Vatican News
Pope Francis at Angelus window Pope Francis at Angelus window  (Vatican Media)

ക്രിസ്തു പ്രബോധിപ്പിക്കുന്ന സ്നേഹത്തിന്‍റെ അദ്വൈതം

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനാപരിപാടിയില്‍ നല്കിയ സന്ദേശം :

-  ഫാദര്‍ വില്യം നെല്ലിക്കല്‍

ത്രികാലപ്രാര്‍ത്ഥന സന്ദേശം 04-11-18 ശബ്ദരേഖ

ജാലകത്തില്‍നിന്നൊരു സ്നേഹസന്ദേശം
നവംബര്‍ 4, ഞായറാഴ്ച. മഴയും തണുപ്പുള്ള ദിവസമായിരുന്നു! മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കുടകള്‍ വിരിയിച്ചും മഴക്കോട്ടണിഞ്ഞും വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്നത്. വര്‍ണ്ണക്കുടകളും  കോട്ടുകളും പ്രാര്‍ത്ഥനാവേദിക്ക് ഉത്സവപ്രതീതി ഉണര്‍ത്തിയ നിറക്കൂട്ടായി. കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുള്ള ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ആര്‍ത്തുവിളിച്ചും ഹസ്താരവം മുഴക്കിയും ജനങ്ങള്‍സന്തോഷപുരസ്സരം പാപ്പായെ വരവേറ്റു. മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും പാപ്പാ അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

ക്രിസ്തു രൂപപ്പെടുത്തിയ സ്നേഹത്തിന്‍റെ പ്രമാണം
ദൈവസ്നേഹത്തേയും സഹോദരസ്നേഹത്തെയും കൂട്ടിയിണക്കുന്ന അത്യപൂര്‍വ്വ കല്പനയാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ ഹൃദയഭാഗത്ത് (മര്‍ക്കോസ് 12, 28-34). ഒരു നിയമജ്ഞനാണ് ഈശോയോടു ചോദിച്ചത്, “കല്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്?” (28). എല്ലാ ഇസ്രായേല്‍ക്കാരും പകലന്തിയോളം ഉരുവിടുന്ന പ്രാ‍ര്‍ത്ഥന മറുപടിയായി ഈശോ ഉരുവിട്ടു. “അല്ലയോ ഇസ്രായേലേ, ശ്രവിച്ചാലും! നമ്മുടെ ദൈവമായ കര്‍ത്താണ് ഏകനാണ് (സംഖ്യ 6, 4).. തങ്ങളുടെ ദൈവം ഏകദൈവമായ കര്‍ത്താവാണെന്നും, അവിടുന്നുമായി ജനം അഭേദ്യമാം വിധം ഉടമ്പടിചെയ്തിരിക്കുന്നു വെന്നതും ഇസ്രായേലിന്‍റെ അടിസ്ഥാന വിശ്വാസമാണ്. അവിടുന്നു ജനത്തെ സ്നേഹിച്ചു, ഇന്നും സ്നേഹിക്കുന്നു. ഇനിയും അനന്തമായി സ്നേഹിക്കുകയും ചെയ്യും. ഇസ്രായേല്യരുടെ ദൈവസ്നേഹത്തിന്‍റെ ഈ ബോധ്യത്തെ ആധാരമാക്കിയാണ് ക്രിസ്തു സ്നേഹത്തിന്‍റെ ഇരട്ടപ്രമാണം നവമായി രൂപപ്പെടുത്തുന്നത്. “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (30-31).

ജീവിതപരിസരങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട ദൈവസ്നേഹം
2 ദൈവം തന്‍റെ ജനത്തിന് വെളിപ്പെടുത്തിക്കൊടുത്ത രണ്ടു സംജ്ഞകളെ ആധാരമാക്കിയും അവയെ കോര്‍ത്തിണക്കിയുമാണ് ക്രിസ്തു സ്നേഹത്തിന്‍റെ പുതിയ കല്പന നല്കുന്നത്.  ഇതില്‍ ഒന്ന് മറ്റൊന്നിനെ തുണയ്ക്കുന്നതും, ഒന്ന് മറ്റൊന്നിന് പൂരകമാകുന്നതുമാണ്.  അവ ദൈവസ്നേഹവും സഹോദര സ്നേഹവുമാണ്. ഒന്നിനു പിറകെ മറ്റൊന്നായി രണ്ടും ചേര്‍ക്കപ്പെടുന്നുവെങ്കിലും, അവ ഒരു നാണയത്തിന്‍റെ രണ്ടു പുറങ്ങള്‍പോലെയാണ്. ഈ പ്രമാണത്തിന് ഇണങ്ങി ജീവിക്കുന്ന ഒരു വിശ്വാസിക്ക് അത് അനുദിന ജീവിതത്തില്‍ ആത്മീയ ശക്തിയായി ഭവിക്കും!

ആദ്യമായി ദൈവത്തെ സ്നേഹിക്കുക എന്നു പറയുന്നത് അവിടുത്തേയ്ക്കുവേണ്ടിയും, അവിടുത്തോടുകൂടെയും, അവിടുന്ന് ആയിരിക്കുന്ന വിധത്തിലും, അവിടുന്ന് അനുദിനം നമുക്കു നല്കുന്ന നന്മകള്‍ അംഗീകരിച്ചും ജീവിക്കുകയെന്നതാണ്. ദൈവം കലവറയില്ലാതെ നമുക്കായി നന്മകള്‍ വര്‍ഷിക്കുന്നു. അവിടുന്നു അനന്തമായി നമ്മോടു ക്ഷമിക്കുന്നു. ദൈവവുമായുള്ള ഈ ബന്ധം അതിനാല്‍ മനുഷ്യരായ നമ്മെ ബലപ്പെടുത്തുന്നതും വളര്‍ത്തുന്നതുമാണ്. ഈ പശ്ചാത്തലത്തില്‍ ദൈവത്തെ സ്നേഹിക്കുക എന്നുപറഞ്ഞാല്‍, സഹോദരസ്നേഹത്തെപ്രതി, നമ്മുടെ കഴിവും കരുത്തും, കൂട്ടായ്മയില്‍ സാഹോദര്യത്തിന്‍റെ പരസ്പര ബന്ധങ്ങളില്‍ കലവറയില്ലാതെ സമര്‍പ്പിക്കുന്നതാണ്.

കണ്ടുമുട്ടുന്നവര്‍ നമ്മുടെ അയല്‍ക്കാര്‍
3 ആരാണ് അയല്‍ക്കാരന്‍ എന്നു സുവിശേഷകന്‍ മര്‍ക്കോസ് വിവരിക്കാന്‍ കൂട്ടാക്കുന്നില്ല, കാരണം അനുദിന ജീവിതവ്യഗ്രതിയില്‍ നാം കണ്ടുമുട്ടുന്ന എല്ലാവരും നമ്മുടെ അയല്‍ക്കാരാണ്. മുന്‍വിധിയോടെ തിരഞ്ഞെടുക്കുന്ന ഒരാളല്ല അയല്‍ക്കാരന്‍. അത് ക്രിസ്തീയതയല്ല, മനുഷ്യത്വവുമല്ല. അപരന്‍റെ നന്മ കാണാനുള്ള കണ്ണും, അയാളുടെ നന്മ ആഗ്രഹിക്കുന്ന ഹൃദയവും ഉള്ളവനാണ് അയല്‍ക്കാരന്‍. അങ്ങനെ യേശുവിന്‍റെ കാഴ്ചപ്പാടുണ്ടെങ്കില്‍ നാം ആവശ്യത്തിലായിരിക്കുന്നവനെ കാണുകയും അവന്‍റെ കരച്ചില്‍ കേള്‍ക്കുകയും ചെയ്യും. അയല്‍ക്കാരന്‍റെ ആവശ്യങ്ങളോടു നാം ക്രിയാത്മകമായി പ്രതികരിക്കണം, അവര്‍ക്കായി പങ്കുവയ്ക്കാന്‍ നാം തയ്യാറാവണം.

ഈ ഒരു ആശയത്തില്‍ പാവപ്പെട്ട മനുഷ്യന് ഒരുപിടി ചോറു കൊടുത്തതുകൊണ്ടായില്ല. അയാളെ നോക്കി പുഞ്ചിരിക്കാനും, ഒരു വാക്ക് അവനോട് ഉരിയാടാനും, വേണ്ടിവന്നാല്‍ അല്പസമയം അയാള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനും നമുക്ക് സാധിക്കണം. പാവങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ക്ക് കാതോര്‍ക്കാന്‍ മാത്രമല്ല, അവരുടെ സമീപത്തായിരിക്കാനും, അവരോടു കരുണാര്‍ദ്രരാകാനും, അവര്‍ക്ക് സാന്ത്വനംപകരാനും ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ക്രൈസ്തവ സമൂഹങ്ങളുടെ വെല്ലുവിളി ഇതാണ്. അവ ധാരാളം കര്‍മ്മപദ്ധതികളുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകാം. എന്നാല്‍ കാര്യമായി പരസ്പര ബന്ധങ്ങളില്ലാത്ത പ്രസ്ഥാനങ്ങളായി തീരുന്നതില്‍ എന്താണര്‍ത്ഥം. അല്ലെങ്കില്‍ ചില സര്‍വ്വീസ് സ്റ്റേഷനുകളുടെ ശൈലിയില്‍ ക്രിസ്തീയതയ്ക്ക് അനുയോജ്യമായ ആന്തരിക ബന്ധങ്ങള്‍ ഒട്ടും ഇല്ലാത്തവരായി ഉപരിപ്ലവമായ സര്‍വ്വീസുകള്‍, സേവനങ്ങള്‍ ചെയ്യുന്നതിനു തുല്യമാണത്.

സ്നേഹത്തിന്‍റെ അദ്വൈതം

4 സ്നേഹമായ ദൈവം സ്നേഹത്തില്‍ നമ്മെ സൃഷ്ടിച്ചത്, അവിടുത്തോട് ഐക്യപ്പെട്ടു ജീവിച്ചുകൊണ്ട്, മറ്റുള്ളവരെ സ്നേഹിക്കാനാണ്. അയല്‍ക്കാരെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നുവെന്നു പറയുന്നത് മിഥ്യയാണ്. മറിച്ചും ദൈവത്തെ സ്നേഹിക്കുന്നെന്ന് അവകാശപ്പെടുകയും അയല്‍ക്കാരനെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നത് വ്യാജമാണ്, പൊയ്മുഖമാണ്. അതിനാല്‍ ദൈവത്തെയും അയല്‍ക്കാരനെയും കൂട്ടിയിണക്കുന്ന സ്നേഹത്തിന്‍റെ അദ്വൈതം ക്രിസ്തുവിന്‍റെ തനിമയാര്‍ന്ന പ്രബോധനമാണ്, അത് ക്രിസ്തുശിഷ്യന്‍റെ സവിശേഷതയുമാകണം. അനുദിനജീവിതത്തില്‍ ക്രിസ്തുവിന്‍റെ പ്രകാശപൂര്‍ണ്ണമായ ഈ പ്രബോധനം ഉള്‍ക്കൊള്ളാനും അതിന്‍റെ സാക്ഷികളാകാനും പരിശുദ്ധ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

ഇങ്ങനെയാണ് ഞായറാഴ്ചത്തെ സുവിശേഷഭാഗത്തെ ആധാരമാക്കിയുള്ള ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

05 November 2018, 17:20