു‌‌ടെ ഹൃദയത്തിന്‍റെ ക്രമഭംഗത്തിനുമുന്നില്‍ നമ്മെ നിറുത്താനും സ്വാര്‍ത്ഥതയോടുകൂടിയുള്ള ജീവിത ശൈലിക്ക് ഒരു വിരാമമിടാനും ആത്മാവില്‍ ദരിദ്രരാകാനും പിതാവിന്‍റെ സമീപെ ആത്മാര്‍ത്ഥതയുള്ളവരാകാനും ദൈവപുത്രനാല്‍ വീണ്ടടുക്കപ്പെടാനും പരിശുദ്ധാരൂപിയാല്‍ ഭരിക്കപ്പെടാനും അനുവദിക്കാനും അത് നമ്മെ സഹായിക്കുന്നു.

“ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു” (മത്തായി 5:3). സ്വന്തം ബലഹീനതയില്‍ നിന്ന് ദൈവത്തിന്‍റെ കാരുണ്യം കൂടാതെ വിമോചിതരാകാന്‍ കഴിയുമെന്ന വ്യാമോഹം അവസാനിപ്പിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ദൈവത്തിന്‍റെ കാരുണ്യത്തിനു മാത്രമെ ഈ സൗഖ്യം നല്കാന്‍ സാധിക്കുകയുള്ളു. ദൈവത്തിന്‍റെ കാരുണ്യം മാത്രമാണ് ഹൃദയത്തെ സൗഖ്യമാക്കുന്നത്. സ്വന്തം ദുര്‍മ്മോഹങ്ങള്‍ തിരിച്ചറിയുന്നവരും നീതിമാന്മാരെപ്പോലെയല്ല പാപികളെപ്പോലെ ദൈവത്തിന്‍റെയും മറ്റുള്ളവരുടെയും മുന്നില്‍ അനുതാപ ഹൃദയത്തോടെയും എളിമയോടെയും നില്ക്കുന്നവരും ഭാഗ്യവാന്മാര്‍. പത്രോസ് കര്‍ത്താവിനോടു പറയുന്ന വാക്കുകള്‍ മനോഹരങ്ങളാണ്: “കര്‍ത്താവേ എന്നില്‍ നിന്ന് അകന്നു പോകണമേ, ഞാന്‍ പാപിയാണ്” (ലൂക്കാ 5:8) ഇതു മനോഹരമായ പ്രാര്‍ത്ഥനയാണ് “കര്‍ത്താവേ എന്നില്‍ നിന്ന് അകന്നു പോകണമേ, ഞാന്‍ പാപിയാണ്”.

ഇവരാണ് മറ്റുള്ളവരോടു സഹാനുഭൂതിയുള്ളവര്‍, മറ്റുള്ളവരോടു കാരുണ്യം കാട്ടുന്നവര്‍, എന്തെന്നാല്‍ അത് അവര്‍ സ്വയം അനുഭവിച്ചറിയുന്നു.

നന്ദി.                             

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

21 November 2018, 13:13