Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  14-11-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 14-11-18  (AFP or licensors)

കള്ളസാക്ഷ്യം പറയരുത്- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജല്പകര്‍ ഘാതകരും മാനഹാനിയുടെ ബോംബെറിയുന്ന ഭീകരപ്രവര്‍ത്തകരും, കള്ളം എവിടെയുണ്ടോ അവിടെ സ്നേഹമില്ല. കള്ളസാക്ഷ്യം പറയരുത് എന്ന പ്രമാണത്തെ അധികരിച്ചുള്ള പാപ്പായുടെ വിചിന്തനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയില്‍ റോമില്‍ ഉള്‍പ്പടെ പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്ന ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (14/11/18). വത്തിക്കാനിലും അവസ്ഥ ഭിന്നമായിരുന്നില്ല. രാവിലെ മൂടല്‍ മഞ്ഞ് ശക്തമായിരുന്നെങ്കിലും പിന്നീട് ക്രമേണ മൂടല്‍ മാറി. താപനിലയും സാരമായി താണുതുടങ്ങിയിരിക്കുന്നു. റോമില്‍ അതിരാവിലെ 6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കുളിരനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, ബുധനാഴ്ചകളിലെ പതിവനുസരിച്ച്, ഈ ബുധനാഴ്ച അനുവദിച്ച  പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ അങ്കണമായിരുന്നു. വിവിധ രാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ 11000 ത്തിലേറെപ്പേര്‍  ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നു. ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ഹര്‍ഷാരവങ്ങളോടും കൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ, പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍  അതില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം

14 നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്; മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല.15 വിളക്കുകൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്കുന്നു.16 അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ”

 

(മത്തായിയുടെ സുവിശേഷം, 5:14-16)

 

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, അഥവാ, പത്തുവാക്കുകള്‍ എന്നര്‍ത്ഥമുള്ള “ഡെക്കലോഗി”നെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നത്തെ പ്രബോധനത്തില്‍ നാം പത്തുകല്പനകളില്‍ എട്ടാമത്തെതായ പ്രമാണമാണ് പരിചിന്തനവിഷയമാക്കുക: “നിന്‍റെ അയല്‍ക്കാരനെതിരെ കള്ളസാക്ഷ്യം പറയരുത്”.

“മറ്റുള്ളവരോ‌ടുള്ള നമ്മുടെ ബന്ധങ്ങളില്‍ സത്യത്തെ വളച്ചോടിക്കുന്നത് ഈ കല്പന നിരോധിക്കുന്നു” എന്നാണ് കത്തോലിക്കാസഭയുടെ മതബോധനം പറയുന്നത് (പരിച്ഛേദം 2464). ആധികാരികമല്ലാത്ത വിനിമയങ്ങള്‍ ഗുരുതരങ്ങളാണ്, കാരണം, അവ ബന്ധങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു, തദ്വാരാ, സ്നേഹത്തിന് പ്രതിബന്ധമാകുന്നു. എവിടെ കള്ളമുണ്ടോ അവിടെ സ്നേഹം ഉണ്ടാകില്ല, അതുണ്ടാകുക സാധ്യമല്ല. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പറയുമ്പോള്‍, വാക്കുകള്‍ മാത്രമല്ല പ്രത്യുത, ചേഷ്ടകളും മനോഭാവങ്ങളും, അതുപോലെതന്നെ, മൗനങ്ങളും അസാന്നിധ്യങ്ങളും പോലും സൂചിതങ്ങളാണ്. നാമെല്ലാവരും സദാവിനിമയത്തിലാണ്. വിനിമയം ചെയ്തുകൊണ്ടാണ് നാമെല്ലാവരും ജീവിക്കുന്നത്. നാം നിരന്തരം സത്യത്തിനും നുണയ്ക്കും ഇടിയില്‍ സമദൂരത്തിലാണ്.

സത്യമോതുന്നതിന്‍റെ പൊരുള്‍

സത്യം പറയുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ആത്മാര്‍ത്ഥതയുള്ളവരായിരിക്കുക എന്നാല്‍ എന്താണ്? അഥവാ, കൃത്യതയുളളവരായിരിക്കുകയെന്നാല്‍ എന്താണ്? ചിലപ്പോഴൊക്കെ നാം നമ്മെത്തന്നെ ന്യായീകരിക്കുന്നതിന് ഇങ്ങനെ പറയാറുണ്ട്: “എനിക്കു തോന്നിയത് ഞാന്‍ പറഞ്ഞു”. ശരിതന്നെ, എന്നാല്‍ നീ നിന്‍റെ വീക്ഷണത്തെ അന്യൂനമായി കാണുകയാണ് ഇവിടെ. അതുപോലെതന്നെ “ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്” എന്നും പറയാറുണ്ട്. ഒരുപക്ഷേ നീ വ്യക്തിപരമോ രഹസ്യമോ ആയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കാം. കൂട്ടായ്മയെ തകര്‍ക്കുന്ന അനവസരത്തിലുള്ളതോ വിവേചനരഹിതമോ ആയ വൃഥഭാഷണങ്ങള്‍ എത്രയേറെയാണ്!

ജല്പകര്‍ കൊലായളികള്‍

ജല്പനങ്ങള്‍ ആളെ കൊല്ലുന്നു. ഇത് യാക്കോബ് ശ്ലീഹാ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വായാടികള്‍ കൊലയാളികളാണ്. നാവ് ഒരു വാളെന്ന പോലെ വ്യക്തിഹത്യനടത്തുന്നു. ആകയാല്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. വായാടകിള്‍, ആണായാലും പെണ്ണായാലും ഭീകരപ്രവര്‍ത്തകരാണ്. കാരണം, അവര്‍ നാക്കുകൊണ്ട് ബോംബെറിഞ്ഞിട്ട് അപ്രത്യക്ഷരാകുന്നു. ഈ ബോംബ് അപരന്‍റെ പേരു നശിപ്പിക്കുന്നു. ഈ ബോംബിട്ടവന്‍ ശാന്തനായി മറയുന്നു. നിങ്ങള്‍ മറക്കരുത്: ജല്പനം ആളെ കൊല്ലുന്നു.

സത്യം എന്ത്?

അപ്പോള്‍, എന്താണ് സത്യം? ഇത് തന്‍റെ മുന്നില്‍,  യേശു എട്ടാം പ്രമാണം പാലിക്കവെ, പീലാത്തോസ് ഉന്നയിച്ച ഒരു ചോദ്യമാണ്. നിന്‍റെ അയല്‍ക്കാരനെതിരെ കള്ളസാക്ഷ്യം പറയരുത് എന്നീ വാക്കുകള്‍, വാസ്തവത്തില്‍, വ്യവഹാരികമാണ്. യേശുവിന്‍റെ പീഢാസഹനമരണോത്ഥന വിവരണത്തിലാണ് സുവിശേഷങ്ങള്‍ ഉച്ചസ്ഥായിയിലെത്തുന്നത്. വിസ്താരത്തിന്‍റെയും ശിക്ഷാവിധിയുടെയും ഒരു അശ്രുത അനന്തര ഫലത്തിന്‍റെയും ആഖ്യാനമാണത്.

യേശുവിന്‍റെ സാക്ഷ്യം

തന്നെ ചോദ്യം ചെയ്യുന്ന പീലോത്തോസിനോട് യേശു പറയുന്നു: “ഇതിനുവേണ്ടിയാണ് ഞാന്‍ ജനിച്ചത്; ഇതിനുവേണ്ടിയാണ് ഞാന്‍ ലോകത്തിലേക്കു വന്നത്: സത്യത്തിനു സാക്ഷ്യമേകാന്‍” (യോഹന്നാന്‍ 18:37) യേശു ഈ സാക്ഷ്യമേകുന്നത് സ്വന്തം പീഢാസഹനവും മരണവും വഴിയാണ്. സുവിശേഷകന്‍ മര്‍ക്കോസ് പറയുന്നതിങ്ങനെ: “യേശുവിന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍ അവിടന്ന് ഇപ്രകാരം മരിക്കുന്നതു കണ്ട് പറഞ്ഞു: അവന്‍ തീര്‍ച്ചയായും ദൈവപുത്രനായിരുന്നു” (മര്‍ക്കോസ് 15:39). അതെ, വിശ്വസ്തനായിരുന്നു അവിടന്ന്. ആ രീതിയിലുള്ള മരണത്തിലൂടെ യേശു പിതാവിനെയും അവിടെത്തെ കരുണാര്‍ദ്രവും വിശ്വസ്തവുമായ സ്നേഹത്തെയും വെളിപ്പെടുത്തി.

യേശുവെന്ന വ്യക്തിയില്‍, പിതാവുമായുള്ള അവിടത്തെ ബന്ധത്തിന്‍റെ ഫലമായ അവിടത്തെ ജീവിത ശൈലിയില്‍, അവിടത്തെ മരണരീതിയില്‍ സത്യം പൂര്‍ണ്ണമായി സാക്ഷാത്കൃതമാകുന്നു. ദൈവമക്കള്‍ക്കടുത്ത ഈ അസ്തിത്ത്വം ഉത്ഥിതനായ യേശു പരിശുദ്ധാരൂപിയെ അയച്ചുകൊണ്ട് നമുക്കും നല്കുന്നു. സത്യത്തിന്‍റെ ആത്മാവായ ഈ പരിശുദ്ധാരൂപി, ദൈവം പിതാവാണെന്ന് നമ്മുടെ ഹൃദയങ്ങളോടു സാക്ഷ്യപ്പെടുത്തുന്നു.

ഓരോ പ്രവൃത്തിയിലും, മനുഷ്യന്‍, വ്യക്തികള്‍, ഈ സത്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. അത് അനുദിനജീവിതത്തിലെ നിസ്സാരങ്ങളായ അവസ്ഥകള്‍ മുതല്‍ ഗൗരവമേറിയ തിരഞ്ഞെടുപ്പുകള്‍ വരെയുള്ള സകലതിലും പ്രകടമാണ്. യുക്തി ഒന്നു തന്നെയാണ് എന്നും, അതായത്, നുണപറയരുതെന്ന് നമ്മോടു പറഞ്ഞുകൊണ്ട് മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും നമ്മെ പഠിപ്പിക്കുന്നതു തന്നെ.

നമുക്കു നമ്മോടുതന്നെ ചോദിക്കാം:ക്രൈസ്തവരായ നമ്മുടെ പ്രവൃത്തികളും വാക്കുകളും തിരഞ്ഞെടുപ്പുകളും സാക്ഷ്യപ്പെടുത്തുന്ന സത്യം എന്താണ്? ഓരോരുത്തരും സ്വയം ചോദിക്കുക­­: ഞാന്‍ സത്യത്തിന്‍റെ സാക്ഷിയാണോ, അതോ, സത്യത്തിന്‍റെ വേഷമിട്ട നുണയാനോണോ? ക്രൈസ്തവരായ നാം അതിവിശിഷ്ടരായ സ്ത്രീപുരുഷന്മാരല്ല. എന്നാല്‍, നല്ലവനും, നമ്മെ വ്യാമോഹിപ്പിക്കാത്തവനും, സഹോദരങ്ങളോടുള്ള സ്നേഹം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നവനുമായ സ്വര്‍ഗ്ഗീയപിതാവിന്‍റെ മക്കളാണ് നമ്മള്‍. ഈ സത്യം പ്രഭാഷണങ്ങളാലല്ല ജീവിതരീതിയിലൂടെയാണ്, ഓരോ പ്രവൃത്തിയിലൂടെയുമാണ്, വെളിപ്പെടുത്തപ്പെടുന്നത്.

സത്യം വിസ്മയകരമായ ദൈവാവിഷ്ക്കാരം

നിസ്സീമ സ്നേഹമായ ദൈവത്തിന്‍റെ, അവിടത്തെ പിതൃവദനത്തിന്‍റെ അത്ഭുതകരമായ ആവിഷ്ക്കാരമാണ് സത്യം. ഈ സത്യം മാനുഷിക യുക്തിക്കനുസൃതമെങ്കിലും അതിനെ അമേയം ഉല്ലംഘിക്കുന്നതാണ്. കാരണം അത് മന്നിലേക്കിറങ്ങിയതും ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവില്‍ മാസം ധരിച്ചതുമായ ദാനമാണ്; അവിടത്തേക്കുള്ളവര്‍ക്കും അവിടത്തെ അതേ മനോഭവങ്ങളുള്ളവര്‍ക്കുമാണ് അത് ദൃശ്യമാകുന്നത്.

പിതാവായ ദൈവത്തിലുള്ള വിശ്വാസം

കള്ളസാക്ഷ്യം നല്കരുത് എന്നതിനര്‍ത്ഥം, ഒരിക്കലും സ്വയം നിഷേധിക്കാത്തവനും നുണപറയാത്തവനുമായ ദൈവത്തിന്‍റെ മക്കള്‍ക്കടുത്തവിധം ജീവിക്കുക എന്നാണ്. ദൈവം പിതാവാണ്, അവിടന്നില്‍ വിശ്വാസമര്‍പ്പിക്കാം എന്ന മഹാസത്യം എല്ലാ പ്രവൃത്തികളിലും തെളിയത്തക്കവിധം ജീവിക്കലാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ഇതാണ് മഹാസത്യം. എന്നെ സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്ന, പിതാവായ ദൈവത്തിലുള്ള നമ്മുടെ ഈ വിശ്വാസത്തില്‍ നിന്നാണ് എന്‍റെ സത്യം പിറക്കുന്നതും കള്ളം പറയുന്നവനല്ല സത്യവാന്‍ ആയിത്തീരുന്നതും. നന്ദി.  

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

14 November 2018, 14:05