Vatican News
IRELAND POPE FRANCIS VISIT - in-community-of-capuchin-friars IRELAND POPE FRANCIS VISIT - in-community-of-capuchin-friars  (ANSA)

സ്നേഹപൂര്‍വ്വം സിറിയയിലെ കപ്പൂചിന്‍ സന്ന്യാസിമാര്‍ക്ക്...!

നവംബര്‍ 28-Ɔο തിയതി ബുധനാഴ്ച. വത്തിക്കാനില്‍നിന്നും സിറിയയിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദുഃഖിതര്‍ക്കും പീഡിതര്‍ക്കും ഒരു സാന്ത്വന സന്ദേശം
‍പീഡിത സമൂഹത്തിന്‍റെ കഥപറഞ്ഞുകൊണ്ട് സിറയയിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹം അയച്ച കത്തിനു മറുപടിയായി‌ട്ടാണ് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് സാന്ത്വനത്തിന്‍റെ സന്ദേശം അയച്ചത്. വേദനിക്കുന്ന സമൂഹത്തിന്‍റെ ചാരത്ത് താന്‍ ആത്മീയമായിട്ടുണ്ടെന്നും, ആ വേദനയില്‍ പങ്കുചേരുന്നെന്നും പാപ്പാ ആമുഖമായി കുറിച്ചു.

പീഡിതരിലെ ക്രിസ്തുവിന്‍റെ പ്രതിച്ഛായ
സിറിയയിലെ വേദനിക്കുന്ന ക്രൈസ്തവരില്‍ പീഡിതനായ ക്രിസ്തുവിനെ ദര്‍ശിക്കാം. അവിടെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനം ക്രിസ്തുവിന്‍റെ പീഡകളിലെ വിശ്വാസത്തിലുള്ള പങ്കുചേരലാണ്. സ്വന്തം മണ്ണില്‍നിന്നും നാടുകടത്തപ്പെട്ട ക്രിസ്തു ബാല്യകാലത്തുതന്നെ അനുഭവിച്ച ദാരിദ്ര്യവും യാതനകളുംപോലെ, സിറിയയിലെ ക്രൈസ്തവരും ഏറെ ദാരിദ്ര്യവും പീഡനങ്ങളും വേദനയും അനുഭവിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പീഡകളുടെ രഹസ്യത്തിലാണ് ക്രൈസ്തവമക്കള്‍ പങ്കുചേരുന്നതെന്ന വിശ്വാസബോധ്യം സിറിയയിലെ സമൂഹത്തിന് ഇന്നും എന്നും യാതനകളില്‍ സമാശ്വാസം പകരട്ടെ!

സഹനത്തിന്‍റെ രക്ഷണീയമൂല്യം
മാനവികതയുടെ രക്ഷണീയകൃത്യത്തിലെ പങ്കാളിത്തമാണ് ക്രൈസ്തവ രക്തസാക്ഷിത്തവും പീഡനങ്ങളും. ആദിമസഭയിലെ രക്തസാക്ഷികള്‍ വിതച്ചത് ദൈവരാജ്യത്തിന്‍റെ ഭാവിഭദ്രതയ്ക്കുള്ള അടിത്തറയാണ്. അവര്‍ സഭയുടെ മഹത്വവും പ്രത്യാശയുമാണ്. അതിനാല്‍ ത്യാഗത്തിലുള്ള ജീവസമര്‍പ്പണം സാമൂഹികമായ ഒരു കൊടുങ്കാറ്റിലും ചിതറിപ്പോവുകയില്ല.

രക്ഷയുടെ കരുത്തും വിശ്വാസത്തിന്‍റെ നങ്കൂരവും
നമ്മെ അനുദിന ജീവിതത്തിന്‍റെ തിരമാലകള്‍ ഉലയ്ക്കുന്നത് കുറച്ചൊന്നുമല്ല. എന്നാല്‍ അടിത്തട്ടിലെ ക്രൈസ്തവ രക്തസാക്ഷികളും അവരുടെ ജീവസമര്‍പ്പണത്തിന്‍റെ ചെന്നിണവും നമുക്ക് പതറിപ്പോകാതിരിക്കാനുള്ള ആത്മീയതയുടെ കരുത്തുപകരുന്നു. വിശ്വാസത്തിന്‍റെ നങ്കൂരം തന്നെയാണ് അപ്രതീക്ഷിതമായി രക്ഷയുടെ അടയാളമായി മാറുന്നത്. കുരിശിന്‍ ചുവട്ടില്‍ പതറാതെ നിന്ന കന്യകാനാഥയുടെ മാതൃസാന്നിദ്ധ്യംപോലെ, തന്‍റെ തിരുസുതന്‍റെ നാമത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവമക്കളുടെ ചാരത്ത് അമ്മ സാന്ത്വനമായും സമാശ്വാസമായും ഉണ്ടാകട്ടെ!

ചിതറിക്കാനാവാത്ത  ആത്മീയ സൗധം
ദിവ്യകാരുണ്യത്തിന്‍റെ വിരുന്നുമേശയില്‍ അനുദിനം താന്‍ സിറിയയിലെ സമൂഹത്തെ ഓര്‍ക്കുന്നുണ്ടെന്നും, പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ നമ്മുടെ വേദനയും യാതനയും ദൈവം പ്രത്യാശയായി വളര്‍ത്തട്ടെയെന്നും പാപ്പാ ആശംസിച്ചു (റോമ, 8).
“ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും?
ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?!
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ ദിവസം മുഴുവന്‍ അങ്ങയെപ്രതി വധിക്കപ്പെടുന്നു. കുരുതിക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ്ണവിജയം വരിക്കുന്നു. എന്തെന്നാല്‍ മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ, ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ, ഉയരത്തിനോ ആഴത്തിനോ, മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നും നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമ. 8, 35-39).  പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ കത്ത് ഉപസംഹരിച്ചത്.

സിറിയയിലെ ഫ്രാന്‍സിസ്ക്കന്‍ മിഷന്‍
സിറിയയിലെ വളരെ പുരാതനമായ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന്‍റെ മേലധികാരികളായ ഹാനാ ജലൂഫ് കപ്പൂചിന്‍, ലവായ് ബഷ്റാത്ത് കപ്പൂചിന്‍ എന്നിവരുടെ പേരിലാണ് പാപ്പാ ഈ പൊതുവായ കത്ത് അയച്ചത്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ താല്പര്യമായിരുന്നു മദ്ധ്യപൂര്‍വ്വദേശത്തും സിറിയയിലും തന്‍റെ സഹോദരങ്ങള്‍ ക്രിസ്തുവിന്‍റെ സമാധാന സന്ദേശവുമായി പോകണമെന്നത്. 1217-ല്‍ വിശുദ്ധ ഫ്രാന്‍സിസ് തന്‍റെ ആദ്യ സഹോദരങ്ങളില്‍ ഒരാളായ ബ്രദര്‍ ഏലിയാസിന്‍റെ നേതൃത്വത്തിലാണ് സിറിയയിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അവിടത്തെ ഫ്രാന്‍സിസ്ക്കന്‍ സാന്നിദ്ധ്യം ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് തന്‍റെ പ്രാര്‍ത്ഥനാസാമീപ്യം അറിയിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് കത്തെഴുതിയത്.

28 November 2018, 19:42